Deshabhimani

print edition യുഡിഎഫ് സർക്കാർ ബിജെപി വക്താക്കൾ

BJP-CONGRESS

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 06, 2026, 01:30 AM | 2 min read

മതനിരപേക്ഷ ജീവിതവും ജനകീയ ബദൽനയങ്ങളുമാണ് കേരളത്തെ ലോകം ശ്രദ്ധിക്കുന്ന സംസ്ഥാനമാക്കി മാറ്റിയത്. ഈ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള നടപടികളാണ് യുഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. കേന്ദ്രസർക്കാർ മുന്നോട്ടുവയ്‌ക്കുന്ന ജനവിരുദ്ധ സാമ്പത്തികനയങ്ങളും വർഗീയ രാഷ്ട്രീയ സമീപനങ്ങളും അതേപോലെ നടപ്പാക്കുകയാണ് യുഡിഎഫ് സർക്കാർ. ബിജെപി സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന കോർപറേറ്റ് -ഹിന്ദുത്വ അമിതാധികാര സമീപനംതന്നെയാണ് യുഡിഎഫ് സംസ്ഥാനത്ത് പിന്തുടരുന്നത്‌.


നയപ്രഖ്യാപന പ്രസംഗംതൊട്ട് ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാണ്‌.

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തെ വിമർശിക്കുന്ന ഒരു വാക്കുപോലും ഉണ്ടായില്ല. ബജറ്റ് പ്രസംഗത്തിന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. എല്ലാ മേഖലയും സ്വകാര്യവൽക്കരിക്കുക എന്ന ആഗോളവൽക്കരണ അജൻഡയാണ് സംസ്ഥാനത്ത്‌ നടപ്പാക്കാൻ ശ്രമിക്കുന്നത്. കടലും തീരവും ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതിക്കൊടുത്ത് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കുന്ന സമീപനവും ഇതിന്റെ ഭാഗമാണ്‌.


കേന്ദ്രസർക്കാരിന്റെ പ്രധാന അജൻഡയാണ് വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണം. മതനിരപേക്ഷ ചിന്തകളെത്തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഗവർണറെ ഉപയോഗപ്പെടുത്തി വൈസ് ചാൻസലർമാരായി തങ്ങൾക്ക് താൽപ്പര്യമുള്ളവരെ നിയമിക്കുന്ന രീതി കൊണ്ടുവന്നു. ഇതിനെ എതിർക്കാൻ യുഡിഎഫ്‌ സർക്കാർ തയ്യാറായില്ല. സെനറ്റുകളിലും സിൻഡിക്കറ്റുകളിലും അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിലും ഇതേ സമീപനം എടുത്തപ്പോൾ യുഡിഎഫ്‌ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പിഎം ശ്രീ പദ്ധതിയെ പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്തവർ ഇപ്പോൾ അതിന്റെ വക്താക്കളായി മാറി. ലൈഫ് പദ്ധതിയിലെ വീടുകളിലും ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കുന്ന പദ്ധതിയെയും എതിർത്തില്ല.


​കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്ന ക്ഷേമപദ്ധതികളെയെല്ലാം തകർക്കുന്ന നയമാണ് യുഡിഎഫിന്റേത്‌. ക്ഷേമപെൻഷനുകൾ തകിടം മറിച്ചു. ലക്ഷക്കണക്കിനുപേരെ അതിൽനിന്ന് ഒഴിവാക്കുന്നതിനുള്ള നീക്കങ്ങൾ സജീവമായി. സ്‌ത്രീസുരക്ഷാ പെൻഷനുകൾ അട്ടിമറിക്കപ്പെട്ടു. പത്ത് വർഷമായി പവർ കട്ടില്ലാതിരുന്ന കേരളത്തെ ഇരുട്ടിലേക്ക് നയിക്കുകയാണ്‌. വൈദ്യുത പ്രതിസന്ധിയുണ്ടാക്കി സ്വകാര്യ വൈദ്യുത കമ്പനികൾക്ക് കേരളത്തിന്റെ വൈദ്യുതമേഖല തീറെഴുതുന്ന നയത്തിലേക്കും ഇവർ എത്തി.


കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ പ്രതിയോഗികളെ തകർക്കുക എന്നതാണ് മോദിസർക്കാരിന്റെ നയം. അത്തരം നയത്തിനെതിരായി രാജ്യവ്യാപകമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സമരമുഖത്താണ്. എന്നാൽ കേരളത്തിൽ കേന്ദ്ര ഏജൻസികൾക്ക് കടന്നുവരാനുള്ള അവസരങ്ങളൊരുക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. എഫ്ഐആർ എടുക്കണമെന്ന് ഇഡി നിർദേശിച്ചപ്പോൾ അതുതള്ളിക്കളയാൻ അവർ തയ്യാറായില്ല.


