Deshabhimani

കാട്ടുവള്ളികൾ നീങ്ങി, 
മാന്പൂക്കൾ ചിരിക്കും

കുറ്റ്യാട്ടൂർ മാവിന്റെ ചെറുമാന്തോപ്പ് പരിപാലിക്കുന്ന കർഷകൻ
avatar
കെ പ്രിയേഷ്‌

Published on Sep 28, 2026, 02:00 AM | 1 min read

മയ്യിൽ

അക്കേഷ്യയും കാട്ടുവള്ളികൾക്കും പകരം നിരന്നുനിൽക്കുന്ന മാവിൻതൈകൾ... പച്ചപ്പിന്റെ പുതിയ മാതൃകയ്‌ക്കാണ്‌ ഇവിടെ വേരുറയ്‌ക്കുന്നത്‌. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ലക്ഷ്യമിട്ടുള്ള കുറ്റ്യാട്ടൂർ മാവിന്റെ ചെറുമാന്തോപ്പുകളാണ്‌ ഇവിടെയൊരുങ്ങുന്നത്‌. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലാണ് കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് തൈകൾ ഉപയോഗിച്ച് അതിസാന്ദ്രതാ രീതിയിൽ കൃഷിയിടങ്ങൾ ഒരുക്കുന്നത്. ചെമ്പൻതൊട്ടിയിലെ അൻസു ജോർജിന്റെയും പയ്യാവൂരിലെ ജോസ് ആന്റണിയുടെയും നേതൃത്വത്തിൽ ഏക്കറുകണക്കിന് സ്ഥലത്താണ് കൃഷി. കൂത്തുപറമ്പ് വള്ള്യായിലെ ശാന്തിഗിരി ആശ്രമത്തിലും ഇരിട്ടി കുന്നോത്തുള്ള സെന്റ് തോമസ് എസ്റ്റേറ്റിലും സമാനരീതിയിൽ കൃഷിയാരംഭിച്ചു. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് ലക്ഷ്യമിട്ടാണ് അതിസാന്ദ്രതാ കൃഷിരീതി സ്വീകരിക്കുന്നത്. ഒരു ഏക്കറിൽ 112 തൈകൾവരെ നടാം. ശാസ്ത്രീയ പരിപാലനവും പ്രൂണിങ്ങുംവഴി ചെടികളെ നിയന്ത്രിത ഉയരത്തിൽ വളർത്താനും പന്തലിപ്പിക്കാനും കഴിയും. ഇതുവഴി വിളവെടുപ്പ് കുടുംബാംഗങ്ങൾക്കുതന്നെ നടത്താനാകുമെന്നതും പ്രത്യേകതയാണ്. നടീൽ കഴിഞ്ഞ് മൂന്നാംവർഷംമുതൽ വിളവെടുക്കാനാകുമെന്നാണ് പ്രതീക്ഷ. ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ മാങ്ങയും കമ്പനിതന്നെ സംഭരിക്കും. അതിനാൽ വിപണി കണ്ടെത്തുന്നതിന്റെ ആശങ്കയും കർഷകർക്ക് കുറയും. കൽപ്പണകളും അക്കേഷ്യ കാടുകളും നിറഞ്ഞ പ്രദേശങ്ങളെ ഉൽപ്പാദനക്ഷമമായ ഭൂമിയാക്കിമാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു. ഫലവൃക്ഷക്കൃഷിക്ക് സാധ്യത തുറക്കുകയാണ് ഇതിലൂടെ. ശാസ്ത്രീയ കൃഷിരീതിയും സർക്കാർ സഹായവും ഉറപ്പുള്ള വിപണിയും ഒരുമിക്കുന്നതോടെ കുറ്റ്യാട്ടൂർ മാവിന്റെ കൃഷിവ്യാപനത്തിന് ജില്ലയിൽ പുതിയ സാധ്യതകളാണ് സജ്ജമാകുന്നത്‌.

സർക്കാർ സഹായവും 
സാങ്കേതിക പിന്തുണയും

കൃഷിയിറക്കാൻ താൽപ്പര്യമുള്ളവർക്ക് വിവിധ പദ്ധതികളിലൂടെ സഹായമുണ്ട്‌. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഗ്രാഫ്റ്റ് തൈകൾക്ക് 75 ശതമാനം സബ്സിഡി ലഭിക്കും. കാടുനീക്കൽ, നിലമൊരുക്കൽ, തട്ടുതിരിക്കൽ, കുഴിയെടുക്കൽ, നടീൽ, വേലികെട്ടൽ, ജലസേചനം തുടങ്ങിയ പ്രവൃത്തികൾ വിബിജിആർഎഎംജി പദ്ധതിയിലൂടെയും അതത് പഞ്ചായത്തുകളിലൂടെയും ലഭ്യമാക്കും. ഗുണമേന്മയുള്ള ഗ്രാഫ്റ്റ് തൈകൾ, ശാസ്ത്രീയ പരിപാലനരീതി, പ്രൂണിങ് ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ കമ്പനി നൽകും. ഫോൺ: 80782 77256.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home