print edition ജനങ്ങളെ കൈയൊഴിയുന്ന സ്‌പോൺസേർഡ് സർക്കാർ

നാലുമാസംകൊണ്ട് യുഡിഎഫിന്റേത് സ്‌പോൺസേർഡ് സർക്കാരാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും അതിസമ്പന്നരുടെയും കോർപറേറ്റുകളുടെയും കളങ്കിതരുടെയും സ്‌പോൺസർഷിപ്പിൽ മത്സരിച്ച് ലോകം ചുറ്റുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഒരു ഭാഗത്ത്; കോർപറേറ്റുകളുടെയും വർഗീയശക്തികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള വ്യഗ്രത മറുവശത്ത്.
ജനക്ഷേമവും വികസനവും അതിവേഗം അട്ടിമറിക്കപ്പെട്ടു. സർവ മേഖലയിലും ആർഎസ്‌എസ് അജൻഡയായ കാവിവൽക്കരണത്തിന് പച്ചക്കൊടി. യുഡിഎഫിനെ പിന്തുണയ്‌ക്കുന്നവരിൽ വലിയ വിഭാഗവും ഇതെല്ലാം കണ്ട് അന്ധംവിട്ടിരിപ്പാണ്. വിലക്കയറ്റത്തിലും പവർകട്ടിലും ജനങ്ങൾ ദുരിതത്തിലാകുന്പോൾ മന്ത്രിമാർ മത്സരിച്ച് ആഡംബരയാത്ര നടത്തുന്നത് എന്തിനെന്ന ചോദ്യമുയരുന്നു.
മുഖ്യമന്ത്രിയുടെ ഓരോ യാത്രയും ദുരൂഹമാണ്. ഞായറാഴ്‌ച അദ്ദേഹം സ്വകാര്യ വ്യക്തി സ്‌പോൺസർ ചെയ്‌ത ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തേക്കു നടത്തിയ യാത്രയാണ് ഒടുവിൽ വിവാദമായത്. കാലവർഷക്കെടുതി ദുരന്തബാധിതരെ സന്ദർശിക്കാനായിരുന്നു യാത്ര. ഇത്തരമൊരു യാത്ര സർക്കാർ സംവിധാനത്തിൽ നടത്താമെന്നിരിക്കെ സ്‌പോൺസേർഡ് വിമാനത്തിൽ എന്തിന് അദ്ദേഹം യാത്ര ചെയ്‌തെന്ന ചോദ്യം ഗൗരവമുള്ളതാണ്.
സ്‌പോൺസർ ആരാണെന്ന് മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയെന്ന നിലയിൽ കൈക്കൊള്ളുന്ന എല്ലാ തീരുമാനവും നിയമപരവും സുതാര്യവുമായിരിക്കണം എന്ന വ്യവസ്ഥയാണ് ഇവിടെ പൂർണമായും ലംഘിക്കപ്പെട്ടത്.
മുഖ്യമന്ത്രിയാകുന്നതിനു തൊട്ടുമുന്പ് സതീശൻ നടത്തിയ മംഗളൂരു യാത്രയും ചാർട്ടേഡ് വിമാനത്തിലായിരുന്നു. ആ സ്‌പോൺസർ ആരെന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കുടകിൽ കോൺഗ്രസ് നേതാവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഹെലികോപ്‌റ്ററിൽ യാത്രചെയ്‌തത് വിവാദമായപ്പോൾ അതും സ്‌പോൺസേർഡ് യാത്ര എന്നായിരുന്നു ന്യായീകരണം.
ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ വാടക ഹെലികോപ്‌റ്ററിൽ മുഖ്യമന്ത്രി നടത്തിയ യാത്ര വിവാദമായപ്പോൾ നിക്ഷേപകരുമായി ചർച്ചയ്‌ക്കായി പോയതെന്നാണ് പറഞ്ഞത്. എന്നാൽ ഏത് നിക്ഷേപകരുമായാണ് ചർച്ച നടത്തിയതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നൽകിയിട്ടില്ല. ചുരുക്കത്തിൽ അദ്ദേഹത്തിന്റെ എല്ലാ യാത്രകളും അടിമുടി ദുരൂഹമാണ്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കുടുംബസമേതം അമേരിക്കയിലേക്ക് പോയത് ഇൗ അടുത്താണ്. യാത്ര മാധ്യമങ്ങളിൽ ചർച്ചയായതോടെ സ്‌പോൺസർഷിപ്പിലാണ് യാത്ര എന്നായി മന്ത്രിയുടെ വിശദീകരണം. വ്യവസായി ഫെലിക്‌സ് സൈമണിന്റെ പേരും അദ്ദേഹം പറഞ്ഞു. ഇദ്ദേഹം അറിയപ്പെടുന്ന ഹോട്ടൽ വ്യവസായിയാണ്. തദ്ദേശഭരണമന്ത്രി കെ എം ഷാജി ബൾഗേറിയയിൽ ഉല്ലാസത്തിലാണ്. പ്രവർത്തന ഫണ്ടില്ലാതെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം സ്‌തംഭനത്തിലാണ്.
