Deshabhimani

print edition മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയന്നോടുമ്പോൾ

v d satheesan
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 2 min read

ചിരിക്കുന്ന, ഏതു ചോദ്യത്തിനും മറുപടിയും ഏതു പ്രശ്‌നത്തിനും പരിഹാരമാർഗവും കൈമുതലായ നേതാവ്‌. പത്തുവർഷത്തെ എൽഡിഎഫ്‌ ഭരണത്തിനുശേഷം കേരളത്തെ ശരിയാക്കിയെടുക്കാൻ ജന്മംകൊണ്ട രക്ഷകൻ. പുതിയ വികസനകാഴ്‌ചപ്പാടും പ്രായോഗികബുദ്ധിയുമുള്ള നേതാവ്‌– അങ്ങനെ എന്തൊക്കെയായിരുന്നു തെരഞ്ഞെടുപ്പിനുമുന്പ്‌ വലതുപക്ഷമാധ്യമങ്ങളും നിഷ്‌പക്ഷ നിരീക്ഷകരെന്ന മുഖംമൂടി അണിഞ്ഞവരും വി ഡി സതീശന്‌ ചാർത്തിക്കൊടുത്ത പട്ടങ്ങൾ.


എന്നാലിന്ന്‌ വി ഡി സതീശൻ എന്ന മുഖ്യമന്ത്രിയുടെ തനിസ്വരൂപം കണ്ട്‌ വാഴ്‌ത്തുപാട്ടുകാർപോലും ലജ്ജിച്ച്‌ തലതാഴ്‌ത്തുന്നു. അധികാരം കിട്ടിയപ്പോൾ സതീശൻ യഥാർഥ സ്വഭാവം വെളിയിൽ എടുത്തുവെന്നാണ്‌ അവരുടെ പരാതി. എന്നാൽ, ജനങ്ങളുടെ പ്രശ്‌നം അതുമാത്രമല്ല; എൽഡിഎഫ്‌ സർക്കാർ രൂപപ്പെടുത്തിയ വികസിതമായ നവകേരളത്തെ യുഡിഎഫ്‌ സർക്കാർ തകർക്കുകയാണ്‌. വികസന, ക്ഷേമ പ്രവർത്തനങ്ങൾ നിലച്ചു. മതനിരപേക്ഷ കേരളത്തെ കാവിവൽക്കരിക്കാൻ എല്ലാ ശ്രമവും നടത്തുന്നു. ഇതിനെതിരെ സംസ്ഥാനത്ത്‌ അതിശക്തമായ പ്രതിഷേധം ഉയരുകയാണ്‌. ഇ‍ൗ പ്രതിഷേധത്തെ നേരിടാനാകട്ടെ ജനങ്ങളിൽനിന്ന്‌ സത്യം മറച്ചുവയ്ക്കുകയെന്ന ഫാസിസ്റ്റ്‌ രീതിയാണ്‌ മുഖ്യമന്ത്രി സ്വീകരിക്കുന്നത്‌.


അതിനുള്ള മാർഗമായി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുന്നു. ചോദ്യങ്ങളെ ഭയന്ന്‌ ഒളിച്ചോടുന്നു. മാധ്യമപ്രവർത്തകരെ അവരുടെ സ്ഥാപനത്തിന്റെ പേരു പറഞ്ഞ്‌ ഒറ്റപ്പെടുത്തി ആക്രമിക്കാൻ മുതിരുന്നു. ഇതൊന്നും വിജയിക്കുന്നില്ലെന്ന്‌ കണ്ടതോടെ പൊലീസിനെ ഉപയോഗിച്ച്‌ മാധ്യമപ്രവർത്തകരെ ബന്തവസ്സിലാക്കുന്നു.


​രാജ്യത്ത്‌ നരേന്ദ്ര മോദിയും അമിത്‌ ഷായും നടപ്പാക്കുന്ന മാധ്യമവേട്ട തുടരുകയാണ്‌. സർക്കാരിന്‌ വഴങ്ങാത്ത മാധ്യമങ്ങളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ പീഡിപ്പിക്കുന്നു. ബിബിസി ഇന്ത്യ, ന്യൂസ്‌ ക്ലിക്ക്‌, ദ കാരവാൻ, ദ വയർ തുടങ്ങി മാധ്യമങ്ങൾ നേരിടേണ്ടിവന്ന ഭരണകൂട അതിക്രമങ്ങൾ സമകാലചരിത്രം. ഇതിനുസമാനമാണ്‌ വി ഡി സതീശൻ കേരളത്തിൽ നടപ്പാക്കുന്ന നയം. ന്യൂസ്‌ ഡെസ്‌കിൽവരെ പൊലീസ്‌ കയറി മാധ്യമപ്രവർത്തനം തടസ്സപ്പെടുത്തുന്നു. അടിയന്തരാവസ്ഥയിൽ ഇന്ദിരാഗാന്ധി സ്വീകരിച്ച അതേസമീപനം. വി ഡി സതീശന്റെ തനിനിറം വെളിച്ചത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്‌ കേട്ടുകേൾവിയില്ലാത്തതരത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ സർക്കാർ വേട്ടയാടുകയാണ്‌.


