Deshabhimani

നേതാക്കളുടെ അറസ്‌റ്റ്‌ സിപിഐ എം പ്രതിഷേധിച്ചു

കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ കശാപ്പിനെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നയിച്ച സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും  
അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ നടന്ന പ്രകടനം. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌, സംസ്ഥാന കമ്മിറ്റിയംഗം  ടി വി രാജേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പുരുഷോത്തമൻ, എം സുരേന്ദ്രൻ  എന്നിവർ മുൻനിരയിൽ
വെബ് ഡെസ്ക്

Published on Oct 03, 2026, 03:00 AM | 1 min read

കണ്ണൂർ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ്‌കുമാർ രാജിവച്ച്‌ പുറത്തുപോകണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയടക്കമുള്ളവരെ അറസ്‌റ്റുചെയ്‌തതിൽ പ്രതിഷേധിച്ചും ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പ്രവർത്തകർ നഗരത്തിൽ പ്രകടനംനടത്തി. ​ ജനാധിപത്യം അട്ടിമറിച്ചും അവകാശങ്ങൾ നിഷേധിച്ചും മുന്നോട്ടുപോകുന്ന മോദി സർക്കാരിനെതിരായ യുവജനമാർച്ചിന് അനുമതി നിഷേധിച്ചും അഭിവാദ്യംചെയ്യാനെത്തിയ നേതാക്കളെ അകാരണമായി മർദിച്ചും അറസ്റ്റുചെയ്തും പൊലീസ്‌ അതിക്രമം തുടരുകയാണ്‌. സമരത്തെ ഇല്ലാതാക്കുകയും ഗ്യാനേഷ്‌കുമാറിനെ സംരക്ഷിക്കുകയുമാണ്‌ ലക്ഷ്യം. അമിത് ഷായുടെ വകുപ്പിനുകീഴിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന ഗ്യാനേഷ്‌കുമാർ ബിജെപിക്കുവേണ്ടി എന്തുംചെയ്യുന്ന ആളാണ്. ഇയാളെ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറായി നിയമിക്കുന്നതിനായി നിലവിലുണ്ടായിരുന്ന വ്യവസ്ഥതന്നെ അട്ടിമറിച്ചു. ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകർത്ത്‌, മതേതരത്വത്തെ ഇല്ലാതാക്കി ഒരു ഫാസിസ്റ്റ് രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് നരേന്ദ്രമോദിയുടെ ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞ്, വരും നാളുകളിൽ നാട്ടുകാരാകെ പ്രതിഷേധത്തിൽ മുന്നോട്ടുവരണമെന്നും സമരത്തെ അഭിവാദ്യംചെയ്‌ത്‌ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ പറഞ്ഞു. കാൾടെക്‌സിൽനിന്നാരംഭിച്ച പ്രകടനം പഴയ ബസ്‌സ്‌റ്റാൻഡിൽ സമാപിച്ചു. സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പി പുരുഷോത്തമൻ, കെ മനോഹരൻ തുടങ്ങിയവർ നേതൃത്വംനൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home