ad
Deshabhimani

പച്ച പുതച്ച്‌, തണൽ വിരിച്ച്‌ ഹാപ്പിനസ്‌ സ്‌ട്രീറ്റ്‌

തലശേരി എംജി റോഡിലെ നടപ്പാത

തലശേരി എംജി റോഡിലെ നടപ്പാത

avatar
ബബിഷ ബാബു ​

Published on Apr 12, 2026, 02:16 AM | 1 min read


തലശേരി

നഗരഹൃദയത്തിൽ തിരക്കുകൾക്കിടയിലും പഴയ ബസ്‌സ്‌റ്റാൻഡ്‌ എംജി റോഡ്‌ സ‍ൗഹൃദത്തിന്റെയും പങ്കുവയ്‌ക്കലിന്റെയും മനോഹര ഇടമായി മാറുകയാണ്‌. നവീകരിച്ച റോഡിനൊപ്പം സ‍ൗന്ദര്യവൽക്കരിച്ച നടപ്പാതയിൽ രാവും പകലും വ്യത്യാസമില്ലാതെ ആളുകൾ ഒത്തുചേരുന്നു. പൈതൃക നഗരത്തിന്റെ പെരുമ വിളിച്ചോതുന്ന എംജി റോഡ്‌ പുതിയ കാലത്തിന്റെ ‘ഹാപ്പിനസ്‌ സ്‌ട്രീറ്റാ’യി അടയാളപ്പെടുത്തുന്നു. തണൽവിരിച്ച നടപ്പാതയിലെ സ്ഥാപിച്ച ഇരിപ്പിടങ്ങൾ കനത്തചൂടിൽ യാത്രക്കാരും വിദ്യാർഥികളും ഒരുപോലെ ആശ്രയമാക്കുന്നു. വർണാഭമായ ചുവർചിത്രങ്ങളും പ്ലാന്റർ ബോക്സുകളും ഫുട്പാത്തിലെ ടൈലുകളും ആകർഷകമാണ്‌. പൈതൃക വൃക്ഷമായി പ്രഖ്യാപിച്ച ആഫ്രിക്കൻ ബാ ഓ ബാബ് മരവും ഇവിടെയുണ്ട്‌. നഗരസഭയുടെ നേതൃത്വത്തിൽ വിപുല നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഇ‍ൗ നടപ്പാതയെ ജനങ്ങൾ നെഞ്ചേറ്റി. വൈകിട്ട് അലങ്കാര വിളക്കുകൾ തെളിയുന്നതോടെ നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. കടകളിൽനിന്നുള്ള തണുത്ത പാനീയങ്ങളും തലശേരിയുടെ രുചിവൈവിധ്യങ്ങളും തേടിയും നിരവധിപേരെത്തുന്നു. മാലിന്യനിർമാർജനത്തിനുള്ള കൃത്യമായ സംവിധാനങ്ങളും മികച്ച വെളിച്ചവും ഉറപ്പാക്കിയതോടെ രാത്രികാലങ്ങളിലും കുടുംബങ്ങൾ സുരക്ഷിതമായി ഇവിടെഒത്തുചേരുന്നു. നാലുകോടി രൂപ ചെലവഴിച്ച് നഗരസഭാ ഓഫീസുമുതൽ ജനറൽ ആശുപത്രിവരെ കോൺക്രീറ്റുചെയ്ത് നവീകരിച്ച റോഡിന് 90 ലക്ഷം രൂപയുടെ സൗന്ദര്യവൽക്കരണ പ്രവൃത്തികളാണ് നടത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നവീകരണം പൂർത്തിയാക്കിയത്. തലശേരിയുടെ പുതിയ മുഖമായി മാറിയ ഈ ഹാപ്പിനസ് സ്ട്രീറ്റ്, നഗരവികസനത്തിന്റെ മികച്ച മാതൃകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home