Deshabhimani

ജനകീയ കൂട്ടായ്മയുടെ വിജയഗാഥ

2021 ലെ സംസ്ഥാന ജൈവ വൈവിധ്യ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്  കാങ്കോൽ–ആലപ്പടമ്പ്‌ പഞ്ചായത്ത്‌ സാരഥികൾ ഏറ്റുവാങ്ങുന്നു (ഫയൽചിത്രം)
avatar
അജയകുമാർ പെരിങ്ങോം

Published on Oct 22, 2025, 03:00 AM | 2 min read

മാത്തിൽ ചെങ്കൽകുന്നും വിശാലമായ പാടങ്ങളുംചേർന്ന് കാസർകോട്‌ ജില്ലയുമായി അതിർത്തി പങ്കിടുന്ന കാങ്കോൽ– ആലപ്പടമ്പ് പഞ്ചായത്ത് അംഗീകാരങ്ങളുടെ നിറവിലാണിപ്പോൾ. മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച പഞ്ചായത്തിന്‌ രണ്ടായിരത്തിൽ സ്വരാജ് ട്രോഫിയും കിട്ടി. 2021-ൽ ജൈവ വൈവിധ്യ പ്രവർത്തനങ്ങൾക്ക് സംസ്ഥാന പുരസ്‌കാരം, 2022 ൽ മഹാത്മ പുരസ്കാരം, 2024 ൽ കായകൽപയും എൻഎബിഎച്ച് അംഗീകാരവും കുടുംബശ്രീ ഓക്സിലറി സംരംഭത്തിന് ഒന്നാംസ്ഥാനം, മികച്ച കുടുംബശ്രീക്കുള്ള രജതശ്രീ... എന്നിങ്ങനെ അംഗീകാരങ്ങളുടെ മികവ്‌ തുടരുകയാണ്‌. നൂറുശതമാനം പദ്ധതി നിർവഹണത്തിലൂടെയും നികുതി പിരിവിലൂടെയും അസാധ്യമെന്ന് കരുതിയ പല വികസന പദ്ധതികളും ജനകീയ പങ്കാളിത്തത്തോടെ പൂർത്തിയാക്കാനായെന്ന്‌ പഞ്ചായത്ത്‌ സാരഥികൾ ചൂണ്ടിക്കാട്ടുന്നു. ​​ഹരിതതീർഥം ​പഞ്ചായത്തിലെ പ്രധാന ടൂറിസം സ്പോട്ടായ ഹരിതീർഥകര വെള്ളച്ചാട്ടത്തെ ജനകീയ കൂട്ടായ്മകളിലൂടെ യാഥാർഥ്യമാക്കുകയാണ്‌ പഞ്ചായത്ത്‌. പദ്ധതിക്ക്‌ മൂന്ന് സ്വകാര്യ വ്യക്തികൾ ചേർന്ന് 42 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകി. ടൂറിസം വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതി റിപ്പോർട്ട്‌ തയ്യാറാക്കി. ശുചിമുറി കോംപ്ലക്സിന്റെ നിർമാണം ആദ്യഘട്ടം ആരംഭിച്ചിട്ടുണ്ട്‌. ​മനസ്സോടിത്തിരി മണ്ണ് കേരള സർക്കാരിന്റെ മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഭാഗമായി വിവിധ വാർഡുകളിലായി 1.35 ഏക്കർ സ്ഥലം നേടിയെടുത്തു. പൊതു ശ്മശാന നിർമാണം, ലൈഫ് ഭവന പദ്ധതി, ടൂറിസം, ശുചിമുറി നിർമാണം എന്നിവക്ക്‌ ഇ‍ൗ സ്ഥലം വിനിയോഗിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട 165 പേർക്കും വീട് നൽകി. 83 വീടുകൾ നവീകരിച്ചു. മികച്ച പഞ്ചായത്ത്‌ ഓഡിറ്റോറിയമുള്ള ഇവിടെ, പാർക്കിങ്ങിനായി സ്ഥലം കണ്ടെത്തി. ​​ഹരിത കർമസേന ​നൂറു ശതമാനം യൂസേഴ്സ് ഫീ, സ്വന്തമായ വാഹനം, എല്ലാ വാർഡുകളിലും എംസിഎഫ്, മിനി എംസിഎഫ്, ബോട്ടിൽ ബൂത്ത് എന്നിവ പഞ്ചായത്ത്‌ സജ്ജീകരിച്ചു. ജൈവ, അജൈവ മാലിന്യ സംസ്‌കരണത്തിനും മികച്ച മാതൃകകൾ തയ്യാറാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ എസ്ടി കുടുംബങ്ങൾക്കും തൊഴിൽ കാർഡ് നൽകി. പദ്ധതിയിൽ 14.5 കിലോമീറ്റർ ദൂരം റോഡ് കോൺക്രീറ്റ്ചെയ്‌തു. നാലര കിലോമീറ്റർ സോളിങ്ങും ചെയ്‌തു. മൂന്ന് പാലവും 438 പേർക്ക് വ്യക്തിഗത ആസ്തിയും തൊഴിലുറപ്പിൽ നിർമിച്ചു. പഞ്ചായത്തിലെ 100 ഏക്കർ കാവുകൾ ജനകീയ കൂട്ടായ്‌മയിൽ സംരക്ഷിക്കുന്നുണ്ട്‌. ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയും നാട്ടറിവ് എഴുത്തുശാലകൾ സംഘടിപ്പിച്ചും പ്രകൃതി സംരക്ഷണ പ്രവർത്തനത്തിലും പഞ്ചായത്ത്‌ ഇടപെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home