ad
Deshabhimani

ജില്ലയിൽ കുട്ടികളുടെ പരിസ്ഥിതി സൗഹൃദ 
വസ്ത്ര നിർമാണത്തിന് 2.32 കോടിയുടെ പദ്ധതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Mar 08, 2026, 02:30 AM | 1 min read

കണ്ണൂർ

കുട്ടികളുടെ പരിസ്ഥിതി സൗഹൃദ വസ്ത്ര നിർമാണത്തിന് കണ്ണൂരിൽ 2.32 കോടിയുടെ പദ്ധതി. സംസ്ഥാന സർക്കാർ കെ ഡിസ്കിന്റെ ‘ഒരു ജില്ല ഒരു ആശയം' (ODOI) പദ്ധതിയുടെ ഭാഗമായി കാഞ്ഞിരോട് വീവേഴ്‌സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുക. കുട്ടികളുടെ വസ്ത്ര മേഖലയിലെ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്കുള്ള ഉയർന്ന ആവശ്യകത പരിഗണിച്ചാണ് പദ്ധതി തയ്യാറാക്കിയത്. പരമ്പരാഗത കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവയ്പാകുമിത്. ഉൽപ്പന്ന വൈവിധ്യവൽക്കരണവും പരിസ്ഥിതി സൗഹൃദ നിർമാണ രീതികളും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൂറ് ശതമാനം ഓർഗാനിക് കോട്ടണും പ്രകൃതിദത്ത വർണങ്ങളും ഉപയോഗിച്ച് കുട്ടികളുടെ വസ്ത്രങ്ങൾ നിർമിക്കുന്ന പുതിയ ഉൽപ്പന്ന നിരയാണ് ആരംഭിക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 75 ലക്ഷം രൂപ അനുവദിച്ചു. കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റിയിൽ നിലവിലുള്ള സൗകര്യങ്ങളും പരിചയസമ്പന്നരായ നെയ്ത്തുകാരുടെ കഴിവുകളും ഉപയോഗപ്പെടുത്തിയാണ് രാസവസ്തുക്കൾ ഇല്ലാത്ത, പരിസ്ഥിതി സൗഹൃദ വസ്ത്രങ്ങൾ നിർമിക്കുക. ഉൽപ്പന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുകയും നെയ്ത്തുകാരുടെ വരുമാനം ഉയർത്തുകയും ചെയ്യുന്നതോടൊപ്പം സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ബ്രാൻഡ് വികസനം, വിപണന തന്ത്രങ്ങൾ മെച്ചപ്പെടുത്തൽ, ഡിജിറ്റൽ മാർക്കറ്റിങ്‌ എന്നിവയിലൂടെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിപണികളിലേക്ക് കൂടുതൽ പ്രവേശനം ഉറപ്പാക്കാനും പദ്ധതി സഹായിക്കും. കുട്ടികളുടെ വസ്ത്ര നിർമാണത്തിനായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുക, ആവശ്യമായ യന്ത്രോപകരണങ്ങൾ വാങ്ങുക, ഉൽപ്പന്ന രൂപകൽപ്പന സാമ്പിളിങ് പ്രവർത്തനങ്ങൾ, ക്ലസ്റ്റർ അംഗങ്ങൾക്ക് പരിശീലനം തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. പരമ്പരാഗത നെയ്ത്ത് വൈദഗ്ധ്യവും സുസ്ഥിര ടെക്സ്റ്റൈൽ നവീകരണവും ഒരുമിപ്പിക്കുന്ന പദ്ധതി കണ്ണൂരിലെ കൈത്തറിക്ക് ആഗോള വിപണിയിൽ മികച്ച മത്സരക്ഷമത ഉറപ്പാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home