ജില്ലാ സ്കൂൾ കായികമേള
ചാന്പ്യന്മാർ പയ്യന്നൂർ തന്നെ

ജില്ലാ സ്കൂൾ കായികമേളയിൽ ചാമ്പ്യന്മാരായ പയ്യന്നൂർ ഉപജില്ലാ ടീം
തലശേരി
വേഗവും കരുത്തും മികവും ഒത്തുചേർന്ന പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ വർഷങ്ങളായി തുടരുന്ന ആധിപത്യം നിലനിർത്തി പയ്യന്നൂർ ഉപജില്ല വിജയകിരീടം ചൂടി. 17 സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമടക്കം 136 പോയിന്റുനേടി പയ്യന്നൂർ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. 12 സ്വർണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവുമടക്കം 108 പോയിന്റുനേടി തലശേരി നോർത്ത് രണ്ടാം സ്ഥാനവും ആറ് സ്വർണവും 11 വെള്ളിയും 17 വെങ്കലവുമടക്കം 93 പോയിന്റിൽ മട്ടന്നൂർ മൂന്നാം സ്ഥാനവും നേടി.
സ്കൂളുകളിൽ പ്രാപ്പൊയിൽ
സ്കൂളുകളിൽ പ്രാപ്പോയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളാണ് ഓവറോൾ ചാമ്പ്യൻമാരായത്. ആറ് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും നേടി 42 പോയിന്റോടെയാണ് ഒന്നാം സ്ഥാനം. മമ്പറം ഹയർസെക്കൻഡറി അഞ്ച് സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 39 പോയിന്റോടെ രണ്ടാം സ്ഥാനവും മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ രണ്ട് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 31 പോയിന്റുനേടി മൂന്നാമതെത്തി. സമാപന സമ്മേളനം നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷഹനാസ് മൻസൂർ അധ്യക്ഷയായി. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി വിജയികൾക്ക് ട്രോഫികൾ നൽകി. കൗൺസിലർമാരായ ടി വി റാഷിദ, വി എം സുകുമാരൻ, ജിഷ കളത്തിൽ, മിലി ചന്ദ്ര, കണ്ണൂർ ഡിഡിഇ ഒളിമ്പ്യൻ കുഞ്ഞുമുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി ദീപ എന്നിവർ സംസാരിച്ചു. തലശേരി നോർത്ത് എഇഒ എ പ്രശാന്ത് സ്വാഗതവും ജില്ലാ സ്പോർട്സ് സെക്രട്ടറി സി എം നിധിൻ നന്ദിയും പറഞ്ഞു.








0 comments