ad
Deshabhimani

സ‍ൗജന്യയാത്ര 
വെറും ഷോ ഓർഡിനറി ബസ്‌ നാമമാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ വി ശ്രുതി

Published on Jun 10, 2026, 02:27 AM | 2 min read

കണ്ണൂർ

കെഎസ്‌ആർടിസി ബസിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര വാഗ്‌ദാനം ചെയ്യുന്ന യുഡിഎഫിന്റെ ‘ഇന്ദിരാ ഗ്യാരന്റി’ കണ്ണൂരിലെ നിരത്തുകളിലെത്തുന്പോൾ കണ്ണിൽ പൊടിയിടലാകും. നൂറുകണക്കിന്‌ സ്‌ത്രീയാത്രികർ ദിവസവും ആശ്രയിക്കുന്ന പല ഗ്രാമീണ റൂട്ടുകളിലും കെഎസ്‌ആർടിസി സർവീസുകൾ നാമമാത്രമാണ്‌. ഉള്ളവതന്നെ സമയനിഷ്‌ഠയില്ലാതെ ഒന്നോ രണ്ടോ സർവീസുകളിൽ ഒതുങ്ങുന്നു. കണ്ണൂർ, തളിപ്പറന്പ്‌, പയ്യന്നൂർ, തലശേരി, മട്ടന്നൂർ, ഇരിട്ടി തുടങ്ങി ട‍ൗണുകൾ കേന്ദ്രീകരിച്ചാണ്‌ ഭൂരിഭാഗം കെഎസ്‌ആർടിസി സർവീസുകളും. ഇവയിൽ മിക്കതും സ‍ൗജന്യംലഭിക്കാത്ത ദീർഘദൂര ബസുകളാണ്‌. സർവകലാശാല ക്യാന്പസുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജോലിസ്ഥലങ്ങൾ, പറശ്ശിനിക്കടവ്‌ ഉൾപ്പെടെയുള്ള തീർഥാടകകേന്ദ്രങ്ങൾ തുടങ്ങി യാത്രികർ ഏറെയുള്ള മിക്ക റൂട്ടുകളിലും കെഎസ്‌ആർടിസി ബസുകൾ പേരിനുമാത്രം. തളിപ്പറന്പ്‌ ഭാഗത്തുനിന്ന്‌ ധർമശാല – സർവകലാശാല – മാങ്ങാട്ടുപറന്പ്‌ ക്യാന്പസ്‌ വഴി ചെറുകുന്ന്‌ – പഴയങ്ങാടി ഭാഗത്തേക്ക്‌ ബസില്ല. മുള്ളൂൽ, ചുഴലി, ചെന്പന്തൊട്ടി, കൊയ്യം, വെള്ളാവ്‌, പനങ്ങാട്ടൂർ ഭാഗങ്ങളിലേക്കും ബസില്ല. പയ്യന്നൂരിൽനിന്ന്‌ രാമന്തളി, റെയിൽവേസ്‌റ്റേഷൻ, പിലാത്തറ, മാതമംഗലം, ഓലയന്പാടി, പഴയങ്ങാടി, മുട്ടം, വെങ്ങര ഭാഗങ്ങളിലേക്കും പാണപ്പുഴ ഏര്യം, പഴയങ്ങാടി – -നെരുവമ്പ്രം - – എഴോം –- കുപ്പം, പയ്യന്നൂർ –- കുഞ്ഞിമംഗലം –- വെങ്ങര – - മാടായിപ്പാറ –- പഴയങ്ങാടി റൂട്ടുകളിലും ഇരിട്ടിയിൽനിന്ന്‌ വാണിയപ്പാറ, മാട്ടറ, എടക്കാനം, പടിയൂർ, പഴശ്ശി ഡാം, സമീപപ്രദേശങ്ങളായ കർണാടകത്തിലെ കുടക്‌, ഉരുപ്പുംകുറ്റി, വിളമന പ്രദേശങ്ങളിലേക്കും സർവീസില്ല. കണ്ണൂർ –തളിപ്പറന്പ്‌ – പയ്യന്നൂർ ഭാഗത്തേക്കും ഓർഡിനറി ബസുകൾ ലഭ്യമല്ല. ഉളിക്കൽ, പയ്യാവൂർ ഭാഗത്ത്‌ പേരിനുമാത്രമാണ്‌ സർവീസ്‌. ശ്രീകണ്‌ഠപുരത്തുനിന്ന്‌ മലപ്പട്ടം, കൊയ്യം ഭാഗത്തേക്കും കണ്ണൂർ, കൂത്തുപറന്പ്‌, ചെണ്ടയാട്‌, ചെറുവാഞ്ചേരി, ശിവപുരം, പാനൂർ ഭാഗത്തേക്കും സർവീസുകളില്ല. മട്ടന്നൂരിൽനിന്നും കണ്ണൂരിൽനിന്നും ചാലോടേക്ക്‌ സർവീസുണ്ടെങ്കിലും ഇവിടെനിന്ന്‌ മയ്യിൽ ഭാഗത്തേക്കില്ല. പിണറായി ഭാഗത്തും ഓർഡിനറി ബസുകൾ അന്യമാണ്‌. താഴെചൊവ്വ – തോട്ടട വഴി തലശേരിയിലേക്കും സ‍ൗജന്യ യാത്രക്കുള്ള ബസില്ല.


ഓർഡിനറി സർവീസ്‌ 77 മാത്രം

​ജില്ലയിൽ ആകെ 134 ബസുകൾ സർവീസ്‌ നടത്തുന്നതായാണ്‌ കെഎസ്‌ആർടിസിയുടെ ഒ‍ൗദ്യോഗിക കണക്ക്‌. വിവിധ വിഭാഗങ്ങളിലായി 104 ഷെഡ്യൂളുകളാണ്‌ നിലവിലുള്ളത്‌. ഓർഡിനറി 77, ഫാസ്‌റ്റ്‌ പാസഞ്ചർ 22, സൂപ്പർഫാസ്‌റ്റ്‌ 11, സൂപ്പർ എക്‌സ്‌പ്രസ്‌ 7, സൂപ്പർ ഡീലക്‌സ്‌ 10, ജൻറം 7 എന്നിങ്ങനെയാണ്‌ ഷെഡ്യൂളുകൾ. പല സ്ഥലങ്ങൾ കണക്ടഡായിപ്പോകുന്ന സർവീസുകൾ ഒരു ഷെഡ്യൂളായാണ്‌ കണക്കാക്കുന്നത്‌. എന്നാൽ ഗ്രാമീണമേഖലയിൽ ഓർഡിനറി സർവീസ്‌ നടത്തുന്ന ബസുകൾ നഗരങ്ങളിലെത്തുന്പോൾ ലിമിറ്റഡ്‌ സ്‌റ്റോപ്പുകളായാണ്‌ സർവീസ്‌ നടത്തുന്നത്‌. ഇതിലൊന്നും സ്‌ത്രീകൾക്ക്‌ യാത്രാസ‍ൗജന്യം ലഭിക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home