സംഘർഷത്തെ തുടർന്ന് ദുബായിൽ കുടുങ്ങിയ തമിഴ് താരം അജിത് ചെന്നൈയിൽ തിരിച്ചെത്തി

ചെന്നൈ: ഗൾഫ് മേഖലയിലെ സംഘർഷത്തെത്തുടർന്ന് ദുബായിൽ കുടുങ്ങിപ്പോയ തമിഴ് താരം തല അജിത് കുമാർ സുരക്ഷിതനായി ചെന്നൈയിൽ മടങ്ങിയെത്തി. ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടതാണ് താരത്തിന്റെ മടക്കയാത്ര വൈകാൻ കാരണമായത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
തന്റെ പുതിയ റേസിംഗ് ടീമുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾക്കായാണ് അജിത് ദുബായിലെത്തിയത്. എന്നാൽ ഇറാൻ, ഇറാഖ്, ദുബായ് മേഖലകളിൽ വ്യോമപാതകൾ താൽക്കാലികമായി അടച്ചതോടെ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. ഇതോടെ ചെന്നൈയിലേക്കുള്ള യാത്ര മുടങ്ങിയ താരം ദുബായിൽ തന്നെ തുടരുകയായിരുന്നു.
താരം സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ മാനേജർ നേരത്തെ അറിയിച്ചിരുന്നു. അജിത്തിനൊപ്പം സോണൽ ചൗഹാൻ, ഇഷ ഗുപ്ത, വിഷ്ണു മഞ്ചു, ലാറ ദത്ത തുടങ്ങിയ താരങ്ങളും ദുബായിൽ കുടുങ്ങിയിരുന്നു. വ്യോമഗതാഗതം പുനഃസ്ഥാപിച്ച ഉടൻ തന്നെ താരം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
അഭിനയത്തിനൊപ്പം തന്നെ മോട്ടോർ സ്‌പോർട്‌സിലും സജീവമാണ് അജിത്. അടുത്തിടെ സ്വന്തമായി ഒരു റേസിംഗ് ടീം പ്രഖ്യാപിച്ച അദ്ദേഹം, ലോകോത്തര റേസിംഗ് സർക്യൂട്ടുകൾ ലഭ്യമായതിനാലാണ് ദുബായിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്.










0 comments