ad
Deshabhimani

സിനിമ ആസ്വാദകർ മറക്കില്ല, അമ്രം ദ്വീപിലെ 12 വയസുകാരന്റെ സൈക്കിൾ യാത്രകളെ

Amrum
avatar
Anjali Ganga

Published on Dec 16, 2025, 11:34 PM | 2 min read

തിരുവനന്തപുരം: ഫത്തീ ഉഹ്‌കിൻ സംവിധാനം ചെയ്ത ഹാർക്ക്‌ ബൂം ചിത്രം. അമ്രം സിനിമ തുടങ്ങുമ്പോൾ അങ്ങനെ ഒരു ക്രെഡിറ്റ്‌ അവതരണം വളരെ അപൂർവമാണെന്ന്‌ തോന്നുമെങ്കിലും സിനിമയ്ക്കവസാനം അതിനുള്ള ഉത്തരം നമുക്ക്‌ ലഭിക്കും. സിനിമയുടെ തിരക്കഥ ഒരുക്കിയ ഹാർക്ക്‌ ബൂമിന്റെ കുട്ടിക്കാലമാണ്‌ ഇ‍ൗ സിനിമ എന്ന്‌ തിരിച്ചറിയുമ്പോൾ നെഞ്ചിലൊരു ഭാരം തോന്നും. ഒരു 12 വയസുകാരൻ തോളിൽ ചുമക്കേണ്ട ഭാരത്തിന്റെ എത്രയോ ഇരട്ടി അവനന്ന്‌ ചുമന്നുവെന്ന്‌ നമ്മൾ സ്വയം പറഞ്ഞുപോകും.

ഐഎഫ്‌എഫ്‌കെയുടെ അഞ്ചാം ദിവസമായ ചൊവ്വാഴ്ച, കലാഭവനിലെ 8.30ന്റെ അമ്രം ഷോ ഹ‍ൗസ്‌ഫുള്ളായിരുന്നു. കലാഭവന്റെ കോണിപ്പടികൾ ഇറങ്ങി വരുമ്പോഴുള്ള ജനക്കൂട്ടത്തെ കണ്ടിരുന്നുവെങ്കിൽ ലോകത്തെ ഏത്‌ ഏകാധിപതിയും ഒന്ന്‌ അമാന്തിച്ചേനെ. കാലാതീതമായി ഏകാധിപത്യ ആശയങ്ങൾക്കെതിരെ ഒത്തൊരുമിച്ച ഒരു വലിയ ജനക്കൂട്ടമായിരുന്നതെന്ന്‌ നിസംശയം പറയാം. സിനിമയുടെ അവസാനം ലഭിച്ച കൈയ്യടികൾ അതിനെ സാധൂകരിക്കുന്നതുമായിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനി പരാജയത്തോടടുക്കുമ്പോൾ അമ്രം എന്ന കൊച്ചു ദ്വീപിൽ താമസിക്കുന്ന നാനിങ്‌ എന്ന 12 വയസുകാരന്റെ ജീവിതമാണ്‌ ഇ‍ൗ കമിങ് ഓഫ് ഏജ് ഡ്രാമ. ഹിറ്റ്‌ലർ യൂത്തിലെ അംഗമായ നാനിങ്ങിനോട്‌ അടുക്കാൻ ആദ്യം പ്രയാസം തോന്നുമെന്നത്‌ യാഥാർഥ്യമാണ്. എന്നാൽ അടിച്ചേൽപ്പിക്കുന്ന ചിന്തയുടെ ഭാരത്തിന്റെ വ്യാപ്‌തി അറിയാതെ അവൻ പരുങ്ങി നിൽക്കുന്നത്‌ കാണുമ്പോൾ ഒരു സ്‌ക്രീനിനപ്പുറ്റം നാനിങ്ങിനെ പ്രേക്ഷകർ മനസുകൊണ്ട്‌ ആലിംഗനം ചെയ്യും. അടിച്ചേൽപ്പിച്ച അസ്തിത്വവും അനുഭവങ്ങളിലൂടെ ആർജിച്ചെടുത്ത അസ്തിത്വവും തമ്മിലുള്ള കലഹം കൂടിയാണീ സിനിമ.

അച്ഛൻ നാസിപ്പടയ്ക്ക്‌ വേണ്ടി യുദ്ധം ചെയ്യാൻ പോകുമ്പോൾ വീട്ടിലെ ഗൃഹനാഥനായി നാനിങ്ങ് മാറുന്നു. അമ്മ ഹില്ലേ ഹേഗ്‌നറും മൂന്ന്‌ സഹോദരങ്ങളും(നവജാത ശിശുവടക്കം) അമ്മാവി ഇനയും അടങ്ങുന്ന കുടുംബത്തിന്റെ വിശപ്പകറ്റാൻ അവൻ തന്നെ നേരിട്ടിറങ്ങുന്നു. അമ്മയുടെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കാനായി അവൻ നടത്തുന്ന കഠിനയാത്രകളാണ്‌ സിനിമയുടെ പ്രമേയവും. ഇതിനൊപ്പം ജർമനിയിലേക്കുള്ള അഭയാർഥി പ്രവാഹവും യുദ്ധ കാലത്തെ ഭക്ഷ്യ ക്ഷാമവുമെല്ലാം സിനിമ സംവേദിക്കുന്നുണ്ട്‌. നാനിങായി അഭിനയിച്ച ജാസ്പർ ബില്ലർബെക്കിന്റെ അഭിനയം മികവുറ്റതാണ്.

കടലും കരയും ദ്വീപും സമന്വയിക്കുന്ന അമ്രം ദ്വീപിന്റെ ദൃശൃവിരുന്നു കൂടിയാണീ ചിത്രം. ഇക്കുറി ഐഎഫ്‌എഫ്‌കെയിൽ കണ്ടിരിക്കേണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണ് അമ്രം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home