Deshabhimani

ഇവരിപ്പോഴും 
ദുരിതമഴയിലാണ്‌ സർ!

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2026, 02:00 AM | 2 min read

ചെറുപുഴ

കഴിഞ്ഞ ആഗസ്‌ത്‌ ഒന്നിന്‌ ചെറുപുഴ മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തിലെ കെടുതി വിട്ടുമാറാതെ നാട്ടുകാർ. സംസ്ഥാന സർക്കാർ വലിയ സഹായങ്ങൾ പ്രഖ്യാപിച്ചെങ്കിലും ബഹുഭൂരിപക്ഷം പേർക്കും ചില്ലിക്കാശ്‌ പോലും കിട്ടിയില്ല. ജോസ്ഗിരി, രാജഗിരി, താബോർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വലുതും ചെറുതുമായ 41 ഉരുൾ പൊട്ടലാണുണ്ടായത്‌. നിരവധി വീടുകളും ഏക്കർ കണക്കിന് കൃഷിയിടവും മലവെള്ളം കൊണ്ടുപോയി. രാജഗിരിയിലെ കർഷക യൂജി സാബുവിന്റെ 10 ഏക്കർ കൃഷിയിടത്തിലെ കവുങ്ങ്, കൊക്കോ, കാപ്പി, തെങ്ങ് ഇവയെല്ലാം മലവെള്ളപ്പാച്ചിൽ നശിച്ചു. മലവെള്ളം മുറിയിൽ കെട്ടിനിന്ന് സർവതും നഷ്ടപ്പെട്ടു. ജീവിതം ഇനി എവിടെ തുടങ്ങണമെന്ന്‌ ഒരു നിശ്ചയവും ഇല്ലെന്ന് യൂജി സാബു പറഞ്ഞു. സംസ്ഥാന സർക്കാർ അടിയന്തര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ പോലും കിട്ടിയില്ല. സ്ഥലം എംഎൽഎക്ക്‌ ഇവിടെ എന്താണ്‌ നടക്കുന്നത്‌ എന്നുപോലും അറിയില്ല. ആരോടാണ്‌ പരാതി പറയേണ്ടത്‌ എന്നും അറിയില്ല– യൂജി സാബു പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ കടയിലും വീടിനുമായി എട്ടുലക്ഷം രൂപയുടെ നഷ്ടമാണ് ഉമയം ചാലിലെ കച്ചവടക്കാരി കെ മിസിരിയക്കുണ്ടായത്‌. സർക്കാർ ഇതുവരെ ഒരു സഹായവും ചെയ്തില്ല. എംഎൽഎയും മറ്റും വന്ന് നോക്കി ഞങ്ങൾ കൂടെയുണ്ട് എന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്‌തില്ല. ഉമയം ചാലിൽ എ ജി സി സ്റ്റോർ ഉടമയാണ് അഞ്ചില്ലത്ത് കെ മിസിരിയ. ഇടവരമ്പ് പൊൻപുഴയിൽ താമസിക്കുന്ന കിടപ്പു രോഗിയായ സിജി അനീഷ് ഓലക്കരോട്ടിന്റെ അനുഭവവും വ്യത്യസ്തമല്ല. ആഗസ്റ്റ് ഒന്നിന്റെ ഉരുൾ പൊട്ടലിൽ പുരമുട്ടെ വെള്ളം കയറി. കുറയേറെ സാധനങ്ങൾ നശിച്ചു. രണ്ടാം ദിനവും വെള്ളം കയറി ബാക്കി ഉണ്ടായ സാധനങ്ങളും കൊണ്ടു പോയി. ഞങ്ങൾക്ക് നിലവിൽ ഒന്നുമി– സിജി പറഞ്ഞു. കിടപ്പു രോഗിയായ സിജിയുടെ ഭർത്താവ് അനീഷ് നടുവേദനയിൽ ചികിത്സയിലാണ്. രണ്ടു കൊച്ചുമക്കൾ പഠിക്കുകയാണ്. ഇടവരമ്പ് പുളിയിട്ട വയലിലെ കോറോത്ത് ജോർജിനും പറയാനുള്ളത്‌ സർക്കാർ അനാസ്ഥ തന്നെയാണ്‌. മലവെള്ളപ്പാച്ചിലിൽ കിണർ അഴുക്ക് വെള്ളം നിറഞ്ഞ് ചീത്തയായി. വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. കോഴിയും കോഴിക്കൂടും വരെ ഒഴുകിപ്പോയി. വലിയ നഷ്ടമാണ് ഉണ്ടായത്. സർക്കാർ സഹായിക്കാം എന്ന് പറഞ്ഞതല്ലാതെ ഒരു ചില്ലിക്കാശു പോലും തന്നിട്ടില്ല– ജോർജ്‌ പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ തകർന്ന പ്രദേശത്തെ റോഡും പാലങ്ങളും ഇനിയും നന്നാക്കിയിട്ടില്ല. രാജഗിരി– ജോസ്ഗിരി റോഡിന്റെ അവസ്ഥയും ദയനീയമാണ്.

ചെറുപുഴയിൽ ഇന്ന്‌ പ്രതിഷേധ കൂട്ടായ്മ

ചെറുപുഴ

ഉരുൾപൊട്ടൽ ദുരിതബാധിതരെ തുടർച്ചയായി അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെ ചെറുപുഴയിൽ ബുധനാഴ്‌ച പ്രതിഷേധ കൂട്ടായ്മ. എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന കൂട്ടായ്‌മ വൈകിട്ട്‌ നാലിന്‌ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home