അമരജീവിതം

പുതുക്കുടി പുഷ്പൻ
കണ്ണൂർ
പുതുക്കുടി പുഷ്പനെന്ന പേര് മൂന്നു പതിറ്റാണ്ടുകാലം മലയാളിയുടെ പുരോഗമന രാഷ്ട്രീയമനസ്സിൽ ജീവിക്കുന്ന ഇതിഹാസമായിരുന്നു. രണ്ടു വർഷംമുമ്പ് ഇതേദിവസം ബാക്കിവച്ചുപോയത് ഓർമകൾമാത്രമല്ല, നിറയെ ചുവന്ന സ്വപ്‌നങ്ങൾ കാണുന്ന ലോകത്തിന് നിരന്തരം ആവേശംകൊള്ളിക്കുന്ന അപൂർവമായൊരു ജീവിതകഥകൂടിയാണ്. അതിന്റെ അധ്യായങ്ങൾ ഇനിയും കേരളീയ രാഷ്ട്രീയമനസ്സിന് വായിച്ചുതീർക്കാനായിട്ടില്ല. മുദ്രാവാക്യമായും ഗാനശകലമായും പെയ്‌തുതീരാത്ത സമരമായും ആവേശമുതിർക്കുന്ന ചുവന്ന റോസാദളമായും പുതുക്കുടി പുഷ്‌പൻ പിന്നെയുംപിന്നെയും തലമുറകൾക്ക് ആവേശം പകരുന്നു. 1994ലെ നവംബറിൽ കൂത്തുപറമ്പിന്റെ തെരുവിൽ വെടിയേറ്റുവീണ ആ പോരാളി തുടർജീവിതംകൊണ്ടും മരണാനന്തരവും തന്റെ പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചമെങ്ങും പ്രസരിപ്പിക്കുന്ന ദീപഗോപുരമായി ഉയർന്നുനിൽക്കുകയാണ്. രക്തസാക്ഷിക്കുന്നിലെ ഒറ്റമരമാണ് പുഷ്‌പൻ. തേൻപൊഴിച്ചും പൂക്കൾ വർഷിച്ചും ആ തണൽ നമുക്ക് ശ്വാസംപകരുന്നു. ചൂടുള്ള ഇന്ത്യൻ വർത്തമാനത്തിൽ യുവാക്കൾ എന്തുകൊണ്ട് ജീവിതസമരം തുടരണമെന്ന ചോദ്യത്തിന്റെ മഹത്തായ ഉത്തരംകൂടിയാണ് ആ രക്തസാക്ഷിജീവിതം. രാജ്യതലസ്ഥാനവും കിഴക്കുവടക്കൻ തെരുവുകളും മുതൽ കേരളത്തിലെ യുവജന വിദ്യാർഥി പ്രക്ഷോഭങ്ങളിൽ വരെ പുഷ്പൻ എന്ന ആവേശം നമ്മളെ തൊടുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും തൊഴിലുകൾ കരാർവൽക്കരിച്ചും യുവജനങ്ങളുടെ തൊഴിൽസ്വപ്‌നത്തെ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായ പോരാട്ടത്തിലും ആ ഓർമകൾ ഒപ്പമുണ്ട്. ഒഴിവുകൾ നികത്താതെയും നിലവിലുള്ള തസ്തികകൾ വെട്ടിക്കുറച്ചും കരാർവൽക്കരണത്തിലൂടെ സ്ഥിരംതൊഴിൽ അട്ടിമറിച്ചും യുവജനങ്ങളെ കേന്ദ്രസർക്കാർ ദുരിത തീയിലെറിയുകയാണ്. സൈന്യത്തിലും മറ്റ് കേന്ദ്രസർക്കാർ സർവീസുകളിലും തൊഴിൽനിഷേധം തുടരുകയാണ്. പോരാട്ടമല്ലാതെ മറ്റു മാർഗങ്ങളില്ലാത്ത കാലത്ത് ഇത്തരം അനീതികൾക്കെതിരായ ചെറുത്തുനിൽപ്പുകൾക്ക് ഊർജവും ആവേശവുമാണ് സഖാവ് പുഷ്പന്റെ ഓർമകൾ. ജനകീയസമരങ്ങളെ തോക്കുകൊണ്ട് നേരിടുന്ന പൊലീസ് നയമാണ് കോൺഗ്രസ് ഭരണകാലത്തെന്ന ഓർമപ്പെടുത്തൽകൂടിയാണ് കൂത്തുപറമ്പും പുഷ്‌പനും. ആ ഭൂതകാലത്തെ വീണ്ടും ഓർമപ്പെടുത്തുന്ന നയങ്ങളുമായി സതീശൻ സർക്കാരിന്റെ ഉറഞ്ഞാട്ടം തുടങ്ങിക്കഴിഞ്ഞു. വലതുപക്ഷം മറക്കാൻ ആഗ്രഹിക്കുന്ന അധ്യായംകൂടിയാണ് പുഷ്‌പന്റെ ജീവിതം. മറക്കാൻ പാടില്ലാത്ത ഇന്നലെകളെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു എന്നതാണ് ആ രക്തസാക്ഷിത്വത്തിന്റെ സമകാലിക പ്രസക്തി. കൂത്തുപറമ്പ് പ്രക്ഷോഭത്തെ വളച്ചൊടിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ പലവട്ടം ശ്രമിച്ചിട്ടും താൻ വിശ്വസിച്ച പ്രസ്ഥാനത്തിനെതിരെ ഒരു നോക്കുകൊണ്ടുപോലും തെറ്റായ പ്രതികരണം സഖാവിൽനിന്ന് ഉണ്ടായില്ല. ചലനശേഷി വീണ്ടെടുക്കാൻ കഴിയുന്ന ഒരു കാലമുണ്ടായാൽ കൂത്തുപറമ്പിന്റെ മണ്ണിൽ പിടഞ്ഞുമരിച്ച സഖാക്കൾ കെ കെ രാജീവന്റെയും റോഷന്റെയും ബാബുവിന്റെയും മധുവിന്റെയും ഷിബുലാലിന്റെയും വീടുകളിൽ പോകണമെന്നും അവരുടെ സ്മൃതിമണ്ഡപത്തിനരികിൽ കുറച്ചുനേരം ഇരിക്കണമെന്നും പുഷ്‌പൻ ആഗ്രഹിച്ചു.








0 comments