നാട്ടിടങ്ങളിൽ സ്നേഹതരംഗമായി

എൻ കെ സുജിലേഷ്
Published on Apr 05, 2026, 02:30 AM | 2 min read
കണ്ണൂർ
വിജയത്തുടർച്ചയുടെ പ്രഖ്യാപനം തീർത്ത് നവകേരളത്തിന്റെ അമരക്കാരന് നാട്ടിടങ്ങളുടെ സ്നേഹവായ്പ്. ചുവപ്പുകോട്ടയായ ധർമടത്തിന് കൂടുതൽ തിളക്കമേറ്റി ജനനായകന്റെ പര്യടനം. സ്വീകരണങ്ങളോരോന്നും പൊതുയോഗങ്ങളാക്കിയാണ് ധർമടം പിണറായിയുടെ വിജയക്കുതിപ്പിന് കരുത്തേകുന്നത്. വെയിൽച്ചൂടിനെ വെല്ലുന്ന ആവശത്തോടെ പ്രായം മറന്നും എത്തുന്ന ജനങ്ങൾ. പ്രതിസന്ധികൾ പെരുമഴ പോലെ പെയ്തപ്പോഴെല്ലാം ചേർത്തു പിടിച്ച കരുത്തിനെ ഹൃദയത്തോട് ചേർക്കുന്ന കാഴ്ചയായിരുന്നു എങ്ങും. രാവിലെ മുഴപ്പിലങ്ങാട് കുളം ബസാറിൽനിന്ന് തുടങ്ങി 12 കേന്ദ്രങ്ങൾ പിന്നിട്ട് മുഴപ്പാലയിൽ എത്തുമ്പോഴും സ്വീകരണ കേന്ദ്രങ്ങളോരോന്നും ആവേശത്തിന്റെ തിരമാലകൾ തീർത്തു. വയോധികർ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ.... നാടാകെ ഒഴുകിയെത്തുമ്പോൾ ധർമടത്തെ വിജയം റെക്കോഡ് കടക്കുമെന്നുറപ്പ്. ആവേശത്തോടെയെത്തുന്ന കുട്ടികൾ പുതിയ കാലത്തിന്റെ മാറ്റം വെളിപ്പെടുത്തുന്നതായി. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിച്ചവർക്കുമുന്നിൽ കേരള ബദലിന്റെ നേട്ടങ്ങളെക്കുറിച്ചും അത് തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പിണറായി വിജയന്റെ ചുരുങ്ങിയ വാക്കുകളിലുള്ള വിശദീകരണം. മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുന്നവരെയും നുണപ്രചാരണം നടത്തുന്ന യുഡിഎഫിനെയും കരുതിയിരിക്കണമെന്ന സന്ദേശം. കേരളത്തിന് അർഹമായത് പോലും നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ കൊടുംചതികളെ തിരിച്ചറിയണമെന്ന ആഹ്വാനം. അതിനെതിരെ അരയക്ഷരം എതിർത്തു പറയാത്ത കോൺഗ്രസിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടൽ. കഴിഞ്ഞ പത്തു വർഷത്തെ കേരളത്തെ അടയാളപ്പടുത്തി പിണറായി വോട്ടഭ്യർഥിക്കുമ്പോൾ നിറഞ്ഞ സ്‌നേഹത്തോടെ കൈയടി. കേരളം ആർജിച്ച നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കാൻ അനുവഭിക്കില്ലെന്ന ഉറച്ച ബോധ്യമായിരുന്നു ഉയർന്ന കൈയടികൾ. മുഴപ്പിലങ്ങാട് കുളംബസാർ, കൂറുമ്പക്കാവ് പരിസരം, ആഡൂർ പാലം, പൊതുവാച്ചേരി, ചെറുമാവിലായി, കടമ്പൂർ വയൽ, ഉദയ കലാസമിതി, കോയ്യോട് മൊയാരം, ഇരിവേരി, കീരിയോട് പി ഭാസ്കരൻ മന്ദിരം, കാവിന്മൂല, മുഴപ്പാല എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി ശശി, ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി എം സുരേഷ് ബാബു, ജോസ് ചെമ്പേരി, നടൻ ജയകൃഷ്ണൻ, സിപിഐ എം ഏരിയാ സെക്രട്ടറിമാരായ കെ ശശിധരൻ, എം കെ മുരളി, കെ ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ സി എൻ ചന്ദ്രൻ, ടി പ്രകാശൻ, ടി കെ എ ഖാദർ, കെ ശിവദാസൻ, കെ സി ജയപ്രകാശ്, പി പി അബ്ദുൽ നാസർ, ഡി മുനീർ തുടങ്ങിയവർ പങ്കെടുത്തു.










0 comments