നാടാകെ ചുവപ്പ് വസന്തം

തളിപ്പറന്പ് മണ്ഡലം എൽഡിഎഫ് പൊതുപര്യടനം ഉദ്‌ഘാടനംചെയ്‌തശേഷം പി സന്തോഷ് കുമാർ എംപിയും സ്ഥാനാർഥി പി കെ ശ്യാമളടീച്ചറും വാണിയങ്കരയിൽ വോട്ടർമാർക്കിടയിൽ
തളിപ്പറമ്പ്
തിളച്ചുമറിയുന്ന മീനച്ചൂടിലും പൊള്ളാതെ നാടും നഗരവും ശ്യാമളടീച്ചറെ കാത്തിരുന്നു. നല്ല നാളെയെക്കുറിച്ചുള്ള ചിന്തകൾ അവർക്ക് തണലായി. എത്തുന്നിടത്തെല്ലാം ടീച്ചറെ കാത്തിരുന്നത് പ്രതീക്ഷയുടെ നിറപുഞ്ചിരികൾ. പൊതുപര്യടനത്തിന്റെ ആദ്യദിവസമായ ബുധനാഴ്‌ച ബക്കളം പുന്നക്കുളങ്ങര വായനശാലക്കുമുന്നിൽ ചുവന്ന കുടകളുമായി സ്ത്രീകളും കുട്ടികളുമടങ്ങിയ ജനാവലി തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചറെ കാത്തുനിന്നു. ടീച്ചർ വണ്ടിയിൽനിന്നിറങ്ങുന്പോഴേക്കും കത്തിപ്പടർന്ന വെടിക്കോപ്പുകളുടെ ശബ്ദത്തിനുമേലേക്ക് മുദ്രാവാക്യം വിളികളുയർന്നു. ഒരുകുട കൊന്നപ്പൂക്കളുമായി വർണപ്പൂക്കുടകളും മുത്തുക്കുടകളുമേന്തി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ വൻ ജനാവലി ടീച്ചറെ വരവേറ്റു. പൂക്കുടയേന്തിയ കുരുന്നുകൾക്കൊപ്പം ടീച്ചർ ഫോട്ടോയെടുത്തു. ആ സ്‌നേഹവായ്‌പ് ഹൃദയത്തിലേറ്റുവാങ്ങി ചുരുങ്ങിയ വാക്കുകളിൽ രാഷ്ട്രീയവും വികസനവും പറഞ്ഞു. പേരെടുത്തുവിളിക്കാവുന്ന അടുപ്പമുള്ളവരാണ് ഇവിടെ തനിക്ക് ചുറ്റിലുമുള്ളതെന്നും നിങ്ങളാണെന്റെ കരുത്തെന്നും പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടി. പകൽ മൂന്നിന് ആരംഭിച്ച പര്യടനത്തിന്റെ സ്വീകരണകേന്ദ്രങ്ങളിലെല്ലാം നിറഞ്ഞുനിന്നത് എൽഡിഎഫിനെ സ്‌നേഹിക്കുന്ന, ജനപക്ഷത്തുനിൽക്കുന്ന ഇൗ സർക്കാർ തുടർഭരണവുമായി മൂന്നാമതും വരണമെന്ന ഉറച്ച ആഗ്രഹവുമായെത്തിയവരായിരുന്നു. വാണിയങ്കരയിൽ പി സന്തോഷ് കുമാർ എംപി പര്യടനം ഉദ്‌ഘാടനംചെയ്‌തു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെന്നത് ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ പേരാണെന്നും ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പൊട്ടിവീണതല്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും മനുഷ്യാന്തസും ഉയർത്തിപ്പിടിക്കുന്നതരത്തിൽ കേരളത്തെ മാറ്റിയെടുത്തത് ഇടതുപക്ഷമാണെന്ന് നാടിനറിയാം. അതുകൊണ്ടുതന്നെ ഇൗ തെരഞ്ഞെടുപ്പിലും നാം ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കൂളിച്ചാൽ, ഞാത്തിൽ, അയ്യങ്കോൽ, തളിയിൽ, കൊവ്വൽ, കുറ്റിയിൽ വായനശാല, കണിച്ചേരി കിസാൻ വായനശാല, ഓരിച്ചാൽ, നണിച്ചേരി രക്തസാക്ഷി വായനശാല, മുയ്യം സെൻട്രൽ, വരഡൂൽ എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങളേറ്റുവാങ്ങി വടക്കാഞ്ചേരിയിൽ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ നേതാക്കളായ കെ സന്തോഷ്, സി എം കൃഷ്‌ണൻ, ഷിബിൻ കാനായി, കെ വി ഗോപിനാഥ്, ടി വി നാരായണൻ, ടി ജെ ജയിംസ്, കെ സാജൻ, അനിൽ പുതിയ വീട്ടിൽ, മീത്തൽ കരുണാകരൻ, മുജീബ്‌റഹ്‌മാൻ, ഉത്തമൻ വേലിക്കാത്ത്, സി കെ ഷോന, ടി പി അഖില എന്നിവർ സംസാരിച്ചു. രാവിലെ മോറാഴ കോളേജ്, പട്ടുവം അപ്ലൈഡ് സയൻസ് കോളേജ്, കൂവോട് ആശുപത്രി– എഫ്‌എച്ച്‌സി, ഏഴാംമൈൽ ഗാർമെന്റ്‌സ്, സഹകരണ ആശുപത്രി, നഴ്‌സിങ് സ്‌കൂൾ, നഴ്‌സിങ് കോളേജ് എന്നിവിടങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു.










0 comments