ad
Deshabhimani

പേരാവൂരിൽ 
തരംഗമായി നവ്യ സുരേഷ്‌

ജില്ലാ പഞ്ചായത്ത്​ എൽഡിഎഫ്​ സ്ഥാനാർഥി നവ്യ സുരേഷ്​ പ്രചാരണത്തിനിടെ
avatar
മട്ടന്നൂർ സുരേന്ദ്രൻ

Published on Nov 24, 2025, 03:00 AM | 2 min read

പേരാവൂർ മാലൂർ പഞ്ചായത്തിലെ ആറാം വാർഡായ കുരുമ്പോളിയിലെ എൽഡിഎഫ്​ സ്ഥാനാർഥി കെ വിജിത്തിന്റെ തെരഞ്ഞെടുപ്പ്​ പ്രചാരണാർഥം ഞായറാഴ്ച പുതിയേടത്ത്​ അശോകന്റെ വീട്ടിൽ നടത്തിയ കുടുംബസംഗമത്തിലേക്ക്​ ജില്ലാ പഞ്ചായത്ത്​ പേരാവൂർ ഡിവിഷനി​ലെ എൽഡിഎഫ്​ സ്ഥാനാർഥി നവ്യ സുരേഷ്​​​ കടന്നുവന്നപ്പോൾ അവിടെയുണ്ടായിരുന്നവർ ഏറെ വാത്സല്യത്തോടെയാണ്​ വരവേറ്റത്​. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌​ വി വസീഫായിരുന്നു ഉദ്​ഘാടകൻ. സംസ്ഥാന സെക്രട്ടറി വി കെ സനോജും അവിടെയുണ്ടായിരുന്നു. ഉദ്​ഘാടകനുശേഷം സംസാരിച്ച നവ്യ സുരേഷിന്റെ വാക്കുകളിൽ തികഞ്ഞ പക്വത. പാർടി ഏൽപ്പിച്ച ഉത്തരവാദിത്വത്തെക്കുറിച്ചും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന– ക്ഷേമ പ്രവർത്തനങ്ങൾക്കും ശക്തി പകരാൻ പ്രാദേശിക സർക്കാർ എന്ന നിലയിൽ എൽഡിഎഫ്‌ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടതിന്റെ അനിവാര്യതയും ചുരുങ്ങിയ വാക്കുകളിൽ സദസ്സിനെ ഓർമപ്പെടുത്തൽ. എരട്ടേങ്ങലിൽ എത്തിയപ്പോൾ സമീപത്തായി നടക്കുന്ന കാളാങ്കണ്ടി കുടുംബ സംഗമത്തിന്റെ സംഘാടകർക്ക്​ ഒരാഗ്രഹം. സ്ഥാനാർഥി സംഗമത്തിലെത്തി രണ്ടുവാക്ക്​ സംസാരിക്കണമെന്ന്​. അവരുടെ ആഗഹം മാലൂർ പഞ്ചായത്ത്​ പ്രസിഡന്റ്‌ ​വി ഹൈമവതി അറിയിച്ചതോടെ നേരെ അങ്ങോട്ടേക്ക്​. എല്ലാ എൽഡിഎഫ്​ സ്ഥാനാർഥികൾക്കും വോട്ടഭ്യർഥിച്ച്​ അടുത്ത കേന്ദ്രമായ ശിവപുരം മുക്കിലേക്ക്​. മാലൂർ പഞ്ചായത്തിലെ താറ്റ്യാടുനിന്നായിരുന്നു ഞായറാഴ്ച പര്യടനത്തിന്​ തുടക്കം. അവിടെനിന്ന്​ തോലമ്പ്ര ശാസ്ത്രി നഗറി​ലേക്ക്​. അവിടെ കാറാട്ട്​ ബാലന്റെയും തൃക്കടാരിപൊയിൽ മുണ്ടയോട്​ എത്തിയപ്പോൾ രക്തസാക്ഷി കട്ടൻ രാജുവിന്റെയും സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി. തൃക്കടാരിപ്പൊയിലിൽനിന്ന്​ മാലൂർ സിറ്റിയിലേക്ക്​ വരുന്നതിനിടയിലാണ്​ അരയാലിൻകീഴിലെ കോമത്ത്​ രാജു (മഠയച്ചൻ) മരിച്ചതറിഞ്ഞത്​. നേരെ അങ്ങോട്ടെത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു. വോട്ടുതേടിയെത്തുന്ന സ്ഥാനാർഥിയെ ഏറെ വാത്സല്യത്തോടെയാണ്​ ജനങ്ങൾ വരവേൽക്കുന്നത്​. തോലമ്പ്ര യുപി സ്കൂൾ, മാലൂർ സിറ്റി, മാലൂർ നഗർ, ശിവപുരംമുക്ക്​, കുരുമ്പോളി കല്ലടി, പുഴാരി പനമ്പറ്റ എന്നിവിടങ്ങളിലെത്തിയ സ്ഥാനാർഥിക്ക്​ ഹൃദ്യമായ സ്വീകരണമാണ്​ നൽകിയത്​. തെരഞ്ഞെടുപ്പ്​ പ്രചാരണം ഓരോദിവസം പിന്നിടുമ്പോഴും സ്വന്തം നാട്ടുകാരിയുടെ വിജയം ഉറപ്പിക്കുകയാണ്​ പേരാവൂരിലെ ജനങ്ങൾ. കീഴ്​പ്പള്ളി, വെളിമാനം, പാലപ്പുഴ, കാക്കയങ്ങാട്, മുഴക്കുന്ന്​, തില്ലങ്കേരി, ആലയാട്, ​പേരാവൂർ, മാലൂർ ബ്ലോക്ക്​ ഡിവിഷനുകൾ ഉൾപ്പെട്ടതാണ്​ ജില്ലാ പഞ്ചായത്ത്​ പേരാവൂർ ഡിവിഷൻ. മാലൂർ പഞ്ചായത്ത്​ ആറാം വാർഡ്​ സ്ഥാനാർഥി കെ വിജിത്ത്​, അഞ്ചാം വാർഡ്​ സ്ഥാനാർഥി കെ സുരേഷ്​ ബാബു മാസ്റ്റർ, പേരാവൂർ ബ്ലോക്ക്​ മാലൂർ ഡിവിഷൻ സ്ഥാനാർഥി ഒ പ്രസാദ്​, സിപിഐ എം മാലൂർ ലോക്കൽ സെക്രട്ടറി എ പുഷ്പരാജൻ, സിപിഐ ലോക്കൽ സെക്രട്ടറി പാറാലി അജയകുമാർ എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home