കുളിരേകും കാഴ്‌ചകൾ

പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടം
ശ്രീകാന്ത് പാണപ്പുഴ
Published on Jul 17, 2026, 02:00 AM | 1 min read
പാണപ്പുഴ
പാണപ്പുഴയിലെ പറവൂരിലെ കാരക്കുണ്ട് വെള്ളച്ചാട്ടം വർഷങ്ങളായി മനോഹാരിത കൊണ്ട് സഞ്ചാരികളുടെ മനം കവർന്നതാണ്. മഴക്കാലമായാൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാൽ, കാരക്കുണ്ട് വെള്ളച്ചാട്ടം കൂടാതെ അധികമാർക്കും അറിയാത്ത മനോഹരമായ മറ്റൊരു വെള്ളച്ചാട്ടം കൂടി പറവൂരിലുണ്ട് അതാണ് ‘മോന്തിക്കുന്ന്' വെള്ളച്ചാട്ടം. ഇരു വെള്ളച്ചാട്ടങ്ങളും തമ്മിൽ മൂന്ന് കിലോ മീറ്ററിന്റെ അകലം മാത്രം. കാരക്കുണ്ട് വെള്ളച്ചാട്ടം പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ചുരുക്കം ചില വർഷം കൊണ്ട് വിനോദസഞ്ചാരികളെ അത്രയേറെ ആകർഷിച്ച കണ്ണൂരിലെ അപൂർവം മഴക്കാല വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പറവൂർ കാരക്കുണ്ട്. ഇടവപ്പാതി തുടങ്ങിയാൽ ഇവിടെ സഞ്ചാരികൾ ഒഴിഞ്ഞ നേരമില്ല. റീൽസ് എടുക്കാനും കല്യാണ ഷൂട്ടിനും എത്തുന്നവരും ഏറെ. കുടുംബത്തോടൊപ്പം എത്തുന്നവർ വേറെയും. മറ്റ് വെള്ളചാട്ടങ്ങളെ അപേക്ഷിച്ച് ഇവിടെ അപകട സാധ്യത വളരെ കുറവാണെന്ന് സഞ്ചരികളും സാക്ഷ്യപ്പെടുത്തുന്നു. മഴക്കാല വെള്ളച്ചാട്ടം ആയതിനാൽ ഒഴുകിയെത്തുന്നത് ചെറു കൈതോടുകളിലേക്ക് ആണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് പോലും ഇവിടെ നീന്തിതുടിക്കാം. മോന്തിക്കുന്ന് വെള്ളച്ചാട്ടം പറവൂർ സൊസൈറ്റി സ്റ്റോപ്പിൽനിന്ന് പാലുവള്ളി റൂട്ടിലേക്ക് പോകുന്ന വഴിയാണ് ഈ വെള്ളച്ചാട്ടം. റോഡിൽനിന്ന് വിട്ട് മാറി കുറച്ച് നടക്കാനുണ്ട് ഇവിടേക്ക്. പ്രകൃതി രമണീയമായ കാഴ്ചകളാണ് നടവഴികൾക്കിരുവശവും സഞ്ചാരികളെ കാത്തിരിക്കുന്നത്. സ്ഥലത്തെത്തിയാലോ, കരിമ്പാറക്കൂട്ടത്തിന് നടുവിൽ വെള്ളിനൂൽ കണക്കൊരു വെള്ളച്ചാട്ടം. അടുക്കുമ്പോൾ തന്നെ വെള്ളത്തുള്ളികൾ ശരീരവും മനസും നനച്ചു തുടങ്ങും. ഇതിന്റെ താഴെ ഭാഗത്തുള്ള കൈത്തോടുകളും ഏറെഭംഗിയുള്ളതാണ്. മഴക്കാല ടൂറിസത്തിന് അടുത്തിടത്തായി ഇത്രയും നല്ല രണ്ട് സ്പോട്ടുകൾ വേറെയില്ല എന്ന് നിസംശയം പറയാം. പ്രകൃതിയോട് ഏറെ ചേർന്ന് നിൽക്കുന്നതും കണ്ണിനഴകുനിറഞ്ഞതുമായ ഇവിടം സ്വർഗമാണ്.










0 comments