Deshabhimani

മിഷൻ കണ്ണൂർ മഖ്‌ന വൺ ലക്ഷ്യം നേടി

ആറളം ഫാമിനെ വിറപ്പിച്ച മോഴയാന ഇനി അഴിക്കൂട്ടിൽ

മോഴയാനയെ ലോറിയിൽ കയറ്റാൻ ആറളം ഫാം ബ്ലോക്ക്‌ പതിമൂന്നിൽ 
ഒരുക്കി നിർത്തിയ കുങ്കിയാനകളിലൊന്ന്

മോഴയാനയെ ലോറിയിൽ കയറ്റാൻ ആറളം ഫാം ബ്ലോക്ക്‌ പതിമൂന്നിൽ 
ഒരുക്കി നിർത്തിയ കുങ്കിയാനകളിലൊന്ന്

വെബ് ഡെസ്ക്

Published on Oct 02, 2026, 01:30 AM | 2 min read

ഇരിട്ടി

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി. ആളുകളെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ ആനയാണിത്‌. വ്യാഴം പകൽ 12 നാണ്‌ ആദ്യമയക്കുവെടിവച്ചത്‌. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും പിന്നീട് രണ്ടുതവണ മയക്കുവെടി നൽകി. എന്നാൽ, പൂർണമായും മയങ്ങാതെനിന്ന മോഴയാനക്ക്‌ അധിക ഡോസ്‌ മരുന്ന്‌ നൽകി ദ‍ൗത്യസംഘം നിയന്ത്രണത്തിലാക്കി. ഇ‍ൗ ഘട്ടത്തിലും ആനയുടെ ശാരീരിക ക്ഷമതയും കരുത്തും പ്രത്യേകമായി ദ‍ൗത്യസംഘം നിരീക്ഷിച്ച്‌ അപകടാവസ്ഥയില്ലെന്ന്‌ ഉറപ്പാക്കിയാണ്‌ മയക്കുവെടിയുതിർത്തത്‌. നേരത്തെ പത്ത്‌ കിലോമീറ്റർ അകലെ വളയഞ്ചാലിൽ ഒരുക്കി നിർത്തിയ രണ്ട് കുങ്കിയാനകളെ സംഭവസ്ഥലത്ത് എത്തിച്ചു. മയക്കുവെടിയേറ്റിട്ടും മണിക്കൂറുകളോളം മയങ്ങാതിരുന്ന മോഴയുടെ അടുത്തേക്ക് കുങ്കിയാനകളെ എത്തിക്കൽ ദ‍ൗത്യം പിന്നെയും ഏറെ വൈകിപ്പിച്ചു. അപകടം ഒഴിവാക്കാനായിരുന്നു ഇ‍ൗ വൈകിപ്പിക്കൽ. കുങ്കി വിക്രമിനെ ആദ്യം മോഴക്കടുത്ത്‌ എത്തിച്ചു. പിന്നാലെ ഉണ്ണികൃഷ്ണനെയും ഭരതിനെയും കെഎം വൺ മോഴയെ കീഴ്‌പ്പെടുത്താൻ സ്ഥലത്തെത്തിച്ചു. പകൽ മൂന്നോടെ മൂന്ന്‌ കുങ്കിയാനകൾ മയക്കുവെടിയേറ്റ മോഴക്ക്‌ ചുറ്റും താങ്ങായി നിലയുറപ്പിച്ചു. ഇതിനിടയിൽ ഫാമിലെ കക്കുവ ചെക്‌പോസ്റ്റ്‌ മുതൽ പതിമൂന്നാം ബ്ലോക്ക് പരിപ്പ്തോട് വരെ മൂന്ന്‌ കിലോമീറ്റർ ദൂരത്തിൽ ആനയെ തളച്ച ഭാഗത്തേക്കുള്ള വാഹനഗതാഗതവും കാൽനടയാത്രയും അധികൃതരും പൊലീസും തടഞ്ഞു. ഇരിട്ടി ഡെപ്യൂട്ടി തഹസിൽദാർ വിജിയുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് സംഘം എത്തിയപ്പോഴും ആദ്യം പൊലീസ് അവരെയും തടഞ്ഞു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ഉറപ്പാക്കിയാണ്‌ അധികൃതരെ സ്ഥലത്തേക്ക് കടത്തിവിട്ടത്. മാധ്യമപ്രവർത്തകരെയും ജനങ്ങളെയും മൂന്ന് കിലോമീറ്റർ അകലെ തടഞ്ഞു.


ഒപ്പം കൂടിയത്‌ 6 കാട്ടാനകൾ

​ഇരിട്ടി

വ്യാഴം പുലർച്ചെ അഞ്ചരയോടെയാണ് മോഴയെയും കൂടെയുണ്ടായിരുന്ന ആറ്‌ കൊമ്പന്മാരെയും പതിമൂന്നാം ബ്ലോക്കിലെ ഓടച്ചാൽ ഭാഗത്ത് നിരീക്ഷണ സംഘം കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കൊമ്പനാനകളെ മോഴയിൽനിന്നും അകറ്റി മയക്കുവെടിവയ്‌ക്കാനുള്ള സാഹചര്യമൊരുക്കി. വാഹനം എത്തുന്ന റോഡിൽനിന്ന് 300 മീറ്ററോളം ഉൾക്കാട്ടിലാണ് മയക്കുവെടിവയ്‌ക്കാൻ പാകത്തിന് മോഴയെ നിർത്തിയത്‌. മയക്കിയശേഷം ജെസിബി ഉപയോഗിച്ച്‌ മോഴ നിൽക്കുന്നിടത്തേക്ക്‌ പുതിയ റോഡ് നിർമിച്ചു. ഇതിനിടെയുണ്ടായ കനത്ത മഴ നടപടി ദുഷ്കരമാക്കി. പുതിയ റോഡിൽ താഴ്ന്നുപോയ ലോറിയെ യന്ത്ര സഹായത്തോടെ മോഴയുടെ സമീപം എത്തിച്ചു. മോഴയെ പിന്നീട് കുങ്കിയാനകൾ തള്ളി ലോറിയിൽ കയറ്റി. തുടർന്ന് കണ്ണ് മൂടികെട്ടി ഉന്നത വനപാലകരുടെ അകമ്പടിയോടെ വയനാട് മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റി. ഇവിടെ പ്രത്യേകം തയ്യാറാക്കിയ ആനക്കൊട്ടിലിൽ പാർപ്പിക്കുന്ന ആനയെ ആരോഗ്യസ്ഥിതിയും മറ്റു സാഹചര്യങ്ങളും നിരീക്ഷിച്ച്‌ റേഡിയോ കോളർ ഘടിപ്പിച്ച് വയനാട് മേഖലയിലെ വനത്തിൽ തുറന്ന്‌ വിടാനാണ്‌ തീരുമാനം. ഡിഎഫ്ഒ കെ സജി, ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ, കൊട്ടിയൂർ റെയിഞ്ചർ ടി നിഥിൻരാജ്, കണ്ണവം റെയിഞ്ചർ സുധീർ നരോത്ത്, ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യാ രാഘവൻ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home