മൂന്നുവയസ്സുകാരന്റെ യാത്രാനുഭവം പുസ്‌തകമാകുന്നു

സന്ദീപും കുടുംബവും കർദുങ് ലാ പാസിൽ
സുപ്രിയ സുധാകർ
Published on May 06, 2026, 02:00 AM | 1 min read
കണ്ണൂർ
പൊടിക്കാറ്റേറ്റ് ചെങ്കുത്തായ മലനിരകൾക്കിടയിലെ ഹെയർപിൻ വളവുകളിലൂടെ ലഡാക്കിലേക്ക് അച്ഛനും അമ്മയ്‌ക്കുമൊപ്പം മൂന്നുവയസ്സുകാരനായ ഏണസ്‌റ്റിന്റെ യാത്ര പുസ്‌തകമായെത്തുന്നു. വെളുത്ത മണൽക്കാടുകളിലൂടെ, ആവശ്യത്തിന് ഓക്‌സിജൻപോലുമില്ലാത്ത മലന്പാതയിലൂടെയുള്ള അതിസാഹസിക യാത്രയാണ് പുസ്‌തകമാകുന്നത്. മോട്ടോർ സൈക്കിൾ ടൂർ അസോസിയേഷൻ കേരളയിൽ അംഗമായ സന്ദീപ് കാവുന്പായി റോയൽ എൻഫീൽഡിൽ യാത്രപോകുന്നത് പതിവാണ്. കൂട്ടുമുഖം സർവീസ് സഹകരണബാങ്കിലെ ക്ലർക്കായ സന്ദീപ്, ഭാര്യ ലജിത ജനാർദനനും മകൻ ഏണസ്‌റ്റിനൊപ്പവും നിരവധി യാത്രകൾ പോയിട്ടുണ്ട്. ജനിച്ച് മൂന്നാം മാസംമുതൽ ഏണസ്‌റ്റും ചെറുയാത്രകളിൽ പങ്കാളിയായി. യാത്രകളെ പ്രണയിച്ച സന്ദീപ് മകന്റെ പേരിൽ സമൂഹമാധ്യമത്തിൽ ‘ഏണസ്‌റ്റ് ഡയറി’ എന്ന പേരിൽ പേജ് തുടങ്ങി. യാത്രകളെല്ലാം റീൽസായും വീഡിയോയായും പങ്കുവച്ചു. എല്ലാ യാത്രകളുടെയും ചെറുവിവരങ്ങളും പോയ സ്ഥലത്തിന്റെ പ്രത്യേകത, താണ്ടിയ കിലോമീറ്റർ എന്നിവയെല്ലാം സന്ദീപ് എഴുതി സൂക്ഷിച്ചിരുന്നു. ഏണസ്‌റ്റിന്റെ മൂന്നാം വയസ്സിലാണ് 20 ദിവസം നീണ്ട ലഡാക്ക് യാത്ര നടത്തിയത്. ബുള്ളറ്റിലെ യാത്ര, യാത്രാമധ്യേയുണ്ടായ ബുദ്ധിമുട്ടുകൾ, കാഴ്‌ചകൾ തുടങ്ങി യാത്രയിലെ എല്ലാ അനുഭവങ്ങളും കോർത്തിണക്കി രണ്ട് വർഷത്തിനിപ്പുറമാണ് യാത്രാവിവരണം പുറത്തിറങ്ങുന്നത്. ഡൽഹി, അമൃത്‌സർ, കശ്‌മീർ, ശ്രീനഗർ, ലേ ലഡാക്ക്, ഹണ്ടർ ന്യൂബ്രാ വാലി, പാൻങ്കോങ് തടാകം, ചൂസുൽ, ഹാൻലെ, മണാലി എന്നിവിടങ്ങളിലേക്കാണ് യാത്ര നടത്തിയത്. സന്ദീപും കുടുംബവും എറണാകുളത്തുനിന്നുള്ള അതുൽ, ജൈറസ് എന്നീ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യാത്രപോയത്. മഞ്ഞുവീഴ്‌ച, മണ്ണിടിച്ചിൽ, പൊടിക്കാറ്റ്, മഴ എന്നിവ പ്രതികൂലമായി മാറി. ടെന്റ്, ഹോംസ്‌റ്റേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ താമസിച്ചാണ് യാത്ര പൂർത്തിയാക്കിയത്. സമുദ്രനിരപ്പിൽനിന്ന് 5359മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കർദുങ് ലയും ഏണസ്‌റ്റ് താണ്ടി. കഴിഞ്ഞ വർഷം മൊഹാലിയിൽനിന്നും തുടങ്ങി മൊഹാലിയിൽ അവസാനിച്ച സന്ദീപിന്റെ യാത്ര ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടംപിടിച്ചു. ഏറ്റവും കൂടുതൽ ചുരങ്ങളും താഴ്‌വരകളും നദീതടങ്ങളും താണ്ടിയ ബുള്ളറ്റ് യാത്രയായിരുന്നു ഇത്. 4,300 കിലോമീറ്റർ താണ്ടിയ യാത്രയിൽ 20 അംഗങ്ങളുണ്ടായിരുന്നു. ഏണസ്‌റ്റിന്റെ അനുജൻ എട്ടുമാസം പ്രായമായ ഏംഗൽസിനുമൊപ്പം അടുത്ത യാത്രയ്‌ക്കുള്ള ഒരുക്കത്തിലാണ് സന്ദീപും ലജിതയും. ‘ഏണസ്‌റ്റ് ഡയറി’ വെള്ളിയാഴ്‌ച വൈകിട്ട് ആറിന് പി വി ഗോപിനാഥ് പ്രകാശിപ്പിക്കും. നാരായണൻ കാവുന്പായി ഏറ്റുവാങ്ങും.











0 comments