Deshabhimani

മഴ പെയ്യുമോ? നെൽകൃഷി വരളുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2026, 02:00 AM | 1 min read

കണ്ണൂർ

കാലാവസ്ഥയിലെ മാറ്റം ഇക്കുറി നെൽകൃഷിക്ക്‌ വലിയ തിരിച്ചടിയാകുമെന്ന്‌ ആശങ്ക. ജില്ലയിലെ പല പാടശേഖരങ്ങളിലും ഒന്നാംവിള കതിരിടുന്ന കാലയളവിൽ നേരിടേണ്ടിവന്ന മഴക്കുറവ്‌ പതിരിന്റെ അളവ്‌ ഗണ്യമായി വർധിക്കുമെന്ന്‌ ഉറപ്പായി. ഇത്‌ വിളവിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ്‌ ആശങ്ക. രണ്ടുവിള കൃഷിയിറക്കുന്ന പാടശേഖരങ്ങളിൽ പലയിടത്തും ഞാറ്‌ പറിച്ചുനടാനൊരുങ്ങുകയാണ്‌. ഞാറ്റടിയുടെ വളർച്ചയെ മഴക്കുറവ്‌ നന്നായി ബാധിച്ചു. ഞാറ്‌ പറിച്ചുനടാൻ വയൽ പൂട്ടുന്നതിനും മഴക്കുറവ്‌ തടസ്സമായി. തടയണ ഉപയോഗിച്ച്‌ വെള്ളമെത്തിച്ചും മോട്ടോർ പന്പ്‌ വെച്ച് നനച്ചുമാണ്‌ പല പാടശേഖരങ്ങളിലും ട്രാക്ടർ ഇറക്കിയത്‌. മഴയ്‌ക്കായുള്ള കാത്തിരുപ്പ്‌ സമയബന്ധിതമായ കൃഷിപ്പണിക്കും തടസമായി. മഴക്കുറവിനൊപ്പം മയ്യിൽ പഞ്ചായത്തിലെ കീഴാലം വയൽ, കീഴൽ വയൽ, ഞാറ്റുവയൽ പ്രദേശങ്ങളിൽ ഞാറ്റടിക്ക്‌ ഇലകരിച്ചിൽ രോഗവും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. 20–25 ദിവസം പ്രായമായ ഞാറ്റടി മഞ്ഞച്ച്‌ വളർച്ച മന്ദഗതിയിലാണ്‌. കൃഷി ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി ഇത്‌ ബാക്ടീരിയൽ രോഗമാണെന്ന്‌ കണ്ടെത്തി പ്രതിവിധി നിർദേശിച്ചിട്ടുണ്ട്‌. ഇലകരിച്ചിലും മഴക്കുറവും പകലും രാത്രിയിലും അനുഭവപ്പെടുന്ന കടുത്ത ചുടും കൃഷിക്ക്‌ പ്രതികൂലമാവുമെന്നാണ്‌ വിലയിരുത്തൽ. കണ്ണപുരം അയ്യോത്ത്‌ വയലിലും ഇലകരിച്ചിൽ വ്യാപകമാണ്‌. അതിയടം, ശ്രീസ്‌ഥ ഉൾപ്പെടെയുള്ള പാടശേഖരങ്ങളിൽ നിലമൊരുക്കുന്ന പ്രവൃത്തി മഴക്കുറവുമൂലം നിലച്ചിരിക്കയാണ്‌. തോടിന്‌ തടയണ തീർത്ത്‌ വയലുകളിൽ വെള്ളമെത്തിച്ച്‌ ചൊവ്വാഴ്‌ചയാണ്‌ ട്രാക്ടർ ഇറക്കാനായത്‌. 24 മുതൽ മഴ ലഭിക്കുമെന്നാണ്‌ കാലാവസ്ഥാപ്രവചനം. ഇ‍ൗ മഴ കൃഷിക്ക്‌ നന്നായി പ്രയോജനപ്പെടുത്താൻ മഴക്കൊയ്‌ത്തിന്‌ തൊഴിലുറപ്പ്‌ തൊഴിലാളികളുടെ സേവനം ഉൾപ്പെടെ പ്രയോജനപ്പെടുത്താൻ കൃഷി വകുപ്പ്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. ഇനി ലഭിക്കുന്ന മഴവെള്ളം ഒഴുകിപ്പോകാതെ സംഭരിച്ച്‌ കൃഷിക്ക്‌ ഉപയോഗപ്പെടുത്താനാണ്‌ നീക്കം. വാഴ, പച്ചക്കറി ഉൾപ്പെടെയുള്ള കൃഷിയെയും മഴക്കുറവ്‌ കാര്യമായി ബാധിക്കും. മഴക്കുറവ്‌ നികത്താനായില്ലെങ്കിൽ നാളികേരത്തിന്റെ ഉൽപാദനത്തെയും സാരമായി ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home