ജനങ്ങൾ ദുരിതത്തിൽ
മണ്ണെടുപ്പിൽ തകർന്ന റോഡ് ആര് നിർമിക്കും

തളിപ്പറമ്പ്
ചിറവക്ക് തന്പുരാൻ നഗർ റോഡിൽ സ്വകാര്യവ്യക്തി അനിയന്ത്രിതമായി മണ്ണെടുത്തതിനെത്തുടർന്ന് തകർന്ന ഭാഗം പുനർനിർമിക്കാൻ ആക്ഷൻ കമ്മിറ്റി നൽകിയ സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. പ്രവൃത്തി നഗരസഭ ഏറ്റെടുത്ത് നടത്തുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ തീരുമാനിക്കുമെന്നറിയിച്ചതിനാൽ സമരം നിർത്തിവച്ചതായി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നഗരസഭ കഴിഞ്ഞ ഒരുമാസത്തിലധികമായി ചിറവക്ക് തമ്പുരാൻ നഗർ റോഡ് അടച്ചിട്ടതിനാൽ നൂറുകണക്കിനാളുകൾ വലയുകയാണ്. മുഹമ്മദ് ഇർഷാദ് കൊമ്മച്ചി, കെ പി ഹാഷിർ എന്നിവർ മണ്ണെടുത്തതിനെതുടർന്നാണ് റോഡ് തകർന്നത്. മണ്ണിടിച്ചിലിൽ തകർന്ന റോഡിന്റെ ഒരുഭാഗം പുനർനിർമിക്കാനും റീട്ടെയ്നിങ് വാൾകെട്ടി സംരക്ഷിക്കാനും ഒരാഴ്ചമുന്പ് എംഎൽഎ വിളിച്ചുചേർത്ത യോഗം തിരുമാനിച്ചിരുന്നു. വാൾ നിർമാണം ഭൂമി ഉടമകൾ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിലും, ചെലവിലും പൂർത്തീകരിക്കാൻ നിർദേശിച്ചിരുന്നു. യോഗത്തിൽ സ്ഥലമുടമകൾ പങ്കെടുക്കാത്തത് വിമർശനത്തിനിടയാക്കി. നിർമാണ പ്രവൃത്തിയിൽനിന്ന് സ്ഥല ഉടമകൾ പിൻമാറിയതിനാൽ അവർക്കെതിരെ സിവിൽ - ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കാനും പ്രവൃത്തി നഗരസഭതന്നെ പൂർത്തികരിക്കുന്നതുനുമുള്ള തീരുമാനങ്ങൾ കൗൺസിൽ യോഗത്തിൽ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലമുടമ മണ്ണെടുത്ത സ്ഥലത്ത് കെട്ടിട നിർമാണത്തിന് പെർമിറ്റ് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തി തുടർനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗം തീരുമാനിക്കും. ജനങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാരം ഉൾപ്പെടെയുള്ള സമരപരിപാടികൾ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരുന്നു.









0 comments