നേരത്തേ പ്രതിപക്ഷ കക്ഷികൾ ഭരിച്ചിരുന്ന തമിഴ്നാട്ടിലും പഞ്ചാബിലുമെല്ലാം കേന്ദ്ര ഏജൻസികൾ ഇത്തരത്തിൽ ഇടപെട്ടപ്പോൾ അവ തള്ളിക്കളയുന്ന നിലപാടാണ് സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചത്. കേന്ദ്ര ഏജൻസിയുടെ നിർദേശങ്ങളെ അതേപോലെ സ്വീകരിക്കുകയാണ്‌ യുഡിഎഫ് സർക്കാർ.


തങ്ങൾക്കെതിരായി നിലപാട് സ്വീകരിക്കുന്ന മാധ്യമങ്ങളെ തകർക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ നയം. ഹിന്ദുത്വ ശക്തികളാകട്ടെ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്താനും തയ്യാറായി.


ബിബിസിക്കെതിരെയും തെഹൽക്കയ്‌ക്കെതിരെയും കേന്ദ്രസർക്കാർ സ്വീകരിച്ച അതേസമീപനമാണ് സംസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ യുഡിഎഫ് സർക്കാർ പിന്തുടരുന്നത്‌. റിപ്പോർട്ടർ ചാനലിന്റെ ന്യൂസ്‌ ഡെസ്‌കിൽ കയറി പൊലീസ് നടത്തിയ ഇടപെടലുകൾ ഇതിന്റെ ദൃഷ്ടാന്തമാണ്. മുഖ്യമന്ത്രിയാകട്ടെ മാധ്യമപ്രവർത്തകരോട് ജനാധിപത്യവിരുദ്ധമായി തട്ടിക്കയറുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വിമർശിക്കുന്നവർക്കെതിരെ പ്രതികാര നടപടികൾ കൈക്കൊള്ളുന്നു.


ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഏകാധിപത്യപരമായി പെരുമാറുകയും ജനാധിപത്യത്തെ സംഘപരിവാർ താൽപ്പര്യങ്ങൾക്കായി അട്ടിമറിക്കുകയും ചെയ്യുന്നു. ഇതിനെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യവ്യാപകമായി ഉയർന്നുവരുന്നത്. പ്രക്ഷോഭങ്ങളെ തികച്ചും ജനാധിപത്യവിരുദ്ധ രീതിയിലാണ് കേന്ദ്രസർക്കാർ നേരിടുന്നത്. കള്ളക്കേസുകൾ ചമയ്‌ക്കുക, ഭീകരമായി മർദിക്കുക, നേതൃത്വനിരയിലുള്ളവരെ തെരഞ്ഞുപിടിച്ച്‌ വേട്ടയാടുക തുടങ്ങി നടപടികളാണ്‌ കേന്ദ്രസർക്കാരിന്റേത്. കേരളത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെയും ഇതേ നിലപാട്‌ തന്നെയാണ് യുഡിഎഫ്‌ സർക്കാരിന്റേത്‌. യൂണിവേഴ്‌സിറ്റി കോളേജ്‌ ഹോസ്റ്റലിലേക്ക്‌ പൊലീസ്‌ അതിക്രമിച്ചുകയറി വിദ്യാർഥികളെ ക്രൂരമായി മർദിക്കുന്നത്‌ ദൃശ്യമാധ്യമങ്ങൾ വഴി ലോകം മുഴുവൻ കണ്ടതാണ്. പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർഥികളെ വിളിച്ച് വ്യക്തിപരമായി ഭീഷണിപ്പെടുത്തുകയുമാണ്‌.


കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങൾക്കും മതരാഷ്ട്ര കാഴ്ചപ്പാടുകൾക്കും എതിരായി ശക്തമായി നിലപാടെടുത്താണ്‌ ഇടതുപക്ഷം രാജ്യവ്യാപകമായി പ്രക്ഷോഭരംഗത്തേക്ക് വന്നത്. അതോടൊപ്പം രാജ്യത്തെ യുവജനങ്ങളും പ്രക്ഷോഭങ്ങളുമായി ഐക്യപ്പെട്ട് മുന്നോട്ടുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ സ്വാധീനം ദുർബലപ്പെടുത്തുക എന്നത് ആഗോളവൽക്കരണ നയത്തിന്റെ വക്താക്കൾക്ക് ഏറ്റവും ആവശ്യമായി തീർന്നിരിക്കുകയാണ്. അവരുടെ മാധ്യമങ്ങൾ ഇടതുപക്ഷത്തിനെതിരെ തീവ്രമായി രംഗത്തുവരികയാണ്‌.


കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് ഹിന്ദുത്വ അമിതാധികാരപ്രവണതകൾ അതേപോലെ നടപ്പാക്കുന്ന ഭരണമായി യുഡിഎഫ് വാഴ്‌ച അധഃപതിച്ചു. ഇത്തരം നയങ്ങൾക്കെതിരെ ജനപക്ഷത്ത് നിലയുറപ്പിക്കുന്ന ഇടതുപക്ഷത്തെ തകർക്കുന്നതിന് കോർപറേറ്റ് മാധ്യമങ്ങളുമായി ചേർന്ന് കള്ളക്കഥകൾ ഉണ്ടാക്കുകയാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരവും ജനപക്ഷ വികസന നയങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തി മാത്രമേ ഇത് സാധ്യമാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home