ad
Deshabhimani

പഠിച്ചുതെളിയാൻ 
യുവതയുടെ നിശാപാഠശാല

ഡിവൈഎഫ്‌ഐ ചെറുവാഞ്ചേരി വെസ്‌റ്റ്‌  മേഖലാ കമ്മിറ്റിയുടെ നിശാപാഠശാലയിൽനിന്ന്
avatar
ഷാജിത്ത് കെ ആമ്പിലാട്

Published on Feb 21, 2026, 02:15 AM | 1 min read

കൂത്തുപറമ്പ്

കാര്യാട്ടുപുറം ശ്രീനാരായണ മഠത്തിന്‌ സമീപം കെട്ടിയുയർത്തിയ താൽക്കാലിക പന്തലിൽ രാവുപകലാക്കി നൂറോളം പത്താംക്ലാസുകാർ പഠിക്കുന്നുണ്ട്‌. എസ്‌എസ്‌എൽസി പരീക്ഷയെന്ന കടന്പയിൽ തിളക്കമാർന്ന വിജയം നേടാൻ കടുപ്പമുള്ള വിഷയങ്ങളുടെ കുരുക്കഴിക്കുകയാണ്‌ നിശാപാഠശാല. ഡിവൈഎഫ്‌ഐ ചെറുവാഞ്ചേരി മേഖലാ കമ്മിറ്റി പരീക്ഷാക്കാലത്ത്‌ സംഘടിപ്പിക്കുന്ന പാഠശാല പലമട്ടിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക്‌ പുതുവഴി കാട്ടുന്നുണ്ട്‌. മരിച്ചവീട്ടിലും നാലാൾ കൂടുന്നിടത്തും സമരങ്ങളിലും സന്നദ്ധ പ്രവർത്തനത്തിലും യുവജനങ്ങളെ കാണാനേയില്ലെന്ന കവിതയ്‌ക്ക്‌ ഞങ്ങളിവിടുണ്ടെന്ന്‌ ഉറക്കെയുറക്കെ തിരുത്തെഴുതുന്നുണ്ട്‌ നിശാപാഠശാല. ഒന്പത്‌ വർഷമായി ഇ‍ൗ നിശാപാഠശാലയുണ്ട്‌. 2017ലെ സായഹ്നത്തിൽ ചേർന്ന സജു കാരായി സെക്രട്ടറിയായ കമ്മിറ്റിയുടെ യോഗത്തിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു പാഠശാല. ജനുവരി മുതൽ മാർച്ച് വരെയായിരുന്നു പാഠശാല പ്രവർത്തനം. വിമർശനങ്ങളും എതിർപ്പുകളും ഉണ്ടായെങ്കിലും നിശാപാഠശാല പത്താം ക്ലാസുകാരിൽ ആത്മവിശ്വാസം നിറച്ചു. കടുപ്പമുള്ള വിഷയങ്ങളെ കൂട്ടായ പഠിത്തത്തിലൂടെ കൂടെ നിർത്തി. ക്ലാസെടുക്കാൻ മികച്ച അധ്യാപകരെ കണ്ടെത്തി പാഠശാലയിൽ എത്തിച്ചു. സ്വന്തം കീശയിലെ കാശുമുടക്കി എത്തിയ അധ്യാപകർ പഠനം നയിച്ചു. ഗണിതം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരിശീലനം. ആദ്യ ബാച്ചിലെ 30 കുട്ടികളിൽനിന്ന്‌ നൂറിലേക്ക്‌ എത്തിനിൽക്കുന്നു പഠിതാക്കൾ. പരീക്ഷാനാളുകളിലെ ടെൻഷനില്ലാതെ രസിച്ചുപഠിക്കാൻ ഒരുമിച്ചുള്ള പഠിത്തം സഹായിക്കുന്നുവെന്ന്‌ വിദ്യാർഥികൾ പറയുന്നു. മികച്ച അധ്യാപനവും സംഘാടകമികവും പാഠശാലയെ വ്യത്യസ്തമാക്കുന്നു. കൂത്തുപറമ്പ്, കതിരൂർ, പാട്യം ഉൾപ്പെടെ ദൂരെയുള്ള പ്രദേശങ്ങളിൽനിന്നുപോലും വിദ്യാർഥികളെത്തുന്നു. രാത്രി ഏഴുമുതൽ ഒന്പതുവരെയാണ് പഠനസമയം. നിശാപാഠശാലയുടെ പഠിതാക്കൾക്കെല്ലാം മികച്ച വിജയമായിരുന്നു. മേഖലാകമ്മിറ്റിക്ക്‌ ക‍‍ീഴിലെ 16 യൂണിറ്റുകളുടെയും ക്ലബ്ബുകളുടയും വായനശാലകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ലഘു ഭക്ഷണവും ഒരുക്കുന്നു. 15 അധ്യാപകർ നിശാപാഠശാലയിലുണ്ട്‌. ഒന്പത്‌ വർഷം മുമ്പ് ഇവിടെ പഠിച്ചിറങ്ങിയ വിദ്യാർഥിനി ചീരാറ്റയിലെ കെ ഷഹലയും ഇ‍ൗ വർഷത്തെ അധ്യാപകരിലുണ്ട്‌. ടി ഷാരീഷ് സെക്രട്ടറിയും കെ രമ്യ പ്രസിഡന്റുമായ കമ്മിറ്റിയാണ്‌ ഇപ്പോഴത്തെ നേതൃത്വം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home