മണ്ണ് നിലവിളിക്കുന്നു

ഉരുൾ പൊട്ടലിനെത്തുടർന്ന് വാസയോഗ്യമല്ലാതായിത്തീർന്ന ചെറുപുഴ ഇല്ലിമൂട്ടിൽ സാബുവിന്റെ വീടും പറമ്പും (ഫയൽചിത്രം)
ചെറുപുഴ
ചെറുപുഴയിലും പരിസരത്തും ജീവിതം ഉരുളെടുത്തിട്ട് മാസം ഒന്നുകഴിഞ്ഞു. മേൽമണ്ണ് പൂർണമായും ഒഴുകിപ്പോയ ഇവിടെ കൃഷി മാത്രമല്ല ജീവിതം തന്നെ ദുസ്സഹമായി. കഴിഞ്ഞ ആഗസ്‌ത് ഒന്നിനാണ് ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ, രാജഗിരി, ജോസ്ഗിരി, താബോർ എന്നിവിടങ്ങളിലായി 28 ഓളം വലുതും ചെറുതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. പ്രളയബാധിത പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്നത് മൂലവും കുത്തൊഴുക്കിൽ മേൽമണ്ണ് നഷ്ടപ്പെട്ടതിനാലും കൃഷിയിടങ്ങളാകെ നശിച്ചു. ഉള്ള കൃഷി തന്നെ നശിച്ചുകൊണ്ടിരിക്കയാണ്. കുരുമുളക്, വാഴ, കമുങ്ങ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കൃഷികളെല്ലാം രോഗം ബാധിച്ച് നശിച്ചു. കുത്തൊഴുക്ക് മൂലം മേൽമണ്ണ് നഷ്ടപ്പെട്ടതാണ് കൃഷിനാശത്തിന് പ്രധാന കാരണം. വേര് ചീച്ചൽ മൂലം വാഴകൾ പഴുത്ത് മറിഞ്ഞുവീഴുകയാണ്. കുരുമുളക് വള്ളികളും ഉണങ്ങി. കാര്യങ്കോട് പുഴയുടെ ഓരങ്ങളിൽ താമസിക്കുന്ന കർഷകരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. എൽസമ്മ ഏലിയാസിന്റെ കൃഷിയിടത്തിൽ 2,500 കുലച്ച വാഴകളിൽ ഭൂരിഭാഗവും നശിച്ചു. പൊതു പ്രവർത്തകൻ പുളിങ്ങോത്തെ കെ ഡി അഗസ്റ്റിന്റെ കൃഷിയിടത്തിൽ 150 കവുങ്ങാണ് വേര് ചീഞ്ഞ് പഴുപ്പ് ബാധിച്ച് നശിച്ചത്. ഇവിടെ 200 വാഴയും ചെറിയ തെങ്ങുകൾ മുഴുവനും നശിച്ചു. മീന്തുള്ളി നോർത്തിലെ എൻ ശങ്കരൻകുട്ടിയുടെ ഇഞ്ചി, മഞ്ഞൾ കൃഷിയും നശിച്ചു. മീന്തുള്ളിയിലെ ബേബിയുടെ കൃഷിയിടത്തിലും മീന്തുള്ളി നോർത്തിലെ ഫിലിപ്പിന്റെ കൃഷിയിടത്തിലും അവസ്ഥ സമാനമാണ്. മലവെള്ളപ്പാച്ചിലിൽ പുഴയുടെ ഇരു കരകളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും നാട്ടുകാർക്ക് ദുരിതമാണ്. ഇത് സംസ്‌കരിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഇനിയും നടപടിയില്ല. കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരത്തിനായി ഓൺലൈനിൽ അപേക്ഷിക്കാനുള്ള സമയം ശനിയാഴ്‌ചയോടെ കഴിഞ്ഞു. കുത്തൊഴുക്കിൽ മേൽമണ്ണ് നഷ്ടപ്പെട്ടതിനാൽ കൃഷിനാശം ഇനിയും ഉണ്ടാകുമെന്ന് കൃഷിയിടം സന്ദർശിച്ച ചെറുപുഴ കൃഷി ഭവൻ അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.
കൃഷിസ്ഥലം പുഴയായി
കുത്തിയൊലിച്ച പ്രളയത്തിൽ, കൃഷിസ്ഥലം പുഴയുടെ കൈവഴിയായി. കുത്തൊഴുക്കിൽ ഉരുളൻ കല്ലും മറ്റ് അഴുക്കുകളും അടിഞ്ഞുകൂടി സ്ഥലം കൃഷിയോഗ്യമല്ലാതായി മാറി. അധികൃതർ കനിഞ്ഞില്ലെങ്കിൽ ജീവിതം പെരുവഴിയിലാകും.
എൻ ശങ്കരൻകുട്ടി, കർഷകൻ
ഭാവി ഇരുളടഞ്ഞു
രണ്ടുതവണയായി കാര്യങ്കോട് പുഴയിൽനിന്നും കൃഷിയിടത്തിൽ വെള്ളം കയറി. കൃഷിയിടം മുഴുവനായും നശിച്ചുപോകുന്ന അവസ്ഥയാണ്. ഭാവി എന്താകുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്.
എ ഡി എസ് ജേക്കബ് , കർഷകൻ









0 comments