അഖിൽ വിസിലൂതുന്നു; ജോലിക്കും മെഡലിനും

അജയകുമാർ പെരിങ്ങോം
Published on Aug 14, 2025, 03:00 AM | 1 min read
കാങ്കോൽ
തോരാത്ത മഴയിലും അതിരാവിലെ കാങ്കോൽ ശിവക്ഷേത്ര മൈതാനിയിൽ നീണ്ട വിസിലടി മുഴങ്ങും. വിവിധ യൂണിഫോം സേനകളിലെ ഉദ്യോഗാർഥികളെയും കായികതാരങ്ങളെയും വാർത്തെടുക്കുന്ന തിരക്കിലാണ് മാത്തിൽ സ്വദേശി അഖിൽ ദാസ്. കാങ്കോലിന്റെ കായിക ഭൂപടത്തിലെ നിർണായക സാന്നിധ്യവുമാണ് ഫാസ്റ്റ് അക്കാദമി പരിശീലകനായ അഖിൽ. പണമോ പാരിതോഷികങ്ങളോ വാങ്ങാതെ സൗജന്യമായാണ് ഇദ്ദേഹം കായിക പരിശീലനം നൽകുന്നത്. വിദൂര സ്ഥലങ്ങളിൽനിന്നുപോലും പരിശീലനത്തിന് ആളുകൾ ഇവിടെ വരുന്നുണ്ട്. ദിവസവും പുലർച്ചെ 5.45ന് മൈതാനിയിലെത്തും. 8.15ന് പരിശീലനം അവസാനിപ്പിക്കും. വിവിധ യൂണിഫോം സേനകളിൽ എഴുത്ത് പരീക്ഷകൾ പാസായി കായികക്ഷമത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ മുതൽ അന്തർ ദേശീയ കായിക താരങ്ങൾവരെ ഇക്കൂട്ടത്തിലുണ്ട്. ഒളിമ്പ്യൻ വിസ്മയ, ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻ ആദിത്യമോൾ, ദേശീയ ബാഡ്മിന്റൺ താരം താനിയ, സംസ്ഥാന തൈക്ക്വാൻഡോ ചാമ്പ്യൻ സി കെ സിദ്ധാർഥൻ, പെന്റാതെലോൺ ദേശീയതാരം അഭിനവ്, ദേശീയ മത്സരത്തിൽ പങ്കെടുത്ത റിഷിക ജഗദീഷ്, തീർഥമോൾ, അമൃത പ്രദീപ് എന്നിവർ അഖിലിന്റെ ശിഷ്യരിൽ ചിലർ മാത്രം. ഈ പരിശീലനക്കളരിയിൽനിന്ന് വിവിധ സേനാ വിഭാഗങ്ങളിൽ ജോലി നേടിയവരും നിരവധിയാണ്. ഗുരുവായ കരുണാകരൻ മാസ്റ്ററുടെ പൂർണ പിന്തുണയും സഹായവും തനിക്ക് ലഭിക്കുന്നതായി അഖിൽ പറഞ്ഞു. വൈകിട്ട് സ്കൂൾ കുട്ടികൾക്കും പരിശീലനം നൽകും. സിപിഐ എം പെരിങ്ങോം ഏരിയാ സെക്രട്ടറി പി ശശിധരന്റെയും പങ്കജാക്ഷിയുടെയും മകനാണ് അഖിൽദാസ്. ഭാര്യ: ശിൽപ്പ (ചെറുപുഴ).









0 comments