ഈ നാട്ടുനന്മയ്ക്ക് പൂമണം

ചാല
പൂക്കളുടെ സൗരഭ്യവും സുഗന്ധവുമുണ്ട് ചാലയിലെയും പരിസര പ്രദേശത്തുകാരുടെയും നാട്ടുനന്മയ്‌ക്ക്. വൃക്ക രോഗത്താൽ വലയുന്ന പനോന്നേരിയിലെ ശ്രീദേവ്ന മോളുടെ ജീവന് തുണയാവാനാണ് ഓണനാളുകളിൽ അവർ ഒത്തൊരുമിച്ചത്. ഓണത്തോടനുബന്ധിച്ച് ‘ചാല ചങ്ക്‌സ് കൂട്ടായ്മ’ പൂക്കച്ചവടത്തിലൂടെ സ്വരൂപിക്കുന്ന തുക ചികിത്സാധനസഹായമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഉത്രാടം, തിരുവോണം നാളുകളിലായി ചാലയിലും പരിസരത്തും നടത്തിയ പൂക്കച്ചവടത്തിലൂടെ അവർ സ്വരൂപിച്ചത് 16.32 ലക്ഷം രൂപയാണ്. തമിഴ്നാട്ടിൽനിന്നും പ്രാദേശികമായും സ്വരൂപിച്ച പൂക്കൾ വിറ്റ് കിട്ടിയ തുകയാണിത്. ലഭിച്ച 16,32,014 രൂപ ശ്രീദേവ്‌നയുടെ കുടുംബത്തിന് എടക്കാട് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് കെ വി ബിജു കൈമാറി. ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് വി പി ഷൈജ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ബിന്ദു, ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മോഹനൻ, എം വി നികേഷ്, ജയറാം പൊതുവാച്ചേരി, സുബൈർ, എം കെ മുബഷീർ, ഉമേഷ് ചാല, എ കെ മുത്തലിബ് എന്നിവർ സംസാരിച്ചു.










0 comments