print edition വാഗ്‌ദാനലംഘനങ്ങളും ഭരണത്തകർച്ചയും

അധികാരത്തിലെത്തി ഇത്രയും കുറഞ്ഞ കാലംകൊണ്ട് കനത്ത ജനരോഷം ഏറ്റുവാങ്ങിയ മറ്റൊരു സർക്കാരും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് അഞ്ചുമാസം തികയുംമുമ്പേ തെളിയിക്കപ്പെട്ടിരിക്കുന്നു. ഭരണത്തിന്റെ 41–ാംദിവസം പ്രഖ്യാപിച്ച നൂറുദിന കർമപദ്ധതിയും ഫലംകണ്ടില്ല. വാഗ്‌ദാനലംഘനങ്ങൾ, ഭരണനടപടികളിലെ തുടർച്ചയായ വീഴ്‌ചകൾ, മികച്ചതെന്ന് ലോകം പ്രകീർത്തിച്ച കേരളമാതൃകകൾ തകർക്കൽ, തൊഴിൽ അന്വേഷകരായ യുവജനങ്ങളെ പുറംകാൽകൊണ്ട് തൊഴിച്ച് സ്ഥിരം നിയമനങ്ങൾക്ക് അപ്രഖ്യാപിത നിരോധനം, സ്വന്തക്കാർക്കും ബന്ധുക്കൾക്കുമായി നിർലജ്ജം നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ, സംഘപരിവാറിനെ പ്രീതിപ്പെടുത്താനുള്ള നടപടികൾ, പൊലീസ് രാജ്, അസത്യവചനങ്ങളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന മുഖ്യമന്ത്രി– ഇത്തരത്തിൽ യുഡിഎഫിന് വോട്ടുചെയ്‌തവർപോലും ഇൗ സർക്കാരിനെക്കുറിച്ച് നല്ലത് എന്നു പറയാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. ഭരണമുന്നണി കൺവീനർതന്നെ മുഖ്യമന്ത്രിയെയും സർക്കാരിനെയും തള്ളിപ്പറഞ്ഞു.
ഭരണതലത്തിലെ പ്രധാന തീരുമാനംപോലും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറയുന്നു. മുഖ്യമന്ത്രിയുടെ ശൈലി മാറ്റണമെന്ന് കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി സർക്കാരുകളുടെ കാലത്തും കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, അതൊക്കെ ഭരണത്തിലേറി വർഷങ്ങൾ കഴിയുമ്പോഴാണ്. വി ഡി സതീശന്റെ കാര്യത്തിൽ അതും മാറി. അതായത്, പരമ്പരാഗതമായി പറയുന്ന മന്ത്രിസഭയുടെ ഹണിമൂൺകാലത്തേ ഇൗ സർക്കാരിനെ കോൺഗ്രസിനുതന്നെ സഹിക്കാൻ വയ്യാതായി. സ്ഥിതി കുഴപ്പത്തിലാണെന്നു കണ്ട് യുഡിഎഫ് അനുകൂല മാധ്യമങ്ങളും ഉപദേശങ്ങൾ തുടങ്ങിയിട്ടുണ്ട്.
നൂറുദിന കർമപരിപാടി എന്നത് സർക്കാരിന്റെ പ്രഥമപരിഗണനയിൽ വരേണ്ടുന്നവയാണെന്നാണ് വയ്‌പ്. 50 വകുപ്പുകളിലായി 589 പദ്ധതികളാണ് പ്രഖ്യാപിച്ചത്. അവയിൽ ഏറെയും മുൻ സർക്കാർ തുടങ്ങിവച്ചതോ പൂർത്തിയാക്കിയതോ ആണ്. പൊതുമരാമത്തുവകുപ്പിനുകീഴിൽ വയനാട് ചൂരൽമല–അട്ടമല റോഡ് നിർമാണം ഇതിലൊന്നാണ്. ഇൗ റോഡ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച് തുറന്നുകൊടുത്തതാണ്. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട് കെൽട്രോൺ പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണ്. സതീശൻ സർക്കാരിന്റെ നൂറുദിനത്തിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉദാഹരണങ്ങൾ നിരവധി. പുതുതായി പ്രഖ്യാപിച്ചതൊന്നും എങ്ങും എത്തിയില്ല. സാമൂഹ്യസുരക്ഷാ പദ്ധതികൾ അട്ടിമറിക്കുന്നു.
സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യരംഗം ഇത്രയും കുറഞ്ഞ കാലത്തിനുള്ളിൽ താറുമാറാക്കി. കോർപറേറ്റ് ആശുപത്രിഭീമന്മാരിൽനിന്ന് തെരഞ്ഞെടുപ്പുപ്രചാരണത്തിന് കോൺഗ്രസ് ശതകോടികൾ സംഭാവന വാങ്ങിയിരുന്നതായ ആക്ഷേപം ശരിവയ്ക്കുന്നതാണ് ഇവ. ദിവസേന ആവർത്തിക്കുന്ന ചികിത്സാപിഴവും അവശ്യമരുന്നുകൾ ലഭ്യമല്ലാത്തതുമാണ് ആരോഗ്യമേഖലയിൽനിന്നുള്ള വാർത്തകൾ. ക്രമസമാധാനം ഉറപ്പാക്കേണ്ട പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷശബ്ദങ്ങളെയും ജനകീയപ്രക്ഷോഭങ്ങളെയും അടിച്ചമർത്തുന്ന ‘പൊലീസ് രാജ്' നടപ്പാക്കപ്പെട്ടിരിക്കുന്നു. സാധാരണക്കാരും പൊലീസിന്റെ മാറിയ മുഖം അനുഭവിച്ചുതുടങ്ങി. പൊലീസ് മർദനങ്ങൾ സ്ഥിരമായി. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാണ്. മറ്റ് വകുപ്പുകളിൽ നേരിട്ട് ഇടപെടുന്നതായ ആക്ഷേപമാണ് മുഖ്യമന്ത്രിക്കെതിരെയുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ പരസ്യമായ തമ്മിലടിയും ചേരിതിരിവും സർക്കാരിന്റെ കഴിവുകേടാണ്.
യുഡിഎഫ്–ബിജെപി ഡീലിന്റെ ഭാഗമായി സർക്കാർ സംവിധാനം സംഘപരിവാറിനു കീഴ്‌പെട്ട് ‘ഗവർണർഭരണം' സമാന്തരമായി നടത്താൻ വഴിതുറന്നുകൊടുത്തു. സർക്കാർ പ്രധാനമായും നടത്തുന്നത് പിൻവാതിൽ നിയമനങ്ങളും രാഷ്ട്രീയവൈരാഗ്യം തീർക്കലുമാണ്. യോഗ്യതയുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ റാങ്ക് ലിസ്റ്റുകളിൽ കാത്തിരിക്കുമ്പോൾ ബന്ധുക്കൾക്ക് പിൻവാതിലിലൂടെ തസ്തികകൾ വച്ചുനീട്ടുന്നു. അതേസമയം, വർഷങ്ങളായി ജോലിയിൽ തുടരുന്നവരെ നിഷ്‌ഠുരം പിരിച്ചുവിടുകയാണ്. ജീവനക്കാരെ രാഷ്‌ട്രീയവിരോധംവച്ച് തലങ്ങും വിലങ്ങും സ്ഥലംമാറ്റി ദ്രോഹിക്കുന്നുമുണ്ട്. മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കുള്ള ടൗൺഷിപ് നിർമാണം നിലച്ചമട്ടാണ്.
വികസനവും ജനക്ഷേമവും പൂർണമായി മറന്ന്, വാഗ്ദാനലംഘനങ്ങളും സ്വജനപക്ഷപാതവും മാത്രം മുൻനിർത്തി മുന്നോട്ടുപോകുന്ന സർക്കാരിനെതിരെ ജനരോഷം ആളിപ്പടരുകയാണ്. എല്ലാ വിഭാഗം ജനങ്ങളും ഇൗ സർക്കാരിന്റെ ഇത്രയും മാസത്തെ ഭരണത്തിൽനിന്നുതന്നെ മടുത്തു. ഇരുണ്ടകാലത്തിലേക്കാണ് യുഡിഎഫ് സർക്കാർ നാടിനെ നയിക്കുന്നത്.









0 comments