മാനവികതയുടെ സന്ദേശവുമായി ജഗന്നാഥ ക്ഷേത്ര മഹോത്സവം

ജഗന്നാഥ ക്ഷേത്ര മഹോത്സവ സാംസ്‌കാരിക സമ്മേളനം ജില്ലാ ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
തലശേരി
തലശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജില്ലാസെഷന്‍സ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ആഴത്തില്‍ വേരുള്ള തലശേരിയില്‍ ജനങ്ങള്‍ ഏകോദര സഹോദരങ്ങളെപോലെ ശാന്തമായി ജീവിക്കുന്ന പ്രദേശമാണെന്ന് ലോകത്തെവിടെയും പോയി അഭിമാനത്തോടെ പറയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ഗവ. പ്ലീഡര്‍ കെ അജിത്കുമാര്‍ അധ്യക്ഷനായി. ശ്രീനാരായണഗുരുവിന്റെ സാമൂഹ്യ ദർശനം വിഷയത്തിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. അരയാക്കണ്ടി സന്തോഷ് വിശിഷ്ടാതിഥിയായി. ടി പി അബ്ദുള്‍ റഹ്‌മാന്‍, ബി കാര്‍ത്തികേയന്‍, പി ആര്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജ്ഞാനോദയ യോഗം ഡയറക്ടര്‍ ടി സി ദിലീപ് സ്വാഗതവും ജ്ഞാനോദയം ഡയറക്ടര്‍ രവീന്ദ്രന്‍ മുരിക്കോളി നന്ദിയും പറഞ്ഞു. വൈകിട്ട് ശീവേലി എഴുന്നള്ളത്ത്, എഴുന്നള്ളത്ത് എന്നിവ നടന്നു. കോഴിക്കോട് സ്വീറ്റ് മെലഡി ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറി. ചൊവ്വാഴ്ച വൈകിട്ട് 5.15ന് ശീവേലി എഴുന്നള്ളത്തും രാത്രി 9ന് എഴുന്നള്ളത്തും നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. 'ജഗന്നാഥ ക്ഷേത്രവും ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹവും' വിഷയത്തില്‍ സി എം വിനയചന്ദ്രന്‍ പ്രഭാഷണം നടത്തും. സാരഥി കുവൈറ്റ് പ്രസിഡന്റ് എംപി ജിതേഷ് വിശിഷ്ടാതിഥിയാകും. റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ മുഖ്യാതിഥിയാകും.









0 comments