ad
Deshabhimani

കുഞ്ഞിമംഗലത്തിന്‌ പ്രിയപ്പെട്ടവൾ

ജില്ലാ പഞ്ചായത്ത് കുഞ്ഞിമംഗലം ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി പി വി ജയശ്രീ ടീച്ചർ മല്ലിയോട്ട് പാലോട്ടുകാവിലെ മല്ലിയോട്ടച്ഛൻ ഷിജു മല്ലിയോടനെ സന്ദർശിച്ചപ്പോൾ
avatar
ശ്രീകാന്ത്‌ പാണപ്പുഴ

Published on Nov 25, 2025, 03:00 AM | 1 min read

കുഞ്ഞിമംഗലം

പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത, സുപരിചിതയായ ജയശ്രീ ടീച്ചർ മണ്ഡലത്തിലെ ജനങ്ങൾക്ക്‌ അത്രമേൽ പ്രിയങ്കരിയാണ്‌. ജില്ലാ പഞ്ചായത്ത് കുഞ്ഞിമംഗലം ഡിവിഷനിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി വി ജയശ്രീ ടീച്ചർക്ക്‌ വോട്ടർമാരുടെ ഹൃദയത്തിലാണ്‌ സ്ഥാനം. കുഞ്ഞിമംഗലത്തെ ഗോപാൽ യുപി സ്കൂളിൽനിന്നാണ് സ്ഥാനാർഥിയുടെ തിങ്കളാഴ്ചത്തെ പ്രചാരണം ആരംഭിച്ചത്. സ്കൂളുകളിലെ അധ്യാപകരോട് സംസാരിച്ചും കുട്ടികളോട് കുശലം പറഞ്ഞും ടീച്ചർ അവരിലൊരാളായി. ശേഷം കുഞ്ഞിമംഗലം വെങ്കല പൈതൃകഗ്രാമത്തിലെത്തി. സംസ്ഥാനത്തെ ഏക വെങ്കല പൈതൃകഗ്രാമം അത്ഭുതങ്ങളുടെ കൂടാരമാണ് അന്നുമിന്നും. ഇവിടുത്തെ വെങ്കലശിൽപ്പികളെയും അവരുടെ നിർമിതികളുംകണ്ട് അഭിനന്ദിച്ചാണ് അവിടെനിന്ന്‌ യാത്രയായത്. തുടർന്ന് തെക്കുമ്പാട് ഖാദി സെന്ററിലെ തൊഴിലാളികളുടെ കൂടെ അൽപ്പനേരം ചെലവഴിച്ചു. മല്ലിയോട്ടെത്തി മല്ലിയോട്ട് പാലോട്ടുകാവിലെ മല്ലിയോട്ടച്ഛൻ ഷിജു മല്ലിയോടനെ കണ്ടു. കുഞ്ഞിമംഗലത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. തെക്കുമ്പാട്ട്‌ തൊഴിലിൽ ഏർപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികളോട്‌ സംസാരിച്ചശേഷം അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് സി വി ദാമോദരന്റെ വീട്ടിലെത്തി. ഉച്ച ഭക്ഷണത്തിനുശേഷം പ്രശസ്ത ശിൽപ്പി ചിത്രൻ കുഞ്ഞിമംഗലത്തെയും കുടുംബത്തെയും കണ്ടു. കണ്ടംകുളങ്ങരയുമെത്തി വോട്ടർമാരെ കണ്ടു. കുടിരമ്പൽ പ്രദേശത്തെ കിടപ്പിലായ രോഗികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും പ്രമുഖ വ്യക്തികളെയും സന്ദർശിച്ച്‌ വൈകിട്ട്‌ അഞ്ചോടെ പര്യടനം അവസാനിപ്പിച്ചു. സ്ഥാനാർഥി എത്തിയ ഇടങ്ങളിലെല്ലാം കാണാനും സെൽഫിയെടുക്കാനുമുള്ള തിരക്കിലായിരുന്നു വോട്ടർമാർ. എന്നും ഇടതുപക്ഷത്തോടൊപ്പംനിന്ന കുഞ്ഞിമംഗലത്തിന്റെ നേർക്കാഴ്‌ചയായിരുന്നു പര്യടനവഴിയിലെ വോട്ടർമാരുടെ സ്‌നേഹപ്രകടനം. പിലാത്തറ, ചെറുതാഴം ഡിവിഷനും, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ കുഞ്ഞിമംഗലം, രാമന്തളി, കുന്നരു ഡിവിഷനുകളുമാണ് കുഞ്ഞിമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്നത്. കുഞ്ഞിമംഗലം 12-ാം വാർഡ് (കുതിരുമ്മൽ) സ്ഥാനാർഥി കെ ഷീബ, 13-ാം വാർഡ് (കണ്ടംകുളങ്ങര) സ്ഥാനാർഥി പി വിജയലക്ഷ്മി ടീച്ചർ, എൽഡിഎഫ് നേതാക്കളായ കെ വി ഭാസ്കരൻ, വി ശങ്കരൻ, എം വി ശകുന്തള, ഇ സന്ദീപ്, സി ചന്ദ്രിക, എ ഉണ്ണികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home