കർഷകസംഘം ജില്ലാ സമ്മേളനത്തിന് നാളെ പതാക ഉയരും

കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായിയിൽ നടന്ന വിളംബര ഘോഷയാത്ര
കണ്ണൂർ
കർഷകസംഘം ജില്ലാ സമ്മേളനത്തിന് ബുധനാഴ്‌ച പിണറായിയിൽ പതാക ഉയരും. പിണറായി കൺവൻഷൻ സെന്ററിലെ ഒ വി നാരായണൻ– കെ പി സദു മാസ്‌റ്റർ നഗറിൽ വ്യാഴാഴ്‌ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനസമ്മേളനത്തിൽ ജില്ലയിലെ മികച്ച 18 കർഷകരെ ആദരിക്കും. വെള്ളി വൈകിട്ട് നാലിന് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. അഞ്ഞൂറ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കടുക്കും. ഇ പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്‌ണൻ നഗറിലേക്കുള്ള കൊടിമര, ദീപശിഖ, പതാക ജാഥകളുടെ പര്യടനം ബുധനാഴ്‌ചയാണ്. കൊടിമരം കാവുന്പായി രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ ട്രഷറർ എം സി പവിത്രന്റെ നേതൃത്വത്തിൽ എത്തിക്കും. ഓൾ ഇന്ത്യ കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നും ജില്ലാ പ്രസിഡന്റ് പി ഗോവിന്ദന്റെ നേതൃത്വത്തിൽ എത്തിക്കും. എം പ്രകാശൻ ഉദ്‌ഘാടനം ചെയ്യും. ദീപശിഖ തില്ലങ്കേരി രക്തസാക്ഷി മണ്ഡപത്തിൽ എൻ ആർ സക്കീനയുടെ നേതൃത്വത്തിൽ എത്തിക്കും. കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്യും. പതാക– കൊടിമര– ദീപശിഖാജാഥകൾ വൈകിട്ട് അഞ്ചിന് ഡോക്ടർമുക്കിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിൽ എത്തും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി ഗാേവിന്ദൻ, സെക്രട്ടറി എം പ്രകാശൻ, ട്രഷറർ എം സി പവിത്രൻ, സംഘാടക സമിതി ഭാരവാഹികളായ കെ ശശിധരൻ, എം മോഹനൻ, ടി സുധീർ എന്നിവർ പങ്കെടുത്തു.








0 comments