ഞങ്ങളെല്ലാം ജയിച്ചേ.....!

കണ്ണൂർ ആകാംക്ഷയോടെ ചോദ്യത്തെ കാത്തിരിക്കുകയായിരുന്നു പെരളശ്ശേരി എ കെ ജി എസ്ജിഎച്ച്എസ്എസിലെ അഞ്ച് സിയിലെ അലൻ. യുപി വിഭാഗം ക്വിസ് മാസ്റ്ററായ ഷമീർ മാഷ് ചോദ്യത്തിന്റെ രീതികൾ പറയുന്പോഴും മുന്നിൽ തുറന്നുവച്ച പുസ്തകത്തിൽ ചോദ്യനന്പറിട്ട് കാത്തിരിക്കുകയാണ് അവൻ. എല്ലാവരും റെഡിയല്ലേ എന്ന് മാഷ് ചോദിച്ചതും അവൻ ഒന്നുകൂടി ഉഷാറായി. ആദ്യ ചോദ്യമെത്തി... ഇക്കഴിഞ്ഞ ആഗസ്ത് 31ന് ഒരു ലോകകപ്പ് ഫുട്ബാൾ താരം അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചല്ലോ ആരാണത് എന്നായിരുന്നു ആദ്യ ചോദ്യം. മാഷിന്റെ ചോദ്യം തീരും മുന്പേ ‘ലയണൽ മെസി’ എന്ന് ഉത്തരമെഴുതി തീർത്തിരുന്നു. സമയം അവസാനിച്ചപ്പോൾ ശരിയുത്തരം മെസി, ആരൊക്കെ എഴുതി എന്ന് മാഷ് ചോദിച്ചപ്പോഴേക്കും അലൻ ചാടിയെണിറ്റു. നോക്കുന്പോഴെന്താ സ്വന്തം ക്ലാസിലെ ഇതളുൾപ്പെടെ എല്ലാവരുമുണ്ട്. ആദ്യ ചോദ്യത്തിന് ഉത്തരം നൽകാനായതിന്റെ സന്തോഷം എല്ലാവർക്കും. രണ്ടാമത്തെ ചോദ്യം കണക്കായിരുന്നു... പിന്നെ അങ്ങനെ ശാസ്ത്രവും ഭാഷയും ചരിത്രവും രാഷ്ട്രീയവും കായികവും ജീവശാസ്ത്രവും അങ്ങനെ എല്ലാ വിഷയങ്ങളിലും പുതിയ അറിവുകൾ പകർന്ന് മത്സരം അവസാനിച്ചപ്പോൾ കുട്ടികൾക്കെല്ലാം സന്തോഷം. എൽപി വിഭാഗത്തിലും ആവേശകരമായിരുന്നു മത്സരം. ദേശീയഗാനമായ ജനഗണമന രചിച്ചതാര് എന്ന ലളിതമായ ചോദ്യത്തിൽ തുടങ്ങി ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയാര് എന്ന അവസാന ചോദ്യത്തിലെത്തുന്പോൾ ചിരിച്ചും ചിന്തിച്ചും ഒട്ടൊന്ന് കൺഫ്യൂഷനടിച്ചും അറിവിന്റെ പുതിയ ആകാശങ്ങളിലൂടെ ഒരു വിനോദയാത്ര നടത്തിയതിന്റെ ത്രില്ലിൽ അവർ ക്ലാസുകളിലേക്ക് മടങ്ങി. പ്രസംഗമത്സരത്തിലാകട്ടെ ‘സമൂഹമാധ്യമങ്ങൾ: സാധ്യതകളും പരിമിതികളും’ വിഷയത്തിൽ ഹയർസക്കൻഡറി വിദ്യാർഥികൾ പ്രതീക്ഷകളെയാകെ മറികടന്ന് പുതിയ ലോകത്തിന്റെ കാഴ്ച വാങ്മയചിത്രങ്ങളായി അവതരിപ്പിച്ചു. ‘വായന നമ്മെ നവീകരിക്കുന്നു’ വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർഥികളും പുതിയ കാലത്തെ വായനയെ അവതരിപ്പിച്ചു.









0 comments