Deshabhimani

വർഷം മുഴുവൻ വിളയും
വിഷരഹിത പച്ചക്കറി

മാങ്ങാട്ടിടം കൈതേരി ഇടം വയലിൽ അഞ്ചേക്കർ പച്ചക്കറി കൃഷിയുടെ നടീൽ ഉത്സവം  പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ സന്ധ്യാലക്ഷ്‌മി ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 18, 2026, 03:00 AM | 1 min read

മാങ്ങാട്ടിടം വർഷം മുഴുവനും വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തിലേക്കാണ്‌ മാങ്ങാട്ടിടത്തിന്റെ സഞ്ചാരം. കൃഷിവകുപ്പും മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവനും ചേർന്നാണ്‌ സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ കർഷകനായ രാജൻ മാഷുടെ കൈതേരി ഇടംവയലിൽ അഞ്ച്‌ ഏക്കറിൽ പച്ചക്കറി കൃഷി ആരംഭിച്ചത്‌. മൂന്ന്‌ വയലുകളിലെ അഞ്ച്‌ ഏക്കറിൽ വീഡ്മാറ്റ് വിരിച്ചാണ് കൃഷി. കള ശല്യം ഒഴിവാക്കാനായി മൾച്ചിങ് ചെയ്ത് നിലമൊരുക്കിയാണ്‌ അത്യുത്പാദന ശേഷിയുള്ള വിത്തുകൾ നടന്നത്‌. കുമ്മായമിട്ട് മണ്ണിലെ അമ്ലത്വം ഇല്ലാതാക്കിയതിനൊപ്പം അഞ്ചിനം ജൈവവളം അടിവളമായി ചേർത്തു. പയർ, വെണ്ട, കക്കിരി, കയ്‌പ, പൊട്ടിക്ക, ചുരക്ക, പടവലം, കുമ്പളം, വെള്ളരി, ചീര, അവര തുടങ്ങിയവയാണ് കൃഷി. കൂത്തുപറന്പിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള അഞ്ച് വിപണന കേന്ദ്രം വഴിയും പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ആഴ്ച ചന്തകൾ വഴിയും വിൽപന നടത്തും. എല്ലാ വാർഡിലും ഓരോ ദിവസങ്ങളിലായി വണ്ടിയിലും വിപണന സാധ്യത ഒരുക്കിയിട്ടുണ്ട്. കുന്നുമ്പ്രം രാജൻ, കുനിയിൽ വത്സല എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്. ഓണത്തിന് 35ടൺ പച്ചക്കറിയാണ് ഉൽപാദന ലക്ഷ്യം. നടീൽ പഞ്ചായത്ത് പ്രസിഡന്റ് കെ സന്ധ്യാലക്ഷ്മി ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് കെ കെ വിപിൻ അധ്യക്ഷനായി. വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ഒ ടി രശ്മി, അംഗങ്ങളായ പ്രിയജ, എം സമിത്ത്, എം സജിത്ത്, കൃഷി ഓഫീസർ കെ അഖില, കൃഷി അസിസ്റ്റന്റ് ഓഫീസർ കെ മനോജ് കുമാർ, ആർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home