സെൻസില്ലാത്ത സെൻസസ്

കണ്ണൂർ ദേശീയ സെൻസസ് ഡ്യൂട്ടിക്കായി അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ സ്കൂളുകളിൽ അധ്യയന പ്രതിസന്ധി. ജില്ലയിലെ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളിലും പകുതിയിലേറെ അധ്യാപകർ സെൻസസ് പ്രവർത്തനങ്ങളിലായതിനാൽ ജൂലൈ മാസം മുഴുവൻ അധ്യയനം താറുമാറാകും. സെൻസസ് ജോലി നിർവഹിച്ച ദിവസങ്ങൾക്ക് പകരമായി ഒക്ടോബർ 31 വരെയുള്ള തിയ്യതികളിൽ പകരം ഓഫ് എടുക്കാം. അധ്യാപകർ കൂട്ടത്തോടെ ഓഫിന് അപേക്ഷിക്കുമെന്നതിനാൽ സെൻസസ് തീർന്നാലും സ്കൂൾ പ്രവർത്തനം സാധാരണ നിലയിലാവാൻ മാസങ്ങളെടുക്കും. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ 16,119 അധ്യാപകരുണ്ട്. ഇതിൽ താൽക്കാലികക്കാരെയും അംഗീകാരം ലഭിക്കാത്തവരെയും മാറ്റി നിർത്തിയാൽ ഇത് 14,000ൽ താഴെയാകും. 5000ത്തോളം പേർക്കാണ് സെൻസസ് ചുമതല. പുഴാതി ജിയുപി പോലെ മുഴുവൻ അധ്യാപകർക്കും സെൻസസ് ഡ്യൂട്ടിയുള്ള അപൂർവം സ്കൂളുകളുമുണ്ട്. പകുതിയിലധികം വിദ്യാലയങ്ങളിൽ ഭൂരിഭാഗം പേരും സെൻസസിലാണ്. 19 അധ്യാപകരുള്ള കാട്ടാന്പള്ളി ഗവ. മാപ്പിള യുപി സ്കൂളിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ മൂന്നുപേരെ മാത്രമാണ് സെൻസസിൽനിന്ന് മാറ്റിനിർത്തിയത്. ജൂലൈ ഒന്നുമുതൽ 30 വരെയാണ് സെൻസസിനായി അധ്യാപകർ വീടുകൾ തോറും എത്തേണ്ടത്. ഇൗ ദിവസങ്ങളിൽ സ്കൂൾ പ്രവർത്തനം കാര്യമായി നടക്കാനിടയില്ല. രാവിലെ മുതൽ ഉച്ചവരെയോ ഉച്ച മുതൽ വൈകിട്ടുവരെയോ മാത്രമേ സെൻസസ് പ്രവർത്തനങ്ങൾക്കായി പുറത്തുപോകാവൂ എന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ മുഴുവൻ പേരും ഫീൽഡ് വിസിറ്റ് നടത്തി വീടുകൾക്ക് നന്പറിട്ട് ഫോം സബ്മിറ്റ് ചെയ്യുന്ന പ്രവൃത്തി പൂർത്തിയാക്കണമെന്ന് സെൻസസ് ഡയറക്ടർ മറ്റൊരു ഉത്തരവുമിറക്കി. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മമൂലം അധ്യാപകർ വട്ടം ചുറ്റുകയാണ്. നേരത്തെ അതീതീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് അധ്യാപകരെ നിയോഗിച്ചപ്പോൾ അധ്യയനം തടസപ്പെടാതിരിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ പകരം നിയമനത്തിന് അനുമതിയുണ്ടായിരുന്നു. സെൻസസിൽ ഇത്തരം ക്രമീകരണങ്ങളൊന്നുമില്ല. കെഎസ്ടിഎ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ ഇതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയെങ്കിലും അനുകൂലമായ തീരുമാനം കൈക്കൊണ്ടിട്ടില്ല.
അധ്യാപകർക്ക് തിരക്കോട് തിരക്ക്
കണ്ണൂർ സെൻസസ് തിരക്കുകൾക്കിടയിൽ ഐടി, ഹയർസെക്കൻഡറി അധ്യാപകരുടെ പരിശീലനവും. കൈറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശീലനത്തിൽ സ്കൂളിൽനിന്ന് രണ്ടുപേർ വീതം പങ്കെടുക്കണം. ഹയർസെക്കൻഡറി അധ്യാപകരുടെ പരിശീലനവും ആരംഭിക്കാനിരിക്കുന്നു. പ്ലസ് വൺ അഡ്മിഷൻ ഡ്യൂട്ടി ഉൾപ്പെടെയുള്ള തിരക്കുകളുമുണ്ട്. തിങ്കളാഴ്ച പ്ലസ് വൺ ക്ലാസുകൾ കൂടി തുടങ്ങുന്നതോടെ സെൻസസ് പ്രവൃത്തി സൃഷ്ടിച്ച പ്രതിസന്ധി ഒന്നുകൂടി കടുക്കും. ആഗസ്ത് 13 മുതൽ ഓണപ്പരീക്ഷ ആരംഭിക്കുകയാണ്. നിശ്ചിത പാഠഭാഗങ്ങൾ ഇതിനുമുന്പായി തീർക്കുക പ്രായോഗികമല്ല. 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സെൻസസിന്റെ അടുത്ത ഘട്ടം. അതിനാൽ ഇൗ അധ്യയന വർഷം മുഴുവൻ പ്രതിസന്ധി നീളും. മഴ കനത്തുപെയ്ത ബുധനാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നതിനാൽ സെൻസസിന്റെ ആദ്യദിനം സ്കൂൾ പ്രവർത്തനത്തെ ബാധിച്ചിരുന്നില്ല. സ്കൂൾ പ്രവൃത്തി ദിനമല്ലാതിരുന്നിട്ടും പലർക്കും സെൻസസ് ഫോറങ്ങൾ അടങ്ങിയ കിറ്റ് ലഭിക്കാത്തതിനാൽ ഒന്നാംദിനം കാര്യമായ സെൻസസ് പ്രവർത്തനം നടന്നുമില്ല.









0 comments