ad
Deshabhimani

പാപ്പിനിശേരി, താവം റെയിൽവേ മേൽപ്പാലങ്ങൾ വിദഗ്‌ധസംഘം സന്ദർശിച്ചു

എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്‌ധസംഘം താവം 
മേൽപ്പാലം പരിശോധിക്കുന്നു

എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ വിദഗ്‌ധസംഘം താവം 
മേൽപ്പാലം പരിശോധിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Sep 21, 2025, 02:00 AM | 2 min read

ചെറുകുന്ന്

പാപ്പിനിശേരി– പിലാത്തറ കെഎസ്ടിപി റോഡിലെ ചെറുകുന്ന് താവം, പാപ്പിനിശേരി റെയിൽവേ മേൽപ്പാലങ്ങൾ വിദഗ്‌ധ സംഘം പരിശോധിച്ചു. നിലവിലെ അപാകം അടിയന്തരമായി പരിഹരിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം കെഎസ്ടിപി പ്രൊജക്ട്‌ ഡയറക്ടർ എം അഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതം സുഖമമാക്കാനുള്ള അടിയന്തര നടപടിക്കാണ് പ്രാമുഖ്യം നൽകുക. രണ്ട് റെയിൽവേ മേൽപ്പാലങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന തകരാറുകൾ സംബന്ധിച്ച് എംഎൽഎമാരായ എം വിജിനും കെ വി സുമേഷും പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മന്ത്രിയുടെ സാനിദ്ധ്യത്തിൽ യോഗവും ചേർന്നിരുന്നു. പാലങ്ങളുടെ തകരാർ സംബന്ധിച്ച റിപ്പോർട്ട്‌ ഉടൻ സർക്കാരിന് സമർപ്പിക്കും. പാലക്കാട്‌ ഐഐടി സംഘത്തിന്റെ പരിശോധനകൂടി നടത്തിയശേഷം ദീർഘകാല അടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കാനാകൂവെന്ന് ഉദ്യോഗസ്ഥ സംഘത്തിനൊപ്പമുണ്ടായിരുന്ന എംഎൽഎമാരായ കെ വിസുമേഷും എം വിജിനും പറഞ്ഞു. പാപ്പിനിശേരി പാലത്തിലെ കോൺക്രീറ്റ് ഇളകിയ ഭാഗങ്ങളും രണ്ട് സ്ലാബുകൾക്കിടയിൽ കോൺക്രീറ്റ് പൊട്ടി എക്സ്പാൻഷൻ ജോയിന്റുകളിൽ കമ്പിപുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗങ്ങളും വിശദമായി പരിശോധിച്ചു. പാലത്തിന്റെ അടിഭാഗത്തും പരിശോധന നടത്തി. പാലത്തിന്റെ അവസ്ഥയും ആശങ്കകൾ പ്രദേശവാസികളും വ്യാപാരികളും പങ്കുവച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്തരമായി ചെയ്യാവുന്ന നടപടികളായിരിക്കും ഉണ്ടാകുകയെന്ന് എംഎൽഎമാർ ജനങ്ങൾക്ക് ഉറപ്പുനൽകി. 2013ൽ വി കെ ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഭരണാനുമതി ലഭിച്ചത്. 2018 ൽ പ്രവൃത്തി പൂർത്തിയായി. പാലാരിവട്ടം പാലം പണിത ആർഡിഎസ് കമ്പനിക്കായിരുന്നു നിർമാണച്ചുമതല. നിർമാണത്തിലെ അശാസ്ത്രീയത ആദ്യ ഘട്ടത്തിൽതന്നെ വിദഗ്‌ധരുൾപ്പെടെ ചൂണ്ടിക്കാട്ടിയെങ്കിലും അവഗണിക്കുകയായിരുന്നു. ഗതാഗതം തുടങ്ങി മാസങ്ങൾക്കകം പാലത്തിലെ മേൽപ്പാളികൾ ഇളകിത്തുടങ്ങി. പൊതുമരാമത്ത് ചീഫ് എൻജിനിയർ ഐസക് വർഗീസ്, കെഎച്ച്ആർഐ ഡെപ്യൂട്ടി ഡയറക്ടർ സോണി, എക്സിക്യുട്ടീവ് എൻജിനിയർ എസ് ഷെമി, പിഡബ്ല്യുഡി എൻജിനിയർ കെ ജിഷ, എം സജിത്ത്, എ ഇ സച്ചിൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായി. കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ഷാജിർ, പാപ്പിനിശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ വി സുശീല, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി വി സജീവൻ, കെ മോഹനൻ, എ സുനിൽ കുമാർ, കെ വി രമേശൻ എന്നിവരും എംഎൽഎമാർക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home