ജനകീയാസൂത്രണത്തിന്റെ ചരിത്രം ഓർമപ്പെടുത്തണം: ഡോ. തോമസ് ഐസക്

കണ്ണൂർ ജനകീയാസൂത്രണകാലത്തിന്റെ ചരിത്രം വരുംതലമുറയെ ഓർമപ്പെടുത്തണമെന്നും രാപ്പകൽ, പ്രതിഫലമില്ലാതെ പണിയെടുത്ത ആയിരക്കണക്കിനാളുകൾ കേരളത്തിലുണ്ടായിരുന്നു എന്നുള്ളത് നാളെ വിശ്വസിക്കണമെന്നില്ലെന്നും സാന്പത്തിക വിദഗ്ധനും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക്. ‘കേരളത്തിലെ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും നേരിടുന്ന സമകാലിക വെല്ലുവിളികൾ’ ചർച്ച ചെയ്യുന്നതിനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണ കാലത്തെ ഓർമപ്പെടുത്തലിന് peoplesplanning.com എന്നൊരു പോർട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കാണാം. പോർട്ടലിൽ അധികാര വികേന്ദ്രീകരണത്തിനുള്ള എല്ലാ വിവരങ്ങളുമുണ്ടാകും. ജനകീയാസൂത്രണ പ്രവർത്തകരുടെ ഓർമക്കുറിപ്പുകൾ മൂന്ന് വാല്യങ്ങളായി 2000 പേജിൽ ‘ജനകീയാസൂത്രണം: ജനകീയ ചരിത്രം' എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിക്കും. ആവശ്യമുള്ള വിഷയം സെർച്ച് ചെയ്യാൻ പറ്റുംവിധം വെബ്സൈറ്റും ഹാഷ്ടാഗുകളും സജ്ജമാക്കണം. ജനപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തി പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും നേരിടുന്ന പ്രതിസന്ധികൾ, പ്രാദേശിക വികസനത്തിലെ പുതിയ വെല്ലുവിളികൾ, ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം, ജനകീയാസൂത്രണത്തിന്റെ ഭാവി തുടങ്ങിയവയൊക്കെ ചർച്ചയായി. സി പി ഹരീന്ദ്രൻ അധ്യക്ഷനായി. കെ ശിവകുമാർ, എ വി സുരേന്ദ്രൻ, കെ കെ രവി, സി പ്രദീപ്, യു ജനാർദനൻ, സി പി ലക്ഷ്മിക്കുട്ടി, ഏഴിൽരാജ്, റജി കുറ്റ്യാട്ടൂർ, കെ കെ റിഷ്ന, പി വി രത്നാകരൻ, ജയപ്രകാശ് പന്തക്ക, പി വി ജയശ്രീ , ബിജു നിടുവാലൂർ, എം ദിവാകരൻ, പി പി ബാബു എന്നിവർ സംസാരിച്ചു.









0 comments