വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് നിർമാണം തുടങ്ങി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമിക്കുന്ന താൽക്കാലിക ഹജ്ജ് ക്യാമ്പിന്റെ കാൽനാട്ടൽ കിയാൽ എം ഡി സി ദിനേശ് കുമാർ നിർവഹിക്കുന്നു.
മട്ടന്നൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ നിർമാണം തുടങ്ങി. പന്തലിന്റെ കാൽനാട്ടൽ കിയാൽ എംഡി സി ദിനേശ് കുമാർ നിർവഹിച്ചു. വിമാനത്താവളത്തിൽ ടെർമിനൽ കെട്ടിടത്തിനും പൊലീസ് സ്‌റ്റേഷനും ഇടയിലുള്ള സ്ഥലത്താണ് ഹജ്ജ് ക്യാമ്പ് സജ്ജീകരിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം മെയ് അഞ്ചിന് നടക്കും. ആറിന് പുലർച്ചെ 5.15നാണ് കണ്ണൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം പറന്നുയരുക. ഇത്തവണ 13 സർവീസുകളാണ് ജിദ്ദയിലേക്ക് നടത്തുക. സൗദി എയർലൈൻസിന് കീഴിലുള്ള ഫ്ലൈ അദീൽ കമ്പനിയാണ് കണ്ണൂരിൽനിന്ന് ഹജ്ജ് സർവീസ് നടത്തുന്നത്. 4286 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളത്തിലെ പുറപ്പെടൽ കേന്ദ്രം വഴി ഹജ്ജിന് പോകുന്നത്. ഹജ്ജ് കമ്മിറ്റിയംഗം പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. ഹജ്ജ് കമ്മിറ്റിയംഗങ്ങളായ ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, കിയാൽ സിഒഒ അശ്വിനികുമാർ, സിഎഫ്ഒ എസ് ജയകൃഷ്ണൻ, നിസാർ അതിരകം, സി കെ സുബൈർ ഹാജി, എം സി കെ അബ്ദുൾ ഗഫൂർ, സമീർ അഴീക്കോട്, അബ്ദുസ്സലാം, ടി അജയകുമാർ, താജുദ്ദീൻ മട്ടന്നൂർ എന്നിവർ സംസാരിച്ചു.










0 comments