ഏഴോം ഫ്ലാറ്റ് സമുച്ചയം താക്കോൽ കൈമാറി
സ്വപ് നക്കൂട്ടിൽ ഇനി ഹാപ്പി ലെെഫ് ജില്ലാപഞ്ചായത്തിന്റെ കരുതലിൽ 24 കുടുംബങ്ങൾ

ഏഴോം പഞ്ചായത്തിലെ കണ്ണോംചാലായിൽ ജില്ലാ പഞ്ചായത്ത് 24 പട്ടികജാതി കുടുംബങ്ങൾക്കായി നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ മന്ത്രി എം ബി രാജേഷ് കൈമാറുന്നു

സ്വന്തം ലേഖകൻ
Published on Oct 25, 2025, 02:30 AM | 2 min read
ഏഴോം
ഏഴോം പഞ്ചായത്തിലെ കണ്ണോം ചാലായിൽ 24 പട്ടികജാതി കുടുംബങ്ങൾക്കായി ജില്ലാ പഞ്ചായത്ത് നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് കൈമാറി. ജില്ലാ പഞ്ചായത്തിന്റെയും പട്ടികജാതി വകുപ്പിന്റെയും സമാനതകളില്ലാത്ത പദ്ധതിയാണ് ഏഴോം ഭവനസമുച്ചയമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ ഇതുവരെ 4,64,304 വീടുകളുടെ പണി പൂർത്തിയായി. 1,33,595 വീടുകളുടെ പണി പൂർത്തിയായി വരുന്നു. ഭൂമിയുടെ ലഭ്യതക്കുറവ് മൂലം 29 ഇടങ്ങളിൽ ഫ്ലാറ്റ് സമുച്ഛയങ്ങളുടെ പണി നടന്നുവരുന്നു. സംസ്ഥാനസർക്കാർ ലൈഫ് പദ്ധതിക്കായി 19,000 കോടി രൂപയാണ് ചെലവാക്കിയത് എന്നും മന്ത്രി പറഞ്ഞു. എം വിജിൻ എംഎൽഎ അധ്യക്ഷനായി. 24 കുടുംബങ്ങൾക്കുള്ള താക്കോൽ മന്ത്രി കൈമാറി. നിർവഹണ ചുമതല നിർവഹിച്ചവർ, പ്രൊജക്ട് എൻജിനിയർ എന്നിവരെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലുകോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 24 പട്ടികജാതി കുടുംബങ്ങൾക്കാണ് ഭവന സമുച്ഛയത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഏഴോം പഞ്ചായത്തിൽ കണ്ണോം ചാലായി പട്ടികജാതി വികസന വകുപ്പിന്റെ സ്ഥലത്താണ് ഭവന സമുച്ഛയം നിർമിച്ചിരിക്കുന്നത്. ഒരു കെട്ടിടത്തിൽ നാല് കുടുംബങ്ങൾക്ക് താമസിക്കാവുന്ന ആറ് ഇരുനില കെട്ടിടങ്ങളാണ് നിർമിച്ചത്. ഒരു ഫ്ലാറ്റിൽ സെൻട്രൽ ഹാൾ, അടുക്കള, രണ്ട് കിടപ്പുമുറി, അറ്റാച്ചഡ് ബാത്റൂം, കുടിവെള്ളം, വൈദ്യുതി കണക്ഷൻ എന്നീ സൗകര്യങ്ങളാണുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ എന്നിവർ മുഖ്യാതിഥികളായി. പട്ടികജാതി വികസന ഓഫീസർ കെ മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, ടി സരള, യു പി ശോഭ, എൻ വി ശ്രീജിനി, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസൻ ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ സഹീദ് കായിക്കാരൻ, എ വി സുശീല, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല, രാഷ്ട്രീയ പാർടി പ്രതിനിധികളായ കെ ചന്ദ്രൻ, വി പരാഗൻ, എ പി ജയശീലൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.










0 comments