നഗോയ നൽകിയതും പഠിക്കേണ്ടതും

ഏഷ്യയുടെ ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിന്റെ 20–ാം പതിപ്പിന് ജപ്പാനിലെ തുറമുഖ നഗരമായ നഗോയയിൽ കൊടിയിറങ്ങി. ഇനി വിലയിരുത്തലിന്റെയും പോരായ്‌മകൾ പരിഹരിച്ച് നാളേക്കുള്ള തയ്യാറെടുപ്പിന്റെയും സമയമാണ്. രണ്ട് വർഷം കഴിഞ്ഞാൽ ഒളിമ്പിക്‌സായി.
2028ൽ നടക്കാനിരിക്കുന്ന ലൊസ് ആഞ്ചലസ് ഒളിമ്പിക്‌സിൽ ഏഷ്യൻ രാജ്യങ്ങളുടെ പ്രകടനത്തെക്കുറിച്ചുള്ള സൂചനകൂടിയാണ് ഏഷ്യൻ ഗെയിംസിന്റെ ബാക്കിപത്രം. 45 രാജ്യങ്ങളിലെ 11,000 കായികതാരങ്ങളാണ് രണ്ടാഴ്‌ച നീണ്ട ഗെയിംസിൽ അണിനിരന്നത്.
ഏഷ്യൻതലപ്പത്ത് ചൈനയുടെ സമഗ്രാധിപത്യമാണ്. തുടർച്ചയായി പന്ത്രണ്ടാം തവണയും ഒന്നാമതെത്തിയ ചൈന എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 169 സ്വർണവും 89 വെള്ളിയും 83 വെങ്കലവും നേടി. ആകെ 341 മെഡൽ. രണ്ടാമതുള്ള ജപ്പാന് 83 സ്വർണമടക്കം 269 മെഡലാണ്.
39 സ്വർണത്തോടെ 150 മെഡലുമായി മൂന്നാമതെത്തിയ ദക്ഷിണ കൊറിയക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും. 85 മെഡലുമായി കഴിഞ്ഞ തവണത്തെ നാലാംസ്ഥാനം നിലനിർത്തി. എന്നാൽ മൊത്തം 21 മെഡലിന്റെ കുറവുണ്ടായി. 2023ൽ ഹാങ്ഷുവിൽ നടന്ന ഗെയിംസിൽ 28 സ്വർണമടക്കം 106 മെഡലുണ്ടായിരുന്നു. ഇൗ ഗെയിംസിൽ ഏഴ് സ്വർണം കുറഞ്ഞു. യുദ്ധാന്തരീക്ഷത്തിൽ കളത്തിലെത്തി ഇറാൻ ടീം നടത്തിയ പ്രകടനം അഭിനന്ദനമർഹിക്കുന്നു. 19 സ്വർണത്തോടെ 52 മെഡലുമായി ആറാംസ്ഥാനത്തെത്തി.
ഇന്ത്യക്ക് ഇക്കുറി പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. എങ്കിലും മികവിന്റെ മിന്നലാട്ടങ്ങൾ കാണാതിരുന്നുകൂടാ. അമ്പെയ്‌ത്തിൽ ഇരട്ട സ്വർണം നേടിയ പതിനേഴുകാരി കുംകും അനിൽ മഹോദ്, ഗോൾഫിൽ ആദ്യമായി സ്വർണം കൊണ്ടുവന്ന പ്രണവി ഉർസ്, ഗുസ്‌തി ജേതാക്കളായ അമൻ ഷെഹ്‌രാവത്ത്, സുജീത് കൽകൽ, ഷൂട്ടിങ്ങിൽ നീരു ദണ്ഡ, ബോക്‌സിങ്ങിൽ ലവ്‌ലിന ബൊർഗോഹെയ്‌ൻ, പർവീൺ ഹൂഡ, അങ്കുഷ് പംഗൽ എന്നീ പേരുകൾ പരാമർശിക്കാതെ വയ്യ. ഹോക്കി, കബഡി, ക്രിക്കറ്റ് ഇനങ്ങളിൽ ഇരട്ട സ്വർണം കിട്ടി. അത്‌ലറ്റിക്‌സിലാണ് തിരിച്ചടിയുണ്ടായത്. 2023ൽ നടന്ന ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ആറ് സ്വർണമടക്കം 29 മെഡലുണ്ടായിരുന്നു. ഇത്തവണ വനിതാ റിലേയിലെ ഒറ്റ സ്വർണത്തോടെ അവസാനിച്ചു.
