വഴി മുടക്കി റെയിൽവേ

റെയിൽവേ വഴി ചങ്ങലകൊണ്ട് ബന്ധിച്ചതോടെ പുറത്തേക്ക് കടക്കാനാകാതെ നിൽക്കുന്ന യാത്രക്കാർ
സ്വന്തം ലേഖിക
Published on May 15, 2026, 02:22 AM | 1 min read
കണ്ണൂർ
യാത്രക്കാരുടെ വഴി മുടക്കി റെയിൽവേ. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ബെലൈനിന് സമീപം പുറത്തേക്ക് കടക്കാനുള്ള വഴി അടച്ചതോടെ യാത്രക്കാർ ബുദ്ധിമുട്ടിൽ. മെമു ട്രെയിനിലേക്ക് കയറാനും ഇറങ്ങാനും സാധിക്കുന്ന റെയിൽവേ സ്‌റ്റേഷന്റെ മുൻഭാഗത്താണ് കാൽനട യാത്ര തടസ്സപ്പെടുത്തി ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നത്. സ്‌റ്റേഷന്റെ വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്ത് നടക്കാൻപോലും ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് യാത്രക്കാർ. കണ്ണൂർ റെയിൽവേ സ്‌റ്റേഷന് മുൻവശത്തെ ബെലൈനിന് സമീപത്തെ വഴിയാണ് ചങ്ങലയിട്ട് ബന്ധിച്ചത്. മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകളിലെ അവസാന ബോഗികളിൽനിന്ന് ഇറങ്ങുന്നവരും മെമു യാത്രക്കാരും പുറത്തേക്ക് കടക്കാൻ പ്രധാനമായും ഇൗ വഴിയാണ് തെരഞ്ഞെടുക്കുന്നത്. റെയിൽവേ സ്‌റ്റേഷന്റെ പ്രധാന കവാടത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആ വഴിയും അടച്ചിട്ടിരിക്കുകയാണ്. പുറത്തുകടക്കാൻ ടിക്കറ്റ് കൗണ്ടറിന്റെ ഭാഗത്തെ വഴിമാത്രമാണുള്ളത്. ദൂരയാത്ര കഴിഞ്ഞെത്തുന്നവർക്ക് ലഗേജുൾപ്പെടെ പുറത്തെത്തിക്കാനും ഇൗ വഴി ഏറെ സഹായകരമായിരുന്നു. ഇതാണ് അറിയിപ്പൊന്നുമില്ലാതെ അടച്ചിട്ടത്.









0 comments