എത്തുന്നത് 4K അൾട്ര ഇംപാക്റ്റ് ദൃശ്യമികവിൽ! അല്ലു അർജുന്റെ ചിത്രം 'ഹാപ്പി' വീണ്ടും തിയേറ്ററുകളിലേക്ക്

ഹാപ്പി
കൊച്ചി: കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷാ താരങ്ങളിൽ ഒരാളായ അല്ലു അർജുന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'ഹാപ്പിഹാപ്പി' വീണ്ടും തിയേറ്ററുകളിലെത്തുന്നു. റിലീസ് ചെയ്ത് 20 വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ജൂൺ 12-ന് ബിഗ് സ്‌ക്രീനിൽ റീ-റിലീസ് ചെയ്യുന്നത്. എ. കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം അക്കാലത്ത് കേരളത്തിൽ 150 ദിവസത്തിലധികം വിജയകരമായി പ്രദർശിപ്പിച്ച് വലിയ ജനപ്രീതി നേടിയിരുന്നു.
ഗീത ആർട്‌സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ഈ ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഇപ്പോൾ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രഥക് ആർട്‌സിന്റെ ബാനറിൽ ഖാദർ ഹസനാണ് ചിത്രം തിയേറ്ററുകളിൽ റീ-റിലീസിന് എത്തിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K അൾട്ര ഇംപാക്റ്റ് ഫോർമാറ്റിലാണ് ചിത്രം പുതുതായി ഒരുക്കിയിരിക്കുന്നത്.
അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയി എന്നിവരും പ്രധാന വേഷങ്ങളിൽ തിളങ്ങിയ ഈ ചിത്രത്തിലെ പാട്ടുകളെല്ലാം അക്കാലത്ത് വലിയ തരംഗമായിരുന്നു. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചത്. സിനിമയുടെ റീ-റിലീസുമായി ബന്ധപ്പെട്ട വാർത്താപ്രചരണം പി. ശിവപ്രസാദാണ് നിർവ്വഹിക്കുന്നത്.











0 comments