അരുന്ധതി റോയിയുടെ തിരക്കഥയിൽ ഷാരൂഖ് ഖാൻ; 37 വർഷത്തിനുശേഷം റിലീസ്

മുംബൈ: അരുന്ധതി റോയിയുടെ തിരക്കഥയിൽ പ്രദീപ് കിഷൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഇൻ വിച്ച് ആനി ഗിവ് ഇറ്റ് തോസ് വൺസ്'('In Which Annie Gives It Those Ones'). ഷാരൂഖ് ഖാനും മനോജ് ബാജ്‌പേയും ചെറിയ റോളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ അരുന്ധതി റോയിയും അഭിനയിക്കുന്നുണ്ട്. 1989ൽ പുറത്തിറങ്ങിയ ചിത്രം 1970കളിലെ ഡൽഹിയിലെ ഒരു ആർക്കിടെക്ചർ കോളേജ് ജീവിതമാണ് പ്രമേയമാക്കിയത്. അന്ന് ടെലിവിഷനിൽ ഒരുതവണ മാത്രം പ്രദർശിപ്പിക്കപ്പെട്ട ചിത്രം പിന്നീട് പൊതുവേദികളിൽ നിന്നും അപ്രത്യക്ഷമായി.
37 വർഷങ്ങൾക്കിപ്പുറമാണ് ചിത്രം ബിഗ്സ്ക്രീനില്‍ റിലീസിനൊരുങ്ങുന്നത്. ശിവേന്ദ്ര സിംഗ് ദുൻഗർപൂരിന്റെ നേതൃത്വത്തിലുള്ള ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് 16 എം എം പ്രിന്റിൽ നിന്ന് ചിത്രം 4K നിലവാരത്തിലേക്ക് മാറ്റിയത്. ഈ വർഷം നടക്കുന്ന 76-ാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് ഔദ്യോഗികമായി പ്രദർശിപ്പിക്കും.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്ര സിംഗ് ദുൻഗർപൂരിനൊപ്പം അരുന്ധതി റോയിയും സംവിധായകൻ പ്രദീപ് കൃഷനും പ്രദർശനത്തിൽ പങ്കെടുക്കാൻ ബെർലിനിലെത്തും. ബെർലിനിലെ പ്രദർശനത്തിന് ശേഷം ഇന്ത്യയിലെ 14 നഗരങ്ങളിലായി 19 തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. 1989ൽ മികച്ച ചിത്രം (ഇംഗ്ലീഷ് വിഭാഗം), മികച്ച തിരക്കഥ എന്നിവയ്ക്കുള്ള ദേശീയപുരസ്‌കാരങ്ങൾ ചിത്രം നേടിയിരുന്നു.










0 comments