ജലസംരക്ഷണം പഠിപ്പിക്കാൻ വളന്റിയർമാരെത്തുന്നു

സുപ്രിയ സുധാകർ
Published on Oct 09, 2025, 03:00 AM | 1 min read
കണ്ണൂർ ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും പുനരുപയോഗവും ശുചിത്വവും സമൂഹത്തിന്റെ കടമയാക്കി വളർത്തിയെടുക്കാൻ ജല വളന്റിയർമാരെത്തുന്നു. മഴവെള്ള ശേഖരണം ഉൾപ്പെടെയുള്ള സംരക്ഷണപ്രവർത്തനങ്ങൾ ജനമനസുകളിലേക്ക് ആഴത്തിലെത്തിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണിത്. വളന്റിയര്‍മാരെ കണ്ടെത്താനുള്ള രജിസ്‌ട്രേഷന്‍ 25ന് ആരംഭിക്കും. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ഭൂഗർഭ ജലവകുപ്പ്, സന്നദ്ധ സംഘടനയായ മോർ എന്നിവയാണ് സേനാരൂപീകരണത്തിന് നേതൃത്വം നൽകുന്നത്. കണ്ണൂർ സർവകലാശാലയിലെയും വിദ്യാലയങ്ങളിലെയും സാങ്കേതിക കലാലയങ്ങളിലെയും എൻഎസ്എസ്, കുടുംബശ്രീ, ഗ്രന്ഥശാലകൾ എന്നിവയുടെ സഹായവുമുണ്ടാകും. താൽപ്പര്യമുള്ളവർക്ക് ഓൺലൈനിൽ വളന്റിയറായി രജിസ്‌റ്റർചെയ്യാം. ഇവരെ പ്രാദേശികാടിസ്ഥാനത്തിലുള്ള ഗ്രൂപ്പായി തിരിക്കും. ഇതിന് ഓരോ രജിസ്‌റ്റർ നന്പറും നൽകും. ഓരോ ഗ്രൂപ്പിനും ഓൺലൈനായി രണ്ടാഴ്ചയിൽ ഒരിക്കൽ ക്ലാസുകൾ നൽകും. ഓരോ പ്രാദേശിക ഗ്രൂപ്പിലും കുറഞ്ഞത് അഞ്ച് പേരാണ് ഉണ്ടാകുക. കൂടിയത് 30 പേരും. ഒരു പ്രമോട്ടറും സഹപ്രമോട്ടറും ഉണ്ടാകും. ജലസംരക്ഷണ, ജല സാക്ഷരതാ പ്രവർത്തനങ്ങൾ സംബന്ധിച്ച് തയ്യാറാകുന്ന മൊഡ്യൂൾ അനുസരിച്ചാണ് ഓൺലൈനായി ക്ലാസുകൾ നൽകുക. കണ്ണൂർ ജില്ലയിൽ ജലക്ഷാമ മേഖല (സെമി ക്രിട്ടിക്കൽ)കളായ പാനൂർ, തലശേരി, കണ്ണൂർ ബ്ലോക്കുകളിലാണ് വാട്ടർ വളന്റിയർ സേന ആദ്യ ഘട്ടത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. ഒന്നാം ഘട്ടത്തിൽ വാട്ടർ വളന്റിയർ ഗ്രൂപ്പ് രൂപീകരണവും സംഘടനാ സംവിധാനത്തിലേക്ക് ഉയർത്തിക്കൊണ്ടുവരലും നടത്തും. വളന്റിയർമാരുടെ ഗ്രൂപ്പുകൾ പ്രാദേശിക അടിസ്ഥാനത്തിലാണ് രൂപീകരിക്കുക. രണ്ടാംഘട്ടത്തിൽ ബോധവൽക്കരണ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തും. ബോധവൽക്കരണത്തിന് സമൂഹമാധ്യമങ്ങളെയും ഉപയോഗിക്കും. ജല സംരക്ഷണ-, ജല സാക്ഷരതാ പ്രവർത്തന മേഖലയിലെ പ്രദേശിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹാര നിർദേശങ്ങൾ തയ്യാറാക്കുകയാണ് പ്രാദേശിക ഗ്രൂപ്പുകളുടെ ആദ്യ പ്രവർത്തനം. സാമ്പത്തിക ബാധ്യത ഇല്ലാതെ അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ, സാമ്പത്തിക പിന്തുണയോടെ ഏറ്റെടുക്കേണ്ടവ, ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ടവ എന്നിങ്ങനെ പട്ടികയാക്കി തിരിക്കും. മുൻഗണനാക്രമം നിശ്ചയിച്ച് ഏറ്റെടുക്കുന്ന പദ്ധതികൾ ഓരോ ഘട്ടങ്ങളിലും അവലോകനം നടത്തി പോയിന്റ് നൽകും. പ്രാദേശിക ഗ്രൂപ്പുകൾക്ക് ലഭിക്കുന്ന പോയിന്റ് പരിഗണിച്ച് ഗ്രൂപ്പിലെ വളന്റിയർമാർക്ക് ബാഡ്ജ് സമ്മാനിക്കും. പോയിന്റുകളെ അടിസ്ഥാനപ്പെടുത്തി ഗ്രൂപ്പുകൾക്ക് വിവിധ പുരസ്‌കാരങ്ങളും നൽകും.










0 comments