ആശിർവാദ് സിനിമാസിന് 26 വയസ്; വൈറൽ ലുക്കിൽ മധുരം പങ്കുവച്ച് മോഹൻലാലും സ്വന്തം ആന്റണിയും

കൊച്ചി: മലയാളിയുടെ സിനിമ കാഴ്ചകളിൽ ആശിർവാദ് സിനിമാസിന് എന്നും അതിന്റെതായ പങ്കുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് 26 വർഷം പൂർത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
2000ൽ ആരംഭിച്ച ആശിർവാദ് സിനിമാസ് മോഹൻലാലിനെ നായകനാക്കി 33 ചിത്രങ്ങളാണ് ഇതുവരെ നിർമിച്ചത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ആശിർവാദ് ചിത്രം.
മോഹൻലാൽ കേക്ക് പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ആന്റണി പെരുമ്പാവൂർ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആന്റണി കേക്കിന്റെ മധുരത്തിനൊപ്പം സ്‌നേഹചുംബനവും മോഹൻലാലിന് നൽകുന്നതും കാണാം.
'26 വർഷങ്ങൾ. അത് വെറുമൊരു സംഖ്യയല്ല. ഞങ്ങളോടൊപ്പം പ്രവർത്തിച്ച, പിന്തുണച്ച, പങ്കാളികളായ, ഞങ്ങൾക്കൊപ്പം സിനിമകൾ കണ്ട എല്ലാവർക്കും നന്ദി.' -ഇതാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആന്റണി പെരുമ്പാവൂർ കുറിച്ചത്.
മോഹൻലാലിന്റെ ന്യൂലുക്ക് മുൻപ് പുറത്തുവന്നെങ്കിലും ഇതാദ്യമായാണ് ഒരു വീഡിയോ രൂപത്തിൽ പ്രേക്ഷകരിലെത്തുന്നത്. തുടരും എന്ന വിജയചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്ന് തൽക്കാലം വിളിക്കുന്ന ചിത്രത്തിലാണ് സൂപ്പർ താരം പുതിയ ഗെറ്റപ്പിൽ എത്തുന്നത്. താടി ഷേവ് ചെയ്ത്, മീശ പിരിച്ചുള്ള കിടിലൻ ലുക്കിലാണ് വീഡിയോയിൽ മോഹൻലാലിനെ കാണുന്നത്. ഭാര്യ സുചിത്രയും ഒപ്പമുണ്ട്. കേക്ക് മുറിച്ച മോഹൻലാൽ അത് ആന്റണിക്കും സുചിത്രയ്ക്കും നൽകി.










0 comments