Deshabhimani

print edition പൊതുജനാരോഗ്യ മേഖലയെ തകർക്കുന്ന ഭരണനേതൃത്വം

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 01, 2026, 01:30 AM | 2 min read

വിവിധ കാലയളവുകളിൽ ഇച്ഛാശക്തിയോടെ പ്രവർത്തിച്ച ഇടതുപക്ഷ സർക്കാരുകളുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയെടുത്തതാണ്‌ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിലെ പൊതുജനാരോഗ്യ മേഖല. ഇതിൽ 2016–2026 കാലത്ത്‌ തുടർച്ചയായി ഭരിച്ച രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകളുടെ സംഭാവന നിസ്‌തുലമാണ്‌. എന്നാൽ വിലപ്പെട്ട ഇ‍ൗ മാറ്റങ്ങളും ആഗോളശ്രദ്ധ നേടിയ വികസനങ്ങളും അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ്‌ നാലുമാസമായി നാം കാണുന്നത്‌.


രാജ്യത്തിന്‌ അഭിമാനമായി മാറിയ കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയുടെ അടിത്തറ ഇളക്കുകയാണ്‌ യുഡിഎഫ്‌ സർക്കാരും ആരോഗ്യവകുപ്പിന്റെ പുതിയ ചുമതലക്കാരും. സങ്കുചിത താൽപ്പര്യങ്ങളും കോർപറേറ്റ്‌ അജൻഡയും ചേർന്ന്‌ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെയാകെ തകിടംമറിച്ചു. ‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച പരമ്പരയിൽ ഇതിന്റെ വിശദാംശങ്ങളാണ്‌ പുറത്തുവന്നത്‌.

​

2011–2016 കാലത്തെ യുഡിഎഫ്‌ ഭരണത്തിൽ താറുമാറായ സർക്കാർ ആശുപത്രികളെ ജനകീയമാക്കി, അത്യാധുനിക സ‍ൗകര്യങ്ങളോടെ മികവുറ്റ ആതുരാലയങ്ങളാക്കി മാറ്റിയെടുക്കുകയാണ്‌ പിന്നീടുവന്ന എൽഡിഎഫ്‌ സർക്കാരുകൾ ചെയ്‌തത്‌. 2016ൽ സർക്കാർ ആശുപത്രികളിൽ എത്തുന്നത്‌ 33 ശതമാനം പേരായിരുന്നുവെങ്കിൽ 2020ൽ അത്‌ 48 ശതമാനമായും 2025–26ൽ 60 ശതമാനമായും വർധിച്ചു.


കോന്നി‍, ഇടുക്കി‍, വയനാട്‌, കാസർകോട്‌ സർക്കാർ മെഡിക്കൽ കോളേജുകൾക്ക്‌ സ‍ൗകര്യങ്ങൾ ഏർപ്പെടുത്തി നാഷണൽ മെഡിക്കൽ കമീഷൻ അംഗീകാരം നേടിയതും ഇക്കാലത്താണ്‌. ഇതൊക്കെ സ്വകാര്യ ഭീമന്മാർക്കുണ്ടാക്കിയ നഷ്‌ടം ചെറുതായിരുന്നില്ല. അവരുടെ നഷ്‌ടത്തിന്‌ പരിഹാരം എന്ന നിലയിൽ സർക്കാർ ആശുപത്രികളെ വീണ്ടും തകർക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ.


മരുന്നുസംഭരണത്തിനുള്ള ടെൻഡർ നടപടി വൈകിപ്പിച്ചും നിയമവിരുദ്ധമായി ഡോക്ടർമാരെ സ്ഥലംമാറ്റിയും ഭരണനിർവഹണ പ്രവർത്തനത്തെ ബാധിക്കുംവിധം ജീവനക്കാരെയും സ്ഥലംമാറ്റിയുമാണ്‌ യുഡിഎഫ്‌ തങ്ങളുടെ കോർപറേറ്റ്‌ സ്‌നേഹം പ്രകടിപ്പിക്കുന്നത്‌. പ്രതിപക്ഷത്തിരിക്കെ "ആരോഗ്യവകുപ്പ്‌ വെന്റിലേറ്ററിലാണ്‌', "എരണംകെട്ടവർ നാട്‌ ഭരിച്ചാൽ നാട്‌ മുടിയും' എന്നൊക്കെ കോൺഗ്രസ്‌ വേദികളിൽ തള്ളിവിട്ട ഇന്നത്തെ ആരോഗ്യമന്ത്രിക്ക്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയില്ലാത്തത്‌ എന്തുകൊണ്ടാണ്‌?


