അധികാരഹുങ്കിനെതിരെ വീരോചിത പോരാട്ടം

സ്വേച്ഛാധിപതികളുടെയും ഫാസിസത്തിന്റെയും കൂടപ്പിറപ്പാണ് ഭീരുത്വം. ലോകരാഷ്‌ട്രങ്ങളെയും ജനതയെയും അടക്കിഭരിക്കാൻ ശ്രമിച്ച ഹിറ്റ്‌ലറും മുസോളിനിയുമടക്കമുള്ള ഏകാധിപതികൾ അവരുടെ ആശയലോകവും പ്രവർത്തനശൈലിയും കെട്ടിപ്പടുത്തത് വിദ്വേഷത്തിന്റെയും ഭീരുത്വത്തിന്റെയും ധാരകളിൽനിന്നാണ്. ഇന്ത്യയിൽ അനുഭവപ്പെടുന്നതും സമാന അനുഭവം. വെറുപ്പിന്റെ പ്രത്യയശാസ്‌ത്രം ഉപയോഗിച്ച് പ്രചരിപ്പിച്ച രാഷ്‌ട്രീയസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ അധികാരം പിടിച്ച സംഘപരിവാറും ബിജെപിയും ജനരോഷം നേരിടുന്ന ഘട്ടമെത്തിയപ്പോൾ ഭീരുക്കളായി മാറുകയാണ്. ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ സർവസന്നാഹങ്ങളോടെ പൊലീസിനെയും രാജ്യത്തിന്റെ അതിർത്തികൾ കാക്കേണ്ട അർധസൈനിക വിഭാഗങ്ങളെയും ഡൽഹിയുടെ മുക്കിലും മൂലയിലും ഉൾപ്പെടെ നിരത്തിയത് മോദിസർക്കാർ ഭയപ്പാടിലാണെന്നതിന് തെളിവാണ്. അടിച്ചമർത്തൽ ലക്ഷ്യമിട്ട് തോക്കുധാരികളായ സേനാംഗങ്ങളെയും നിയോഗിച്ചിരിക്കുന്നു.
ഇന്ത്യൻ ജനാധിപത്യസംവിധാനം അട്ടിമറിക്കാൻ നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാൻ, തുണിക്കൊടികളും കടലാസിൽ എഴുതിയ പോസ്റ്ററുകളും സമരായുധങ്ങളാക്കിയ വിദ്യാർഥികളെയും യുവജനങ്ങളെയും നേരിടാനാണ് ഇൗ വൻസേനാവ്യൂഹം. വിദ്യാർഥി–യുവജന പ്രക്ഷോഭകർക്ക് പിന്തുണയുമായി എത്തിയ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെയും മുൻ മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളെയും അത്യന്തം അപലപനീയമായ രീതിയിലാണ് സേനകൾ കൈകാര്യം ചെയ്‌തത്. കേന്ദ്രസർക്കാരിന്റെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശം ലഭിക്കാതെ സേനാവിഭാഗങ്ങൾ ഇത്തരം നടപടികൾ സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. ഡൽഹിയെ മൊത്തത്തിൽ തടങ്കൽപ്പാളയമാക്കി മാറ്റിയ മോദിയും ഷായും ലോകത്തിനു മുന്നിൽ രാജ്യത്തെ നാണംകെടുത്തിയിരിക്കുകയാണ്. സുപ്രീംകോടതി നിർദേശം മാനിക്കാതെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു. ഡൽഹി മെട്രോ സർവീസ് ഒൗദ്യോഗികമായി സ്‌തംഭിപ്പിച്ചു. ട്രെയിനുകൾ നിർത്തിയിടുകയും വിമാനത്തിൽ കയറി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. സമരത്തിൽ പങ്കെടുക്കരുതെന്ന് ആരാധനാലയങ്ങളിൽ കയറി പൊലീസ് സന്ദേശം നൽകി.
ഇതിനെല്ലാംശേഷവും രാജ്യത്തെ ജനാധിപത്യ സന്പ്രദായം സംരക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യം നിറവേറ്റാൻ തെരുവിലിറങ്ങിയ പോരാളികളെ പ്രാകൃതവും മനുഷ്യത്വരഹിതവുമായ രീതിയിലാണ് പൊലീസ് കൈകാര്യം ചെയ്‌തത്. ജനങ്ങളോട് സംവദിക്കാൻ ശേഷിയില്ലാത്ത ബിജെപി സർക്കാർ മുഷ്‌കിന്റെ ഭാഷ പ്രയോഗിക്കുകയാണ്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്‌ട്രീയ നേതാക്കളിൽ ഒരാളുമായ പിണറായി വിജയനെ എട്ട് മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വച്ചു. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ചു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാർ എന്നിവരെയും ഒട്ടേറെ എംപിമാരെയും അറസ്റ്റ്‌ചെയ്‌ത് മണിക്കൂറുകൾ കസ്റ്റഡിയിൽ വച്ചു. പെൺകുട്ടികളെയടക്കം പൊലീസ് ഭീകരമായി മർദിച്ചു.
