ഇത് 'അതിമനോഹരം'; മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രതീകാത്മക ചിത്രം
കൊച്ചി : മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. അതിമനോഹരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടിഎസ് ലവ്‌ലജൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. തീർത്ഥാടകരുടെ തിരക്കിനിടയിൽ പോലീസ് യൂണിഫോമിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
വർഷങ്ങൾക്ക് ശേഷം മോഹൻലാൽ താടി പൂർണ്ണമായും വടിച്ച് മീശ പിരിച്ച ലുക്കിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ തരംഗമായിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്.
നേരത്തെ രതീഷ് രവിയുടെ തിരക്കഥയിൽ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യാനിരുന്ന പ്രോജക്റ്റിൽ വന്ന മാറ്റങ്ങളാണ് തരുൺ മൂർത്തിയെ ഈ സിനിമയിലേക്ക് എത്തിച്ചത്. തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും ഛായാഗ്രാഹകൻ ഷാജി കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിങും നിർവഹിക്കുന്നു. ഗോകുൽ ദാസാണ് ആർട്ട് ഡയറക്ടർ.
ദൃശ്യം 3ക്ക് ശേഷം മോഹൻലാൽ അഭിനയിക്കുന്ന മലയാള ചിത്രമായ അതിമനോഹരം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തിയേറ്ററുകളിൽ എത്തും. മമ്മൂട്ടിക്കൊപ്പമുള്ള പാട്രിയറ്റ്, പൃഥ്വിരാജ് ചിത്രം ഖലീഫ എന്നിവയാണ് മോഹൻലാലിന്റേതായി റിലീസിനെത്തുന്ന മറ്റ് ചിത്രങ്ങൾ.










0 comments