നാട് തെരുവുനായ ഭീഷണിയിലാണ്. കിടപ്പുരോഗികൾക്ക് വീട്ടിൽ പരിചരണം നൽകുന്ന സാന്ത്വന ചികിത്സാ പദ്ധതിയും നിലച്ച മട്ടാണ്. ഇൗ സമയത്താണ് മന്ത്രിയുടെ സുഖയാത്ര. കോടികളുടെ റേഞ്ച് റോവറിൽ സർക്കാർ ബോർഡുംവച്ച് ഇതേ മന്ത്രി നടത്തിയ യാത്രകൾ സൃഷ്ടിച്ച വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. സുഹൃത്ത് സ്‌നേഹപൂർവം നൽകിയ കാറാണെന്നും ഇനിയും ഇത്തരം യാത്രകൾ നടത്തുമെന്നുമൊക്കെയാണ് മന്ത്രിയുടെ വീരവാദം.
മറ്റൊരു മന്ത്രി ഒ ജെ ജനീഷ് കുടുംബസമേതം ഒമാൻയാത്ര നടത്തിയതിന്റെ ചെലവും സ്വകാര്യ വ്യക്തിയാണ് വഹിച്ചതെന്നാണ് പറയുന്നത്. അബുദാബിയിൽ സ്വകാര്യ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ സ്വകാര്യ യാത്രയിലാണ്. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാനും വിദേശത്തേക്ക് വച്ചുപിടിച്ചു. ഇൗ യാത്ര ആരുടെ ചെലവിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.
മുതലാളിമാരിൽനിന്ന് സൗജന്യം സ്വീകരിച്ച് വിദേശയാത്ര നടത്തുന്ന മന്ത്രിമാർ ഇതുസംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്. സർക്കാരിനെത്തന്നെ സ്വകാര്യവൽക്കരിക്കുകയാണോ ഇവർ. യുഡിഎഫ് സർക്കാരിന്റെ നയപരിപാടികളുടെ ഗുണഭോക്താക്കളാണോ ഇൗ സ്‌പോൺസർമാരെന്ന സംശയവും ഉയരുന്നുണ്ട്. വി ഡി സതീശൻ അവതരിപ്പിച്ച പുതുക്കിയ ബജറ്റിൽ വൻ സ്വകാര്യനിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് തീരുവ വെട്ടിക്കുറച്ചു.
കരിമണൽ ഖനനത്തിന് പ്രത്യേക ഇടനാഴിയും പ്രഖ്യാപിച്ചു. ഇതിന്റെ ഗുണഭോക്താക്കൾ നേരിട്ടോ കർട്ടനുപിറകിൽ മറഞ്ഞുനിന്നോ സ്‌പോൺസർമാരായോ എന്നതും ഇന്നല്ലെങ്കിൽ നാളെ പുറത്തുവരും. മുഖ്യമന്ത്രി ഞായറാഴ്‌ച യാത്രചെയ്‌ത വിമാനം കർണാടകത്തിലെ മദ്യരാജാവാണ് സ്‌പോൺസർ ചെയ്‌തതെന്ന ആരോപണം ശക്തമാണ്.
കർണാടകത്തിലെ വീര്യം കുറഞ്ഞ മദ്യനിർമാതാക്കളിൽ പ്രധാനിയാണ് ഇയാൾ. കെ എം ഷാജിക്ക് റേഞ്ച് റോവർ വിട്ടുനൽകിയ വ്യാപാരിക്കായി വിദ്യാഭ്യാസ വകുപ്പ് വഴിവിട്ട് സഹായം നൽകിയതിന്റെ വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ എല്ലാ മൂല്യങ്ങളും മര്യാദകളും സുതാര്യതയും കൈയൊഴിഞ്ഞ് സന്പന്നവർഗത്തിനു മുന്പിൽ മുട്ടിലിഴയുകയാണ്.










0 comments