ട്രാക്കിലും ഫീൽഡിലും ആകെ കിട്ടിയത് 24 മെഡൽ. വൻ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും അവകാശവാദം. ഏഷ്യൻ ഗെയിംസിനായി 800 കോടി രൂപ ചെലവിട്ടെന്നാണ് കേന്ദ്ര കായികമന്ത്രാലയത്തിന്റെ കണക്ക്. ഇൗ സാഹചര്യത്തിൽ കൂടുതൽ പരിശോധനയും പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികളും ആവശ്യമാണ്.
ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റിൽ തുടരുന്ന ‘സൗഹൃദമില്ലായ്‌മ’യ്‌ക്ക് ഗെയിംസ് വേദിയും സാക്ഷിയായി. ക്രിക്കറ്റ് ടീം അംഗങ്ങൾ പരസ്‌പരമുള്ള ഹസ്‌തദാനത്തിന് തയ്യാറായില്ല. എന്നാൽ മറ്റ് എല്ലാ ഇനങ്ങളിലും മത്സരത്തിന് മുമ്പും ശേഷവും കളിക്കാർ സൗഹാർദത്തോടെ ഇടപെട്ടത് സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിന്റെ ഉദാത്തമായ കാഴ്‌ചയായി. ഹോക്കിയിലും വോളിബോളിലും ടേബിൾ ടെന്നീസിലും കളിക്കാർക്ക് സൗഹാർദത്തോടെ ഇടപെടാമെങ്കിൽ ക്രിക്കറ്റിൽമാത്രം എന്തുകൊണ്ട് സാധ്യമാകുന്നില്ലെന്ന ചോദ്യം ബാക്കിയാകുന്നു.
ഇന്ത്യയുടെ നേട്ടത്തിൽ കേരളത്തിനും അഭിമാനിക്കാനുണ്ട്. 495 അംഗ ഇന്ത്യൻ സംഘത്തിൽ 29 മലയാളികളാണ് ഉണ്ടായിരുന്നത്. സഞ്‌ജു സാംസൺ സ്വർണം നേടിയ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. ഷൂട്ടിങ്ങിൽ രണ്ട് വെള്ളി നേടിയ വിദർശ കെ വിനോദ്, ലോങ്ജമ്പിൽ വെള്ളി കരസ്ഥമാക്കിയ ആൻസി സോജനും എം ശ്രീശങ്കറും റിലേയിൽ ഇരട്ട മെഡൽ നേടിയ ടി എസ് മനു, തുഴച്ചിലിൽ വെള്ളി കൊയ്‌ത പ്രിൻസ് നോബിൾ, മനു ഫ്രാൻസിസ്, ബാഡ്‌മിന്റണിൽ വെങ്കലമുള്ള എച്ച് എസ് പ്രണോയ്, എം ആർ അർജുൻ എന്നിവരും അഭിനന്ദനം അർഹിക്കുന്നു.
വരാനിരിക്കുന്നത് വമ്പൻ കായികമേളകളാണ്. അടുത്ത വർഷം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുണ്ട്. പിന്നീട് ഒളിമ്പിക്‌സായി. 2030ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയരാകുന്നു. 2036ൽ ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി ശ്രമിക്കുന്നു. ദൗർബല്യങ്ങൾ പരിഹരിച്ച് ലോക വേദിയിൽ കുതിക്കാൻ രാജ്യത്തിന് വ്യക്തമായ പദ്ധതികളുണ്ടാകണം. അത് ഫലപ്രദമായി നടപ്പാക്കുകയുംവേണം. വലിയ സ്വപ്‌നങ്ങളിലേക്ക് ചിറക് വിടർത്താൻ ഇന്ത്യക്കാകട്ടെ. അതിന് നഗോയ നൽകിയ അനുഭവവും പാഠവും കരുത്താകട്ടെ.









0 comments