ആഹ്ലാദത്തോടെ വരവേൽക്കാം

ആഹ്ലാദത്തോടെ വരവേൽക്കാം
പുതിയ പ്രതീക്ഷകളും ആഹ്ലാദാരവങ്ങളുമായി നമ്മുടെ വിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്. കുട്ടികളെ സ്വീകരിക്കാൻ കേരളത്തിലെമ്പാടുമുള്ള വിദ്യാലയങ്ങൾ ഉത്സവാന്തരീക്ഷവുമായി കാത്തിരിക്കുന്നു. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം തിങ്കളാഴ്‌ച പുതിയ അധ്യയന വർഷം ആരംഭിക്കും.
അറിവിന്റെ പുതുലോകത്തേക്ക് എത്തുന്നവരെ കാത്ത് സ്‌നേഹത്തിന്റെയും കരുതലിന്റെയും വിജ്ഞാനത്തിന്റെയും വിഭവങ്ങളാണുള്ളത്. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം രാവിലെ 10ന് നടക്കും. അധ്യയന വർഷാരംഭം നാടിന്റെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൊട്ടാരക്കര താമരക്കുടി എസ്‌വിവി എച്ച്‌എസിലെ വിദ്യാർഥിനി ഭദ്ര ഹരി എഴുതിയ കവിതയാണ് ഇക്കുറി പ്രവേശനോത്സവ ഗാനം. ഒരു വിദ്യാർഥിയുടെ കവിത പ്രവേശനോത്സവ ഗാനമാകുന്നത് ആദ്യമെന്ന പ്രത്യേകതയുമുണ്ട്.
അധ്യയന വർഷാരംഭത്തിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും സർക്കാർതലത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. അവധിക്കാലം തുടങ്ങുംമുമ്പേ സ്‌കൂളുകളിൽ പാഠപുസ്‌തകങ്ങൾ എത്തി. പാഠപുസ്‌തക, യൂണിഫോം വിതരണങ്ങൾ 95 ശതമാനവും ഇതിനകം പൂർത്തിയാക്കി. സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണപ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും ഫിറ്റ്നസ് പരിശോധനയും നേരത്തേ നടത്തിയിരുന്നു. സ്‌കൂളുകളും പരിസരവും ശുചീകരിക്കുന്നതിൽ എല്ലായിടത്തും വിദ്യാർഥി, യുവജന, അധ്യാപക സംഘടനകളുടെ വലിയ പങ്കാളിത്തം ഉണ്ടായി. കുടുംബശ്രീയുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണവുമുണ്ടായി. പ്രീപ്രൈമറി തലംമുതൽ ഹയർ സെക്കൻഡറിവരെ 40 ലക്ഷത്തോളം കുട്ടികളാണ് ഇക്കുറി സ്‌കൂളുകളിൽ എത്തുന്നത്. ഇതിൽ മൂന്നുലക്ഷത്തോളം കുരുന്നുകൾ ഒന്നാം ക്ലാസിലേക്കാണ്.
ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടി പുരോഗമിക്കുന്നു.
ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. എസ്‌എസ്‌എൽസിക്ക് വിജയം നേടിയ എല്ലാവർക്കും ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുന്നതിനും ഒന്നും രണ്ടും പിണറായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ലോകോത്തര പഠനാവസരങ്ങൾ സാധാരണക്കാരുടെ മക്കൾക്കടക്കം ഇവിടെത്തന്നെ ലഭ്യമാക്കുകയെന്ന വലിയ ദൗത്യമാണ് സർക്കാർ ഏറ്റെടുത്തത്. എക്കാലത്തെയും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഇതിനായി ഏർപ്പെടുത്തുന്നത്. സംസ്ഥാന ബജറ്റിൽ ഓരോ വർഷവും കൂടുതൽ തുക നീക്കിവച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി. കിഫ്‌ബി വഴി നൂറുകണക്കിന് കെട്ടിടങ്ങളും ക്ലാസ് മുറികളും പുതുതായി നിർമിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി 973 കെട്ടിടത്തിനായി 2600 കോടി രൂപ നിക്ഷേപിച്ചു. ഇതിൽ 518 സ്‌കൂൾ കെട്ടിടം പൂർത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുന്നു. വിവിധയിനങ്ങളിലായി 5000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. അമ്പതിനായിരത്തിലധികം ക്ലാസ് മുറികൾ ഇതിനോടകം ഹൈടെക്കാക്കി. എട്ടുമുതൽ 12 വരെയുള്ള ക്ലാസുകളിലെ എല്ലാ ക്ലാസ് മുറികളും സാങ്കേതിക സൗഹൃദമാക്കി. സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിൽ 29,000 റോബോട്ടിക് കിറ്റും നൽകി. ഏറ്റവും ആധുനിക പഠനസൗകര്യങ്ങൾ ക്ലാസ് മുറികളിൽ ലഭ്യമാക്കി. റോബോട്ടിക്സ് ലാബുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ടിങ്കറിങ് ലാബുകൾ തുടങ്ങിയവയും മാതൃകയായി. സ്‌മാർട്ട് ക്ലാസുകൾ വ്യാപിപ്പിക്കുകയാണ്. അധ്യാപകർക്കുള്ള പരിശീലനവും കാലാനുസൃതമായി പരിഷ്‌കരിച്ചു. നിർമിതബുദ്ധി പഠനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ലോകോത്തര സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ് വിദ്യാർഥികൾക്ക് അപ്പപ്പോൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമം.
അക്കാദമിക് നിലവാരം കൂടുതൽ മെച്ചപ്പെടുത്താനും ലോകോത്തരമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നത്. 1, 3, 5, 7, 9 ക്ലാസുകളിലെ പാഠ്യപദ്ധതി കഴിഞ്ഞ വർഷം പരിഷ്‌കരിച്ചു. ഈ വർഷം 2, 4, 6, 8, 10 ക്ലാസുകളിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കും. ഇതിനായുള്ള പുതിയ പാഠപുസ്‌തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഹയർ സെക്കൻഡറി പാഠപുസ്‌തകങ്ങളും പരിഷ്‌കരിക്കും. ഭരണഘടനയുടെ ആമുഖം മുഴുവൻ പാഠപുസ്‌തകങ്ങളിലും ഉൾപ്പെടുത്തി. എട്ടാം ക്ലാസിൽ ഏർപ്പെടുത്തിയ സബ്‌ജറ്റ് മിനിമം 5, 6, 7, 9 ക്ലാസുകളിൽ നടപ്പാക്കും. സർക്കാർ, -എയ്‌ഡഡ് സ്‌കൂളുകളില ഒഴിവുകൾ നികത്തുന്നതിനും സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകി. 43,637 നിയമനം ഈ കാലയളവിൽ നടത്തി. പ്രത്യേക പരിഗണന അർഹിക്കുന്നവർ, പട്ടികജാതി–- പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ തുടങ്ങിയവർക്കായി പ്രത്യേക പദ്ധതികളും നടപ്പാക്കി. വൊക്കേഷണൽ ഏഡ്യൂക്കേഷൻ വിഭാഗത്തിൽ അയ്യായിരത്തോളം വിദ്യാർഥികൾക്ക് ജോബ്‌ഫെയർ വഴി തൊഴിൽ നൽകി. 714 ലാബ് ആധുനികവൽക്കരിച്ചു. ഈ അധ്യയന വർഷം സമഗ്രഗുണമേന്മാ വർഷമായാണ് കണക്കാക്കുന്നത്. ജൂൺ പത്തിനകം എല്ലാ വിദ്യാലയങ്ങളിലും അക്കാദമിക മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. വിജ്ഞാനത്തിന്റെ പുതുലോകത്തേക്ക് എത്തുന്ന എല്ലാ വിദ്യാർഥികൾക്കും ഭാവുകം നേരുന്നു.










0 comments