പതിനായിരം പ്രാദേശിക തൊഴിലവസരം ഒരുക്കും

കണ്ണൂർ
വിജ്ഞാന കേരളം മെഗാ ജോബ് ഫെയറിനോടനുബന്ധിച്ച് ജില്ലയിലെ തൊഴിൽദാതാക്കളുമായി സംവദിച്ച് വിജ്ഞാനകേരളം സംസ്ഥാന അഡ്വൈസർ ഡോ. ടി എം തോമസ് ഐസക്. പ്രാദേശികമായി തൊഴിൽ നൽകാൻ കഴിയുന്ന ജില്ലയിലെ 400 സംരംഭകരുടെ വിവരം ശേഖരിക്കുകയാണ്. ഇതുവഴി പതിനായിരം പ്രാദേശിക തൊഴിലവസങ്ങൾ കണ്ടെത്താനാകും. താൽപര്യമുള്ളവരെ കുടുംബശ്രീ സിഡിഎസുകൾ വഴി ജൂൺ ആറിനകം കണ്ടെത്തും. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്, ബിസിനസ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ എന്നീ തൊഴിൽ ദാതാക്കളുമായി ചർച്ച നടത്തി. 10,000 പ്രാദേശിക ജോലികൾ ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ ചർച്ചചെയ്തു. തൊഴിൽ രഹിതർക്ക് അവരുടെ വിദ്യാഭ്യാസത്തിനും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിലുകൾ പ്രത്യേക പരിശീലനം നൽകി ഉറപ്പാക്കുകയാണ് വിജ്ഞാനകേരളം വഴി ലക്ഷ്യമിടുന്നത്. എല്ലാ ആഴ്ചകളിലും ഓരോ വിഭാഗത്തിൽപ്പെട്ട തൊഴിൽ അന്വേഷകർക്കും തലശേരി എൻജിനിയറിങ് കോളേജിൽ വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കും. ജൂൺ 24ന് ബിരുദധാരികൾക്ക് തൊഴിൽമേള. ഇത് എല്ലാ ശനിയാഴ്ചകളിലും തുടരും. ജില്ലാതല മെഗാ ജോബ് ഫെയർ, എല്ലാ ആഴ്ചകളിലും സംഘടിപ്പിക്കുന്ന വെർച്വൽ ജോബ് ഫെയർ, പ്രാദേശിക ജോബ് ഫെയർ എന്നിവ വഴി 20,000 പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. യോഗത്തിൽ കെ വി സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓഡിനേറ്റർ എം സുർജിത്ത്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാർ, എൻഎംസിസി സെക്രട്ടറി പി അനിൽകുമാർ, വിനോദ് നാരായണൻ, ഡയറക്ടറേറ്റ് അംഗങ്ങളായ കെ അനീഷ്, വി കെ ദിവാകരൻ, അജിത്ത് നമ്പ്യാർ, കെ കെ പ്രദീപ്, ബിജിത്ത് രാംദാസ് എന്നിവർ പങ്കെടുത്തു.










0 comments