അഭിഭാഷകരും കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെട്ടു. ഇതൊന്നും വകവയ്‌ക്കാതെ പോരാട്ടം തുടർന്ന ഇടതുപക്ഷ പ്രവർത്തകരെ ഞായറാഴ്‌ചയും കേന്ദ്രസേനകളെ ഇറക്കി ക്രൂരമായി ആക്രമിച്ചത് മോദിസർക്കാർ എത്രത്തോളം വിറളിപൂണ്ടിരിക്കുന്നെന്ന് വ്യക്തമാക്കുന്നു. കൊണാട്ട് പ്ലെയ്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസിനെ കേന്ദ്രസേന മർദിച്ച്, കൈകാലുകളിൽ പിടിച്ചുപൊക്കി എടുത്തുകൊണ്ടുപോയി പൊലീസ് വാഹനത്തിലിട്ട് കുത്തിത്തിരുകി ശ്വാസംമുട്ടിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി, ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് എന്നിവരടക്കമുള്ള വിദ്യാർഥിനേതാക്കളെ ഭീകരമായി മർദിച്ചു. ഇതൊക്കെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും മർദിച്ച് പിടികൂടി കൊണ്ടുപോകുന്നു. മോദിസർക്കാർ അധികാരഭ്രാന്തിന്റെ പാരമ്യമാണ് പ്രകടിപ്പിക്കുന്നത്.
അതേസമയം, ക്രൂരമായ അടിച്ചമർത്തൽ നടപടികളെ സധീരം നേരിടുന്ന ഇടതുപക്ഷവും വിദ്യാർഥി–യുവജന പ്രസ്ഥാനങ്ങളും രാജ്യത്തെ ജനാധിപത്യവിശ്വാസികൾക്ക് നൽകുന്നത് പ്രത്യാശയുടെ സന്ദേശമാണ്. രാജ്യചരിത്രത്തിൽ എക്കാലത്തും ജനങ്ങൾക്കൊപ്പംനിന്ന് പൊരുതിയവരാണ് കമ്യൂണിസ്റ്റ്–ഇടതുപക്ഷ പ്രസ്ഥാനം. സ്വാതന്ത്ര്യസമരത്തിലും അടിയന്തരാവസ്ഥവിരുദ്ധ മുന്നേറ്റത്തിലും കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവും വഹിച്ച പങ്ക് പ്രത്യേകം വിശദീകരിക്കേണ്ടതില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടതുപക്ഷം തത്വാധിഷ-്‌ഠിതവും രാഷ്‌ട്രീയ ധാർമികതയിൽ അടിയുറച്ചതുമായ നിലപാടാണ് എന്നും കൈക്കൊണ്ടിട്ടുള്ളത്. 2004ൽ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ ഇടതുപക്ഷ പാർടികൾ, പ്രത്യേകിച്ച് സിപിഐ എം എടുത്ത മുൻകൈ എല്ലാവരും അംഗീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെ കാലത്തും സിപിഐ എം ഇതേ മനോഭാവത്തോടെയാണ് പൊരുതുന്നത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമനിർമാണത്തിനെതിരായും പൗരത്വ ഭേദഗതി നിയമത്തിനെതിരായും കോവിഡ് കാലത്തെ ജനവിരുദ്ധ നടപടികൾക്കെതിരായും വിശാലമായ ജനമുന്നേറ്റം കെട്ടിപ്പടുക്കാൻ ഇടതുപക്ഷം അരങ്ങിലും അണിയറയിലും പ്രവർത്തിച്ചു.
ഇപ്പോൾ എസ്‌ഐആർ വഴിയുള്ള ജനാധിപത്യ അട്ടിമറികൾക്ക് തെളിവ് ലഭിച്ചതോടെ കൂട്ടായ പ്രക്ഷോഭത്തിനും ഫലപ്രദമായ പ്രതിരോധനിരയ്‌ക്കും മുൻകൈ എടുത്തതും സിപിഐ എമ്മാണ്. മറ്റ് ഇടതുപക്ഷ പാർടികളെ കൂട്ടിയോജിപ്പിച്ച് സിപിഐ എം എല്ലാ ബിജെപിവിരുദ്ധ പാർടികളുടെയും പൗരസംഘടനകളുടെയും ജനാധിപത്യവിശ്വാസികളുടെയും വിപുലമായ വേദിക്ക് ശ്രമിക്കുകയും അതിന്റേതായ ഫലങ്ങൾ സംജാതമാകുകയും ചെയ്‌തിരിക്കുന്നു. അതോടൊപ്പം തനതായ സമരങ്ങളിലൂടെ സിപിഐ എം ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കരുത്ത് വീണ്ടെടുക്കുകയാണ്. അടുത്തകാലത്ത് രാജ്യത്തെ ഉണർത്തിയ എല്ലാ സമരങ്ങൾക്കും ചാലകശക്തിയായി നിലകൊള്ളുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണെന്നും ഓർക്കേണ്ടതുണ്ട്.









0 comments