ഐഎഫ്എഫ്കെയിൽ എത്തിയത് രഹസ്യദൗത്യം പോലെ; ആളുകൾ എഴുന്നേറ്റ് നിന്ന് കൈയടിച്ച് വരവേറ്റു; ഒറ്റയ്ക്കല്ലെന്ന് ബോധ്യമായത് അന്നാണ്: ഭാവന

കൊച്ചി: അത്രയും കാലം ഞാൻ ഒതുങ്ങി സ്വയം സംരക്ഷിച്ച് കഴിയുകയായിരുന്ന തനിക്ക് ഐഎഫ്എഫ്‌കെ വേദി നൽകിയ കരുത്തും ധൈര്യവുമാണ് പിന്നീട് ഊർജമായതെന്ന് ഭാവന. പുതിയ ചിത്രം അനോമിയുമായി ബന്ധപ്പെട്ട് ഭരത്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
2022 ഐഎഫ്എഫ്‌കെ സമാപന വേദിയിൽ മുഖ്യാതിഥിയായി ഭാവന എത്തിയത് രാജ്യമാകെ ശ്രദ്ധിച്ച വാർത്തയായിരുന്നു. വേദിയിലേക്ക് വിളിച്ചപ്പോള്‍ കാണികള്‍ അക്ഷരാര്‍ത്ഥത്തില്‍ ആര്‍പ്പ് വിളിച്ചത് ഇന്നും മലയാളിക്ക് ഓർമയുണ്ട്.
ഐഎഫ്എഫ്‌കെ വേദിയിൽ എത്തിയത് വലിയ ആത്മവിശ്വാസം നൽകി. ആദ്യം ക്ഷണിച്ചപ്പോൾ പേടിയും ടെൻഷനും കാരണം വേണ്ട എന്നാണ് പറഞ്ഞത്. വേണ്ടപ്പെട്ടവരെല്ലാം ധൈര്യം തന്നതാണ് വേദിയിൽ എത്താനുള്ള കാരണം. ഞാനെത്തുന്നത് രഹസ്യദൗത്യം പോലെയായിരുന്നു.
സ്റ്റേജിന് പിന്നിൽ നിൽക്കുമ്പോൾ അവർ പെട്ടെന്ന് എന്നോട് പറഞ്ഞു, അടുത്ത അഞ്ച് മിനിറ്റിൽ എന്നെ സ്റ്റേജിലേക്ക് വിളിക്കും എന്ന്. ഞാൻ ബോധംകെട്ട് വീഴുമെന്ന് തോന്നി. എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. ബീനാ പോൾ ഒരുകുഴപ്പവുമില്ലെന്ന് പറഞ്ഞു.
എന്റെ പേര് അനൗൺസ് ചെയ്ത നിമിഷം മുന്നിൽ പൂർണ ശൂന്യത. വേദിയിലെത്തിയ ഉടൻ ഞാൻ കൂളായ പോലെ അഭിനയിച്ചു. അത് സ്വാഭാവികമായി സംഭവിച്ചതാണ്. ആളുകൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് എന്നെ വരവേറ്റ നിമിഷമാണ് ഞാൻ ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞത്. സദസ്സിനെ ഞാൻ സ്നേഹത്തോടെ കൈവീശിക്കാണിച്ചു.
അത്രയും കാലം ഞാൻ ഒതുങ്ങി സ്വയം സംരക്ഷിച്ച് കഴിയുകയായിരുന്നു. എന്നാൽ ഐഎഫ്എഫ്‌കെ വേദി എനിക്ക് വലിയ കരുത്തും ധൈര്യവും നൽകി. ആ അനുഭവം എനിക്ക് സമ്മാനിച്ചതിന് ഞാൻ സംഘാടകരോട് കടപ്പെട്ടിരിക്കുന്നു. ഏതാനും വാക്കുകൾ പറഞ്ഞശേഷം ഞാൻ സ്റ്റേജിന് പിന്നിലേക്ക് പോയി പൊട്ടിക്കരഞ്ഞു. എന്റെ ആദ്യ സംവിധായകൻ കമൽ സാർ എന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. മണിക്കൂറുകളോളമാണ് അന്ന് ഞാൻ കരഞ്ഞത്. എനിക്ക് ലഭിച്ച സ്‌നേഹമാണ് കാരണം-ഭാവന പറഞ്ഞു.
ഭാവനയുടെ പുതിയ ചിത്രമായ അനോമി 30നാണ് തീയറ്ററുകളിൽ എത്തുന്നത്. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധനവും നിർവഹിച്ചിരിക്കുന്നത് റിയാസ് മാരാത്ത് ആണ്.
സാറാ ഫിലിപ്പ് എന്ന ഭാവനയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന റീൽ പങ്കുവച്ചാണ് അണിയറപ്രവർത്തകർ മുൻപ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഭാവനയുടെ കരിയറിലെ 23 വർഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ഈ വർഷങ്ങൾക്കിടയിൽ 89 ചിത്രങ്ങളിൽ ഭാവന അഭിനയിച്ചു. ഭാവനയുടെ തൊണ്ണൂറാമത്തെ ചിത്രമാണ് ‘അനോമി.
മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, പാർവതി, അമൽ നീരദ്, തെന്നിന്ത്യൻ താരങ്ങളായ സൂര്യ, ജ്യോതിക തുടങ്ങി നിരവധി പേർ ഭാവനയുടെ റീൽ പങ്കുവച്ചു. ‘പുതിയ ഇന്നിങ്സിന് ആശംസകൾ’ എന്നാണ് ഭാവനയ്ക്ക് നന്മകൾ നേർന്ന് സൂര്യ കുറിച്ചത്.
ബിനു പപ്പു, വിഷ്ണു അഗസ്ത്യ, ഷെബിൻ ബെൻസൺ, അർജുൻ ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.










0 comments