‘എന്തുണ്ടെങ്കിലും ആദ്യം നിങ്ങളോടാകും പറയുക, ഏത്‌ വിമർശനവും ഉന്നയിക്കാം‍, ഞാനല്ലാതെ വേറെ ആരെങ്കിലും ഇങ്ങനെ ഇരുന്നുതരുമോ...’ ഇങ്ങനെയൊക്കെയായിരുന്നു വി ഡി സതീശന്റെ ആദ്യ മേനിപറച്ചിൽ. എന്നാൽ, അടുത്ത വാർത്താസമ്മേളനങ്ങളിൽ ആളങ്ങ്‌ മാറി. മുഖഭാവങ്ങൾ മാറി. ആക്രോശം, ഭീഷണി, പരിഹാസം. ഒടുവിൽ ഇറങ്ങിപ്പോക്ക്‌. മാധ്യമപ്രവർത്തകയുടെ മുഖത്ത്‌ നോക്കി നിങ്ങളൊന്ന്‌ ഒതുങ്ങൂ എന്നായി.


മിണ്ടരുത്‌, നാണമില്ലേ തുടങ്ങിയ പരിധിവിട്ട വാക്കുകളും പുറത്തുവന്നു.

​ജനകീയപ്രക്ഷോഭങ്ങളുടെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെ, മാധ്യമപരിലാളനയിൽ വളർന്നുവന്ന അദ്ദേഹം ഇപ്പോൾ മാധ്യമങ്ങളെ ശത്രുക്കളെപ്പോലെ വേട്ടയാടുന്നു. അസഹിഷ്‌ണുതയും അങ്കലാപ്പും ഭീതിയുമാണ്‌ മാധ്യമങ്ങൾക്കെതിരെ പൊലീസിനെ കയറൂരിവിടാൻ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നത്‌.


ആദ്യം ദേശാഭിമാനിക്കും കൈരളിക്കും നേരെയായിരുന്നു തിരിഞ്ഞത്‌. കഴിഞ്ഞദിവസം കണ്ട കാഴ്‌ച വ്യത്യസ്‌തമാണ്‌. എല്ലാ മാധ്യമപ്രവർത്തകർക്കുനേരെയും അദ്ദേഹം ആക്രോശിച്ചു. മലപ്പുറം വിമാനയാത്രയുടെ സ്‌പോൺസർ ആരെന്ന ചോദ്യവും മന്ത്രി കെ എം ഷാജിയുടെ റേഞ്ച്‌ റോവർ യാത്രസംബന്ധിച്ച ചോദ്യങ്ങളും അദ്ദേഹത്തെ പ്രകോപിതനാക്കി. ഇ‍ൗ ചോദ്യം വീണ്ടും ഉന്നയിക്കുമെന്ന ഭയത്താൽ മുഖ്യമന്ത്രിയുടെ വിവിധ പരിപാടികളിൽനിന്ന്‌ മാധ്യമപ്രവർത്തകരെ ഒഴിവാക്കി.


ഇടുക്കിയിൽവച്ച്‌ മാധ്യമപ്രവർത്തകരോട്‌ മാറിനിൽക്കാൻ പറഞ്ഞു. തൃശൂരിലും കൊച്ചിയിലും പൊലീസിനെ ഉപയോഗിച്ച്‌ മാധ്യമപ്രവർത്തകർക്ക്‌ വിലക്കേർപ്പെടുത്തി. അതിനുപിന്നാലെയാണ്‌ മാധ്യമങ്ങൾക്ക്‌ കടുത്ത പൊലീസ്‌ നിയന്ത്രണം ഏർപ്പെടുത്തിയത്‌. ഇതിനായി സെഡ്‌ കാറ്റഗറി സുരക്ഷയുടെ മറവിൽ ഇന്റലിജൻസ്‌ എഡിജിപിയെക്കൊണ്ട്‌ ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ സർക്കുലർ അയപ്പിച്ചു.


​എന്തുകൊണ്ടാണ്‌ വി ഡി സതീശൻ ഇപ്പോൾ മാധ്യമങ്ങളെ ഇത്ര ഭയപ്പെടുന്നത്‌? എന്താണ്‌ അദ്ദേഹത്തിന്‌ ജനങ്ങളിൽനിന്ന്‌ ഒളിക്കാനുള്ളത്‌? ചോദ്യങ്ങൾ നിരവധിയാണ്‌. അടിമുടി ദുരൂഹമാണ്‌ അദ്ദേഹത്തിന്റെ ഓരോ നീക്കവും. മുഖ്യമന്ത്രിയാകുംമുന്പ്‌ ചാർട്ടേഡ്‌ വിമാനത്തിൽ മംഗളൂരു യാത്ര നടത്തിയ അദ്ദേഹം, വിമാനം സ്‌പോൺസർ ചെയ്‌തത്‌ ആരെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. മലപ്പുറം യാത്രയ്ക്ക്‌ 20 ലക്ഷത്തിനടുത്ത്‌ രൂപ ചെലവഴിച്ച്‌ വിമാനം വാടകയ്ക്കെടുത്തുനൽകിയ ആ മഹാനുഭാവനാരെന്നും വെളിപ്പെടുത്തിയിട്ടില്ല. മന്ത്രിമാരുടെ വിദേശയാത്രകളും സ്‌പോൺസേഡാണ്‌. ഇതുസംബന്ധിച്ച ചോദ്യങ്ങളെ ഭയന്നാണ്‌ മാധ്യമങ്ങളെ തടയുന്നതെങ്കിൽ അത്‌ കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്ന്‌ വരുംദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് ബോധ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home