സായ് കൃഷ്ണക്ക് കണ്ണൂർ വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം

കണ്ണൂർ വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ സായ് കൃഷ്ണക്ക് കീഴല്ലൂർ പഞ്ചായത്തിന്റെ ഉപഹാരം വി കെ സനോജ് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് സി സജീവനും ചേർന്ന് നൽകുന്നു
മട്ടന്നൂർ
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ദേശീയതലത്തില്‍ നല്‍കുന്ന ഇന്‍സ്‌പെയര്‍ മനാക് അവാര്‍ഡില്‍ മൂന്നാം സ്ഥാനം നേടി നാടിന് അഭിമാനമായ എടയന്നൂര്‍ ജിവിഎച്ച്എസ്എസിലെ ഒന്പതാം ക്ലാസ് വിദ്യാര്‍ഥി ഇ കെ സായ് കൃഷ്ണക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങിൽനിന്ന് അവാര്‍ഡ് വാങ്ങി ഡൽഹിയിൽനിന്ന് ശനിയാഴ്‌ച രാത്രി വിമാനത്താവളത്തിൽ വന്നിറങ്ങിയ സായ്കൃഷ്ണയെ സ്വീകരിക്കാൻ വിവിധ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ബന്ധുക്കളും എടയന്നൂർ ഹൈസ്കൂളിലെ കുട്ടികളുമായി നൂറുകണക്കിന് പേരാണ് വിമാനത്താവളത്തിലെത്തിയത്. എംപിമാരായ വി ശിവദാസൻ, പി സന്തോഷ് കുമാർ, വി കെ സനോജ് എംഎൽഎ, പി കെ ശ്രീമതി, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി സജീവൻ, വൈസ് പ്രസിഡന്റ് വി വി വനജ, സ്ഥിരം സമിതി ചെയർമാന്മാരായ ടി രുധീഷ്, വി ജസ്ന, മട്ടന്നൂർ എഇഒ കെ ബിന്ദു, എടയന്നൂർ ജിഎച്ച്എസ് പ്രധാനാധ്യാപിക എം ജി ഗീത, വി ആർ ഭാസ്‌കരൻ, ബിജു ഏളക്കുഴി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പൂർവ വിദ്യാർഥിയായ സായ് കൃഷ്ണക്ക് കാനാട് എൽപി സ്കൂൾ പ്രധാനാധ്യാപകൻ വി രാജേഷിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കാനാട് കരിയിൽ എകെജി സ്മാരക വായനശാല നേതൃത്വത്തിൽ നാട്ടിൽ പൗര സ്വീകരണം നൽകി. വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വീട്ടിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം വി സരള, മുൻ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എൻ വി ചന്ദ്രബാബു, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ വി ജസ്‌ന, വായനശാല സെക്രട്ടറി പി സി നിധേഷ് എന്നിവർ സംസാരിച്ചു. പി കെ ചന്ദ്രൻ സ്വാഗതവും പി മിഥുൻ നന്ദിയും പറഞ്ഞു. ബോട്ടപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനുള്ള സ്മാര്‍ട്ട് അണ്ടര്‍വാട്ടര്‍ ബോട്ട് അലാറമാണ് സായ് കൃഷ്ണയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നാലുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കെഎസ്ഇബി ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ കാനാട്ടെ രാമകൃഷ്ണന്‍ മനിയേരിയുടെയും എടയന്നൂര്‍ ജിഎച്ച്എസ് അധ്യാപിക ഇ കെ സിനിയുടെയും മകനാണ്.









0 comments