ആഴ്‌ചകൾ പിന്നിട്ടിട്ടും പാരസെറ്റമോൾമുതൽ ജീവൻരക്ഷ–ജീവിതശൈലി മരുന്നുകൾ, സപ്ലിമെന്റുകൾ, വാക്സിനുകൾ തുടങ്ങി അവശ്യമരുന്നുകളുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. ദിവസവും നൂറുകണക്കിന്‌ രോഗികൾ ഒപി, ഐപി ചികിത്സയ്ക്കെത്തുന്ന മെഡിക്കൽ കോളേജ്‌ ആശുപത്രികൾ നേരിടുന്ന പ്രതിസന്ധി എത്രയോ വലുതാണ്‌.


"മരുന്നുകളുടെ ലോക്കൽ പർച്ചേസിങ്ങിനെപ്പറ്റി മാധ്യമങ്ങളോട് പറയേണ്ട. എന്തെങ്കിലും ചോദിച്ചാൽ ഡിഎംഒമാരോട് സംസാരിക്കാൻ പറഞ്ഞാൽ മതി'– ഡിഎംഒമാർക്കും ജില്ലാ പ്രോഗ്രാം മാനേജർമാർക്കും ആരോഗ്യവകുപ്പ്‌ ഡയറക്ടർ അയച്ച വാട്സാപ് ശബ്ദസന്ദേശം ഇങ്ങനെയായിരുന്നു. മനഃപൂർവമുള്ള അനാസ്ഥയിലൂടെ മരുന്നുക്ഷാമം സൃഷ്ടിക്കലും ലോക്കൽ പർച്ചേസിങ്‌ നീക്കവും മരുന്ന് കമ്പനി ലോബികളെ സഹായിക്കുമെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സേവനസന്നദ്ധരായ ആരോഗ്യപ്രവർത്തകരെ അവഹേളിക്കുന്ന സമീപനമാണ്‌ തലപ്പത്തുനിന്നുണ്ടാകുന്നത്‌.


സംസ്ഥാനതല സർവേപ്രകാരം കേരളീയരുടെ കുടുംബവരുമാനത്തിന്റെ 17 ശതമാനത്തോളം ചികിത്സയ്ക്കായി ചെലവാകുന്നുണ്ട്. ഈ മേഖലയിലെ വൻ ലാഭം ലക്ഷ്യമിട്ടാണ് ഇ‍ൗ ഭീമന്മാർ ആശുപത്രികൾ വൻതുക നൽകി സ്വന്തമാക്കുന്നത്. 3141 കമ്പനികളിൽനിന്നായി ഏകദേശം 1500 കോടി രൂപ തെരഞ്ഞെടുപ്പുഫണ്ടായി കോൺഗ്രസിന്‌ ലഭിച്ചെന്നാണ്‌ കണക്കുകൾ.


ഇതിൽ വലിയൊരു പങ്ക് ഫാർമസ്യൂട്ടിക്കൽസ്, ഹോസ്പിറ്റൽ സർവീസസ്, മെഡിക്കൽ റീട്ടെയിൽ, ലബോറട്ടറി/എപിഐ നിർമാണം, ഹെൽത്ത് ടെക്‌നോളജി എന്നീ മേഖലകളിൽനിന്നാണ്‌. അതായത്‌ നിലവിലെ മരുന്നുക്ഷാമവും അടുത്തവർഷംമുതൽ വൻകിട കമ്പനികളിൽനിന്ന്‌ മരുന്ന്‌ വാങ്ങുമെന്ന പ്രഖ്യാപനവും ഇ‍ൗ കമ്പനികൾക്ക്‌ ഒ‍ൗഷധവിപണിയിൽ വഴിയൊരുക്കാനാണ്‌.


സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികൾ ബഹുരാഷ്‌ട്ര കോർപറേറ്റുകൾ വിഴുങ്ങുകയാണ്‌. അമേരിക്കൻ കോർപറേറ്റുകൾ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ ഭൂരിപക്ഷം ഓഹരികളും വാങ്ങി നിയന്ത്രണം കൈക്കലാക്കി കഴിഞ്ഞു. രോഗികളെയും കുടുംബത്തെയും കൊള്ളയടിക്കൽ മാത്രമാണ്‌ ഇ‍ൗ കോർപറേറ്റുകളുടെ ലക്ഷ്യം.


രോഗിയുടെ കുടുംബത്തെയാകെ സാമ്പത്തികമായി തകർക്കുന്നതാകും ഇവരുടെ രീതികളെന്ന്‌ അനുഭവം സാക്ഷി. യുഡിഎഫ്‌ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി കോർപറേറ്റുകൾക്കുള്ള മറ്റൊരു ചാകരയായി മാറും. ഇതിനായി സർക്കാർ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്ന ആഖ്യാനവും പൊതുജനങ്ങൾക്കിടയിൽ ആസൂത്രിതമായി പ്രചരിപ്പിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home